25 April Thursday
ഇന്ത്യൻ ഗുസ്തി ഫെഡറേഷനെ വിലക്കുമെന്ന് താക്കീത്

‘നീതി ഉറപ്പാക്കൂ’ ; ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി ഐഒസിയും ലോക ഗുസ്തി സംഘടനയും

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023


ന്യൂഡൽഹി
ഗുസ്‌തി താരങ്ങളോടുള്ള നീതി നിഷേധത്തിലും പൊലീസ്‌ കൈയേറ്റത്തിലും രൂക്ഷ വിമർശവുമായി രാജ്യാന്തര ഒളിമ്പിക്‌ സമിതിയും (ഐഒസി) ലോക ഗുസ്‌തി സംഘടനയായ യുണൈറ്റഡ്‌ വേൾഡ്‌ റെസ്‌ലിങ്ങും (യുഡബ്ല്യുഡബ്ല്യു). താരങ്ങൾക്കെതിരായ അതിക്രമങ്ങളെ യുഡബ്ല്യുഡബ്ല്യ അപലപിച്ചു. കൃത്യമായി തെരഞ്ഞെടുപ്പ്‌ നടത്തിയില്ലെങ്കിൽ ഇന്ത്യൻ ഗുസ്‌തി ഫെഡറേഷനെ വിലക്കുമെന്ന്‌ സംഘടന മുന്നറിയിപ്പ്‌ നൽകി. സ്വതന്ത്ര അന്വേഷണം നടത്തണമെന്നായിരുന്നു ഐഒസിയുടെ പ്രതികരണം.

ലൈംഗിക ആരോപണം നേരിടുന്ന  ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷൺ സിങ്ങിനെതിരെ  രാജ്യത്തെ പ്രധാന ഗുസ്‌തി താരങ്ങൾ ഉൾപ്പെടെ സമരത്തിലാണ്‌. കഴിഞ്ഞദിവസം മെഡലുകൾ ഗംഗാ നദിയിലൊഴുക്കാൻ സാക്ഷി മാലിക്കും വിനേഷ്‌ ഫോഗട്ടും ബജ്‌രങ്‌ പുണിയയും ഉൾപ്പെടെയുള്ള താരങ്ങൾ രംഗത്തെത്തുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ്‌ യുഡബ്ല്യുഡബ്ല്യുയും ഐഒസിയും പിന്തുണയുമായി എത്തിയത്‌.

ബ്രിജ്‌ഭൂഷണിനെതിരെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി നടപടിയെടുക്കണമെന്ന്‌ ഐഒസി ആവശ്യപ്പെട്ടു. രാജ്യത്തെ നിയമം അനുസരിച്ചും പക്ഷപാതരഹിതവുമായി അന്വേഷിക്കണമെന്നും ഐഒസി വ്യക്തമാക്കി. താരങ്ങളുടെ പരാതിയിൽ നിഷ്‌പക്ഷ അന്വേഷണം നടത്തണമെന്ന്‌ യുഡബ്ല്യുഡബ്ല്യുവും ആവശ്യപ്പെട്ടു. നാൽപ്പത്തഞ്ച്‌ ദിവസത്തിനുള്ളിൽ ഭാരവാഹി തെരഞ്ഞെടുപ്പ്‌ നടന്നില്ലെങ്കിൽ ഇന്ത്യൻ ഗുസ്‌തി ഫെഡറേഷനെ വിലക്കുമെന്നും താക്കീത്‌ ചെയ്‌തു. തെരഞ്ഞെടുപ്പുസംബന്ധിച്ച്‌ ഇന്ത്യൻ ഒളിമ്പിക്‌സ്‌ അസോസിയേഷനിൽനിന്നും അഡ്‌ഹോക്ക്‌ കമ്മിറ്റിയിൽനിന്നും റിപ്പോർട്ട്‌ തേടും.

യുഡബ്ല്യുഡബ്ല്യു സംഘം സമരം ചെയ്യുന്ന താരങ്ങളുമായി കൂടിക്കാഴ്‌ച നടത്തും. അവരുടെ ആരോഗ്യസ്ഥിതിയും സുരക്ഷയും വിലയിരുത്തും. താരങ്ങളുടെ സുരക്ഷ  ഉറപ്പാക്കാൻ എല്ലാവിധ നടപടികളും കൈക്കൊള്ളണമെന്ന്‌ ഐഒസി ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷനോട് (ഐഒഎ) ആവശ്യപ്പെട്ടിരുന്നു.

ഏപ്രിലിൽ കസാക്കിസ്ഥാനിലെ അസ്ഥാനയിൽ നടന്ന ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിന്റെ വേദിയായി ആദ്യം തീരുമാനിച്ചിരുന്നത്‌ ഡൽഹിയെയായിരുന്നു. വിവാദങ്ങളെ തുടർന്നാണ്‌ വേദി മാറ്റിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top