28 March Thursday

അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ്‌ : ഇന്ത്യ ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

image credit bcci woman twitter


ജൊഹന്നാസ്‌ബർഗ്‌
ന്യൂസിലൻഡിനെ എട്ട്‌ വിക്കറ്റിന്‌ മടക്കി ഇന്ത്യ പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലിൽ. പന്തിലും ബാറ്റിലും പൂർണാധിപത്യത്തോടെയാണ്‌ ഇന്ത്യൻ പെൺകുട്ടികൾ മുന്നേറിയത്‌. മൂന്ന്‌ വിക്കറ്റ്‌ നേടിയ സ്‌പിന്നർ പാർഷവി ചോപ്രയും 45 പന്തിൽ പുറത്താകാതെ 61 റണ്ണടിച്ച ഓപ്പണർ ശ്വേത സെഹറാവത്തുമാണ്‌ വിജയശിൽപ്പികൾ. സ്‌കോർ: ന്യൂസിലൻഡ്‌ 9–-107 ഇന്ത്യ 2–-110 (14.2). നാളെ നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടാണ് എതിരാളി. വനിതാ ക്രിക്കറ്റ്‌ ചരിത്രത്തിൽ ആദ്യ ലോകകിരീടമാണ്‌ ഇന്ത്യ ലക്ഷ്യമിടുന്നത്‌. സീനിയർ ടീം ഏകദിനത്തിൽ രണ്ടുവട്ടവും ട്വന്റി 20യിൽ ഒരുതവണയും ഫൈനലിൽ തോറ്റിരുന്നു.

സൂപ്പർ സിക്‌സ്‌ ഗ്രൂപ്പ്‌ എയിൽ ഒന്നാമതായാണ്‌ ഷഫാലി വർമയും സംഘവും സെമി ഉറപ്പിച്ചത്‌. ന്യൂസിലൻഡിനെതിരെ ടോസ്‌ നേടി ബൗളിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. നിലയുറപ്പിക്കുംമുമ്പേ കിവീസ്‌ ബാറ്റർമാരെ ഇന്ത്യൻ കൗമാരപ്പട തുരത്തി. ജോർജിയ പിൽമർ (35), ഇസബല്ല ഗെയ്‌സ്‌ (26), കെയ്‌ലി നൈറ്റ്‌ (12) എന്നിവർമാത്രമാണ്‌ രണ്ടക്കം കടന്നത്‌. ടൂർണമെന്റിലാകെ മികച്ച പ്രകടനം കാഴ്‌ചവച്ച പാർഷവി നാലോവറിൽ 20 റൺ വഴങ്ങിയാണ്‌ മൂന്ന്‌ വിക്കറ്റെടുത്തത്‌. ആറു കളിയിൽ ഒമ്പത്‌ വിക്കറ്റായി പതിനാറുകാരിക്ക്‌. വിക്കറ്റ്‌ വേട്ടക്കാരികളിൽ രണ്ടാമത്‌. ഉത്തർപ്രദേശുകാരിയാണ്‌. ക്യാപ്‌റ്റൻ ഷഫാലി നാലോവറിൽ ഏഴു റൺമാത്രം വിട്ടുനൽകി ഒരു വിക്കറ്റും നേടി.

മറുപടിയിൽ ഷഫാലിയെ (10) ആദ്യമേ നഷ്ടമായെങ്കിലും തകർപ്പനടിയുമായി ശ്വേത അനായാസം ഇന്ത്യയെ ജയത്തിലേക്ക്‌ നയിച്ചു. വൈസ്‌ ക്യാപ്‌റ്റന്റ ഇന്നിങ്‌സിൽ 10 ഫോറുകൾ ഉൾപ്പെട്ടു. ലോകകപ്പിലെ റൺവേട്ടക്കാരികളിൽ ഒന്നാമതാണ്‌ പതിനെട്ടുകാരി. ആറു കളിയിൽ 292 റണ്ണടിച്ചു. ഡൽഹി സ്വദേശിയാണ്‌. 22 റണ്ണുമായി സൗമ്യ തിവാരി പിന്തുണ നൽകി. ആവേശം നിറഞ്ഞ സെമിയിൽ ഓസ്ട്രേലിയയയ മൂന്ന് റണ്ണിനാണ് ഇംഗ്ലണ്ട് മറികടന്നത്. സ്--കോർ: ഇംഗ്ലണ്ട് 99 (19.5), ഓസീസ് 96 (18.4).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top