20 April Saturday

യുവേഫ നേഷൻസ് ലീഗ് : ഒടുവിൽ ഇറ്റലി വീണു ; സ്പെയ്ൻ ഫെെനലിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 8, 2021


മിലാൻ
കോട്ടയിളകി, ഇറ്റലി വീണു. മൂന്നുവർഷം അജയ്യരായി വാണ ഇറ്റലിയെ സ്‌പെയ്‌ൻ തോൽവിയുടെ കയ്‌പറിയിച്ചു. യുവേഫ നേഷൻസ്‌ ലീഗ്‌ ഫുട്‌ബോൾ സെമിയിൽ 2–-1ന്‌ ഇറ്റലിയെ മറികടന്ന്‌ സ്പാനിഷ്‌പട ഫൈനലിലേക്ക്‌ കുതിച്ചു. 37 കളിയിൽ തോൽവിയറിയാതെ കുതിച്ച ഇറ്റലി, നാട്ടുകാർക്കുമുമ്പിൽ തലകുനിച്ചു. മിലാനിലെ സാൻ സിറോയിലായിരുന്നു മത്സരം.

2018 സെപ്‌തംബറിൽ പോർച്ചുഗലിനോടായിരുന്നു ഇറ്റലി അവസാനമായി തോറ്റത്‌. റോബർട്ടോ മാൻസീനിയുടെ കീഴിലെ ആ ജൈത്രയാത്രയിൽ യൂറോകപ്പും സ്വന്തമാക്കി. ഇരട്ടഗോളടിച്ച ഫെറാൻ ടൊറെസാണ്‌ സ്‌പെയ്‌നിന്‌ മിന്നുംജയം ഒരുക്കിയത്‌. 42–-ാംമിനിറ്റിൽ പ്രതിരോധത്തിലെ വിശ്വസ്‌തൻ ലിയോണാർഡോ ബൊനൂച്ചി ചുവപ്പുകാർഡ്‌ കണ്ട്‌ മടങ്ങിയതാണ്‌ ഇറ്റലിയെ തളർത്തിയത്‌. ലൊറെൻസോ പെല്ലെഗ്രിനിയാണ്‌ ഗോൾ മടക്കിയത്‌.

യൂറോ സെമിയിൽ ഷൂട്ടൗട്ടിൽ ഇറ്റലിയോട്‌ തോറ്റ സ്‌പെയ്‌നിന്റെ മധുരപ്രതികാരമായി ഈ വിജയം. പതിനേഴുകാരൻ ഗാവിയെ ഉൾപ്പെടുത്തിയാണ്‌ ലൂയിസ്‌ എന്റിക്വെ സ്‌പെയ്‌നിനെ അണിയിച്ചത്‌. സ്‌പാനിഷ്‌ കുപ്പായമണിയുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായി ഈ മധ്യനിരക്കാരൻ. 17 വർഷവും 62 ദിവസവുമാണ്‌ അരങ്ങേറ്റത്തിൽ മിന്നിയ ഗാവിയുടെ പ്രായം.

ഇറ്റലിക്കെതിരെ അച്ചടക്കമുള്ള കളിയായിരുന്നു സ്‌പെയ്‌നിന്റേത്‌. പന്തിൽ നിയന്ത്രണം മാത്രമായിരുന്നില്ല, മുന്നേറ്റവും ഉണർന്നു. മൈക്കേൽ ഒയർസബാലാണ്‌ ടൊറെസിന്റെ രണ്ടു ഗോളിനും പിറകിൽ. ആദ്യപകുതി അവസാനിക്കുമ്പോൾതന്നെ സ്‌പാനിഷ്‌ സംഘം രണ്ട്‌ ഗോളിന്‌ ലീഡെടുത്തു.
രണ്ടു മഞ്ഞക്കാർഡ്‌ കിട്ടിയാണ്‌ ബൊനൂച്ചി ഇടവേളയ്‌ക്ക്‌ തൊട്ടുമുമ്പ്‌ മടങ്ങിയത്‌. 10 പേരായി ചുരുങ്ങിയ യൂറോ ചാമ്പ്യൻമാർക്ക്‌ പിന്നീട്‌ കളിയിൽ തിരിച്ചുവരാനായില്ല. ഞായറാഴ്‌ച ഇതേവേദിയിലാണ്‌ ഫൈനൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top