മലപ്പുറം
ലോകകപ്പ് നേടിയ ഇന്ത്യൻ കൗമാര ടീമിനൊപ്പം ഒരു മലയാളി പെൺകുട്ടിയുണ്ട് – -മലപ്പുറം തിരൂരിലെ സിഎംസി നജ്‌ല. പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിലെ റിസർവ് അംഗമായിരുന്നു. ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് നജ്‌ല പറഞ്ഞു. "‘അഭിമാനകരമാണ്. കളിക്കാൻ ഇറങ്ങിയില്ലെങ്കിലും കളി നടക്കുന്ന സമയത്തെല്ലാം ടീമിനൊപ്പം ഉണ്ടായിരുന്നു. ഇന്ത്യൻ സീനിയർ ടീമിൽ ഇടംകണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം’’–- നജ്‌ല പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന പരമ്പരയിൽ നജ്‌ല കളിച്ചിരുന്നു. ആറുമത്സര പരമ്പര ഇന്ത്യ 4–-0ന് ജയിച്ചു. രണ്ട് കളി മഴ കൊണ്ടുപോയി. ഈ പരമ്പരയിൽ രണ്ട് മത്സരങ്ങളാണ് നജ്‌ല കളിച്ചത്. ഒരു കളിയിൽ മൂന്ന് ഓവറിൽ നാല് റൺ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. രണ്ടാമത്തെ കളിയിൽ രണ്ട് ഓവറിൽ അഞ്ച് റൺ വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് കിട്ടിയില്ല. ഈ പരമ്പരയ്ക്കുശേഷമാണ് ടീമിനൊപ്പം ചേർന്നത്.
അണ്ടർ 19 ചലഞ്ചർ ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യൻ ഡി ടീമിന്റെ ക്യാപ്റ്റനായതോടെയാണ് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്.
അഞ്ചുവർഷമായി വയനാട് ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം. അണ്ടർ 16, 19 കേരള ടീമിന്റെയും ക്യാപ്റ്റനായിരുന്നു. ഓൾ റൗണ്ടറാണെങ്കിലും സ്‌പിൻ ബൗളിങ്ങിലാണ് മികവ്. തിരൂർ മുറിവഴിക്കൽ സി എം സി നൗഷാദിന്റെയും കെ വി മുംതാസിന്റെയും മകളാണ്. ബത്തേരി സെന്റ് മേരീസ് കോളേജിലെ ബിരുദ വിദ്യാർഥിയാണ്. സഹോദരങ്ങൾ: സൈദ് മുഹമ്മദ്, നൗഫീല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..