18 April Thursday

നാലടിച്ച്‌ 
യുണൈറ്റഡ്‌ ; അഴ്‌സണലിന്‌ കുരുക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023

image credit UEFA Europa League twitter



ലണ്ടൻ
ലിവർപൂളിനോട്‌ ഏഴ്‌ ഗോളിന്‌ തോറ്റ അപമാനഭാരത്തിൽനിന്ന്‌ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉയിർത്തെഴുന്നേൽപ്പ്‌. യൂറോപ ലീഗ്‌ ഫുട്‌ബോൾ ആദ്യപാദ പ്രീക്വാർട്ടറിൽ റയൽ ബെറ്റിസിനെ 4–-1ന്‌ കെട്ടുകെട്ടിച്ചു. മാർകസ്‌ റാഷ്‌ഫഡ്‌, ആന്തണി, ബ്രൂണോ ഫെർണാണ്ടസ്‌, വൂട്ട്‌ വെഗോസ്റ്റ്‌ എന്നിവർ ഗോളടിച്ചു. അയോസെ പെരെസാണ്‌ ബെറ്റിസിനായി ഒന്ന്‌ മടക്കിയത്‌.

മറ്റു മത്സരങ്ങളിൽ കരുത്തരായ അഴ്‌സണലിനെ സ്‌പോർട്ടിങ്‌ തളച്ചു (2–-2). യുവന്റസ്‌, റോമ, സെവിയ്യ ടീമുകൾ ജയിച്ചു.ലിവർപൂളിനെതിരായി ഇറങ്ങിയ അതേ ടീമിനെ നിലനിർത്തിയാണ്‌ യുണൈറ്റഡ്‌ സ്വന്തം തട്ടകത്തിൽ ഇറങ്ങിയത്‌. പരിശീലകൻ എറിക്‌ ടെൻ ഹാഗിന്റെ വിശ്വാസം കളിക്കാർ കാത്തു. ആറാംമിനിറ്റിൽത്തന്നെ റാഷ്‌ഫഡ്‌ വലകുലുക്കി. ഈ സീസണിൽ ഇരുപത്തഞ്ചുകാരന്റെ 26–-ാംഗോൾ. പിന്നാലെ യുണൈറ്റഡ്‌ ആക്രമണം തുടർന്നെങ്കിലും ബെറ്റിസ്‌ ഗോൾകീപ്പർ ക്ലൗഡിയോ ബ്രാവോ തടസ്സം നിന്നു. റാഷ്‌ഫഡിന്റെ രണ്ട്‌ ഷോട്ടും ഫെർണാണ്ടസിന്റെ ഒരു ശ്രമവും രക്ഷപ്പെടുത്തി. ഇതിനിടെ പെരെസ്‌ ബെറ്റിസിന്റെ സമനിലഗോളും കണ്ടു.

ഇടവേളയ്‌ക്കുശേഷം മറ്റൊരു യുണൈറ്റഡായിരുന്നു കളത്തിൽ. എല്ലാ നീക്കങ്ങൾക്കും കൃത്യത വന്നു. ആറു മിനിറ്റിനുള്ളിൽ രണ്ട്‌ ഗോളടിച്ച്‌ 3–-1ന്‌ മുന്നിലെത്തി. ആന്തണിയും ഫെർണാണ്ടസുമായിരുന്നു സ്‌കോറർമാർ. കളിയവസാനമായിരുന്നു വെഗോസ്റ്റിന്റെ ഗോൾ. 11 മത്സരങ്ങൾക്കുശേഷമാണ്‌ ഡച്ചുകാരൻ ലക്ഷ്യം കാണുന്നത്‌. ഓൾഡ്‌ ട്രാഫോർഡിലെ ആദ്യത്തേതും.

ഹിദേമാസ മൊറീറ്റയുടെ പിഴവുഗോളിലാണ്‌ അഴ്‌സണൽ സ്‌പോർട്ടിങ്ങിനെതിരെ സമനിലയുമായി രക്ഷപ്പെട്ടത്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ഒന്നാമതുള്ള പീരങ്കിപ്പട എതിരാളിയുടെ തട്ടകത്തിൽ വിറച്ചു. വില്യം സാലിബയിലൂടെ മുന്നിലെത്തിയെങ്കിലും മികവ്‌ തുടരാനായില്ല. ഗോൺസാലോ ഇനാകിയോയും പൗലീന്യോയോയും സ്‌പോർട്ടിങ്ങിനായി തിരിച്ചടിച്ചു. ഒടുവിൽ പിഴവുഗോൾ രക്ഷയ്‌ക്കെത്തി. ഡി മരിയയുടെ ഗോളിലാണ്‌ യുവന്റസ്‌ ഫ്രെയ്‌ബർഗിനെ വീഴ്‌ത്തിയത്‌. റോമയാകട്ടെ രണ്ട്‌ ഗോളിന്‌ റയൽ സോസിഡാഡിനെ മറികടന്നു. ആറുവട്ടം ജേതാക്കളായ സെവിയ്യ ഫെണെർബാഷയെ തോൽപ്പിച്ചു (2–-0).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top