20 April Saturday

റാക്കറ്റ്‌ ചരിത്രത്തിലേക്ക്‌ ; ഇന്ത്യ ഇന്തോനേഷ്യ ഫൈനൽ

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

ഡെൻമാർക്കിനെതിരെ ഇന്ത്യക്ക് ജയം സമ്മാനിച്ച പ്രണോയിയെ (റാക്കറ്റുമായി) 
സഹതാരങ്ങൾ അഭിനന്ദിക്കാൻ ഓടിയെത്തുന്നു


ബാങ്കോക്
ഇന്ത്യൻ റാക്കറ്റിൽ വിരിയുന്നത്‌ സ്വർണമോ വെള്ളിയോ? പുരുഷ ബാഡ്‌മിന്റണിലെ ലോകകപ്പെന്ന്‌ അറിയപ്പെടുന്ന തോമസ്‌കപ്പിന്റെ ഫൈനലിൽ ഇന്ത്യ ഇന്ന്‌ ഇന്തോനേഷ്യയെ നേരിടും.  73 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായാണ്‌ ഇന്ത്യ കിരീടപ്പോരാട്ടത്തിന്‌ ഇറങ്ങുന്നത്‌.

എതിരാളിയായ ഇന്തോനേഷ്യയാകട്ടെ ബാഡ്‌മിന്റണിലെ പവർഹൗസാണ്‌. പതിനാലുവട്ടം ചാമ്പ്യൻമാർ. നിലവിലെ ജേതാക്കളും മറ്റാരുമല്ല. ബാങ്കോക്കിലെ ഇംപാക്‌ട്‌ അരീനയിൽ പകൽ 11.30ന്‌ മത്സരം ആരംഭിക്കും. മൂന്ന്‌ സിംഗിൾസ്‌ മത്സരങ്ങളും രണ്ടു ഡബിൾസുമാണുള്ളത്‌. കൂടുതൽ ജയംപിടിക്കുന്നവർ കിരീടം ചൂടും.

ഗ്രൂപ്പുഘട്ടത്തിൽ ചൈനീസ്‌ തായ്‌പേയിയോട്‌ തോറ്റ ഇന്ത്യ പിന്നീട്‌ തിരിഞ്ഞുനോക്കിയില്ല. ക്വാർട്ടറിൽ അഞ്ചുവട്ടം ജേതാക്കളായ മലേഷ്യയെയും (3–-2) സെമിയിൽ 2016ലെ ചാമ്പ്യൻമാരായ ഡെൻമാർക്കിനെയും (3–-2) തകർത്തു. രണ്ടിലും അവസാന സിംഗിൾസിൽ ജയിച്ചാണ്‌ മുന്നേറിയത്‌. മലയാളിതാരം എച്ച്‌ എസ്‌ പ്രണോയിലൂടെയായിരുന്നു കുതിപ്പ്‌.  ലോക ഒമ്പതാംനമ്പറുകാരൻ ലക്ഷ്യ സെൻ, 11–-ാം റാങ്കുകാരൻ കിഡംബി ശ്രീകാന്ത്‌ എന്നിവരാണ്‌ സിംഗിൾസിലെ മറ്റു പ്രതീക്ഷകൾ. ഡബിൾസിൽ സ്വാതിക്‌സായിരാജ്‌ രെങ്കിറെഡ്ഡി–-ചിരാഗ്‌ ഷെട്ടി സഖ്യം മികച്ച പ്രകടനമാണ്‌ നടത്തുന്നത്‌. കൃഷ്ണ പ്രസാദ്‌ ഗാർഗ–-വിഷ്‌ണുവർധൻ പഞ്ചാല കൂട്ടുകെട്ടിനു പകരം മലയാളി എം ആർ അർജുൻ–-ധ്രുവ്‌ കപില സഖ്യമാണ്‌ രണ്ടാംഡബിൾസിൽ ഇറങ്ങാൻ സാധ്യത. മലയാളിയായ യു വിമൽകുമാറാണ്‌ പരിശീലകൻ. 1952, 1955, 1979 സീസണുകളിൽ സെമിയിൽ കടന്നിരുന്നു ഇന്ത്യ.

ഒറ്റ കളിയും തോൽക്കാതെയാണ്‌ ഇന്തോനേഷ്യ എത്തുന്നത്‌. ലോക അഞ്ചാംനമ്പർ താരം ആന്തണി സിൻസുക ഗിന്റിങ്‌, എട്ടാംറാങ്കുകാരൻ ജേനാതൻ ക്രിസ്റ്റി എന്നിവരാണ്‌ പ്രധാനികൾ. വനിതകളുടെ ഊബർ കപ്പിൽ ഇന്ത്യ ക്വാർട്ടറിൽ പുറത്തായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top