18 September Thursday

അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ്‌: കൗമാരം ചരിത്രത്തിന്

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

twitter.com/T20WorldCup

പൊച്ചെഫ്‌സ്‌ട്രൂം (ദക്ഷിണാഫ്രിക്ക)> ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ പുതുചരിത്രം കുറിക്കാൻ കൗമാരപ്പട ഇറങ്ങുന്നു. പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ്‌ ഫൈനലിൽ ഇന്ത്യ ഇന്ന്‌ ഇംഗ്ലണ്ടിനെ നേരിടും. വൈകിട്ട്‌ 5.15നാണ്‌ കിരീടപ്പോരാട്ടം. ലോകവേദിയിൽ ഇതുവരെ ഇന്ത്യൻ വനിതകൾക്ക്‌ ഒരു കിരീടമില്ല. ഏകദിന ലോകകപ്പിൽ രണ്ടുതവണയും ട്വന്റി 20യിൽ ഒരുവട്ടവും റണ്ണറപ്പായതാണ്‌ പ്രധാനനേട്ടം. സീനിയർ ടീമിന്‌ അപ്രാപ്യമായ നേട്ടം കൈപ്പിടിയിലൊതുക്കാമെന്ന കണക്കുക്കൂട്ടലിലാണ്‌ ഷഫാലി വർമ നയിക്കുന്ന കൗമാരപ്പട.

ആറ്‌ കളിയിൽ അഞ്ചിലും ജയിച്ചാണ്‌ ഇന്ത്യ എത്തുന്നത്‌. ഗ്രൂപ്പിലും സൂപ്പർ സിക്‌സിലും ചാമ്പ്യൻമാരായി അവസാന നാലിലേക്ക്‌ മുന്നേറി. സെമിയിൽ ന്യൂസിലൻഡിനെ എട്ട്‌ വിക്കറ്റിന്‌ തുരത്തി. ആഴമേറിയ ബാറ്റിങ്‌നിരയും മികച്ച ബൗളർമാരുമാണ്‌ കരുത്ത്‌. ഓപ്പണർമാരായ ക്യാപ്‌റ്റൻ ഷഫാലിയും വൈസ്‌ ക്യാപ്‌റ്റൻ ശ്വേത സെഹറാവത്തുമാണ്‌ വമ്പനടിക്കാർ. 292 റണ്ണുമായി ടൂർണമെന്റിലെ ടോപ്‌സ്‌കോററാണ്‌ ശ്വേത. ന്യൂസിലൻഡിനെതിരെ സെമിയിൽ 45 പന്തിൽ 61 റണ്ണുമായി മിന്നി. സൗമ്യ തിവാരിയും റിച്ച ഘോഷുമാണ്‌ മറ്റ്‌ പ്രധാനികൾ. ബൗളിങ്ങിൽ സ്‌പിന്നർ പാർഷവി ചോപ്രയാണ്‌ സൂപ്പർതാരം. ആകെ ഒമ്പത്‌ വിക്കറ്റുമായി റൺവേട്ടക്കാരിൽ രണ്ടാമതുണ്ട്‌. മന്നത്‌ കശ്യപിലും പ്രതീക്ഷയുണ്ട്‌. മുൻ ഇന്ത്യൻ താരം നൂഷിൻ അലി ഖദീറാണ്‌ പരിശീലക.

കരുത്തരായ ഓസ്‌ട്രേലിയയെ മൂന്ന്‌ റണ്ണിന്‌ മറികടന്നാണ്‌ ഇംഗ്ലണ്ട്‌ എത്തുന്നത്‌. എല്ലാ കളിയും ജയിച്ചു ഗ്രേസ്‌ സ്‌ക്രിവെൻസും സംഘവും. ഓൾറൗണ്ടർമാർ നിറഞ്ഞ ടീമാണ്‌. ബാറ്റിങ്ങിൽ ക്യാപ്റ്റൻ ഗ്രേസ്‌ മുന്നിൽനിന്ന്‌ നയിക്കും. റൺവേട്ടക്കാരികളിൽ 289 റണ്ണുമായി ശ്വേതക്ക്‌ തൊട്ടുപിന്നിലുണ്ട്‌ ഇംഗ്ലീഷുകാരി. എട്ട്‌ വിക്കറ്റുമുണ്ട്‌. ഹന്ന ബെക്കർ, എല്ലി ആൻഡേഴ്‌സൺ, സോഫിയ സ്‌മെയ്‌ൽ എന്നിവരും പന്തിൽ കരുത്താകും.

ഇന്ത്യൻ ടീം
ഷഫാലി വർമ (ക്യാപ്‌റ്റൻ), ശ്വേത സെഹ്‌റാവത്ത്‌, ഹൃഷിത ബസു, പാർഷവി ചോപ്ര, അർച്ചന ദേവി, ഫലക്‌ നാസ്‌, ഹർളി ഗാല, റിച്ച ഘോഷ്‌, മന്നത്‌ കശ്യപ്‌, സോണിയ മെന്ദിയ, ടിറ്റാസ്‌ സധു, എംഡി ഷബ്‌നം, സൗമ്യ തിവാരി, ഗൊംഗാദി തൃഷ, സോനം യാദവ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top