20 April Saturday

ഓവലിൽ തീക്കാറ്റോ ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫെെനൽ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് വിജയികൾക്കുള്ള ട്രോഫിയുമായി image credit icc twitter

ലണ്ടൻ
ലോക ടെസ്‌റ്റ്‌ ക്രിക്കറ്റിലെ പുതിയ ചാമ്പ്യമാർക്കായുള്ള പോരാട്ടം ഇന്ന്‌ തുടങ്ങുന്നു. ഇംഗ്ലണ്ടിലെ കെന്നിങ്ടൺ ഓവൽ മൈതാനത്ത്‌ ഇന്ത്യൻ സമയം പകൽ മൂന്നിനാണ്‌ കളി. നിലവിലെ റണ്ണറപ്പുകളായ ഇന്ത്യക്ക് ഓസ്‌ട്രേലിയയാണ്‌ എതിരാളി. പ്രധാന താരങ്ങളുടെ പരിക്കും ഒരുങ്ങാൻ വേണ്ടത്ര സമയം കിട്ടാത്തതും തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ്‌ ഇന്ത്യൻ ടീം. മറുവശത്ത്‌, ഓവലിലെ പേസർമാരെ തുണയ്‌ക്കുന്ന പിച്ചിൽ ആനുകൂല്യം നേടാമെന്ന വിശ്വാസത്തിലാണ്‌ ഓസീസ്‌ ടീം.

പരിക്കാണ്‌ ഇന്ത്യൻ ടീമിന്റെ ആദ്യ ആശങ്ക. പേസർ ജസ്‌പ്രീത്‌ ബുമ്ര, വിക്കറ്റ്‌ കീപ്പർ ഋഷഭ്‌ പന്ത്‌, ബാറ്റർമാരായ ശ്രേയസ്‌ അയ്യർ, ലോകേഷ്‌ രാഹുൽ എന്നിവർ പരിക്കുകാരണം ടീമിനൊപ്പമില്ല. പകരക്കാരെയും ഉൾപ്പെടുത്തിയാണ്‌ ഇന്ത്യ ഇംഗ്ലണ്ടിലേക്ക്‌ പറന്നത്‌.ന്യൂസിലൻഡിനുമുന്നിൽ കൈവിട്ട കിരീടം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ്‌ ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പര നേടി ഒരുക്കം മികച്ചതാക്കുകയും ചെയ്‌തു. എന്നാൽ, ഐപിഎൽ ടൂർണമെന്റിനുശേഷം കളിക്കാർക്ക്‌ ഫൈനലിനായി വേണ്ടത്ര ഒരുങ്ങാൻ സമയം കിട്ടിയിട്ടില്ല. ഒരു സന്നാഹമത്സരംപോലും കളിച്ചില്ല. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ഉൾപ്പെടെ അഞ്ച്‌ താരങ്ങൾ ഫൈനലിന്‌ എട്ടുദിവസംമുമ്പ്‌ മാത്രമാണ്‌ ഇംഗ്ലണ്ടിൽ എത്തിച്ചേർന്നത്‌. ട്വന്റി 20യുടെ സ്വഭാവത്തിൽനിന്ന്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിന്റെ രീതിയിലേക്കെത്താൻ ഈ സമയത്തിനുള്ളിൽ എങ്ങനെ കഴിയുമെന്നതും ചോദ്യമാണ്‌.

ചേതേശ്വർ പൂജാരയാണ്‌ ഇന്ത്യൻ ടീമിന്റെ ശ്രദ്ധാകേന്ദ്രം. ഐപിഎല്ലിന്റെ ഭാഗമല്ലാതിരുന്ന ഈ വലംകൈയൻ ബാറ്റർ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ സജീവമായിരുന്നു. സസെക്‌സ്‌ ടീമിന്റെ ക്യാപ്‌റ്റനായിരുന്ന പൂജാര കൗണ്ടിയിൽ മൂന്ന്‌ സെഞ്ചുറികൾ നേടി. ബാറ്റിങ്‌ ശരാശരി 68.
ഈ വർഷം എല്ലാ വിഭാഗം ക്രിക്കറ്റിലും മിന്നിയ യുവതാരം ശുഭ്‌മാൻ ഗില്ലും പ്രതീക്ഷയാണ്‌. ഐപിഎല്ലിൽ മൂന്ന്‌ സെഞ്ചുറികളാണ്‌ ഇരുപത്തിമൂന്നുകാരൻ നേടിയത്‌. ടെസ്‌റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഈ വർഷം സെഞ്ചുറി നേടിയിട്ടുണ്ട്‌.

image credit icc twitter

image credit icc twitter


 

ടെസ്‌റ്റ്‌ ക്രിക്കറ്റിൽ സമീപകാലത്ത്‌ മോശം പ്രകടനത്തിലാണെങ്കിലും ഇന്ത്യൻ ബാറ്റിങ്‌ നിരയുടെ കരുത്ത്‌ വിരാട്‌ കോഹ്‌ലിയാണ്‌. കഴിഞ്ഞ 10 മത്സരങ്ങളിൽ 562 റൺമാത്രമേ നേടാനായിട്ടുള്ളൂ കോഹ്‌ലിക്ക്‌. ഇടവേളയ്‌ക്കുശേഷം ടീമിൽ തിരിച്ചെത്തിയ അജിൻക്യ രഹാനെ വിദേശമണ്ണിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ബാറ്ററാണ്‌. ക്യാപ്‌റ്റൻ രോഹിതും റൺ കണ്ടെത്തണം. വിക്കറ്റ്‌ കീപ്പർമാരിൽ ആരെ ഉൾക്കൊള്ളിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ശ്രീകർ ഭരതും ഇഷാൻ കിഷനുമാണ്‌ ടീമിലുള്ളത്‌. ഭരതിനായിരിക്കും പ്രഥമ പരിഗണന.

ബൗളർമാരിലും ആരെയൊക്കെ കളിപ്പിക്കുമെന്ന കാര്യത്തിൽ ടീം മാനേജ്‌മെന്റിന്‌ ആശയക്കുഴപ്പമുണ്ട്‌. ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി കൂടുതൽ വിക്കറ്റെടുത്ത ആർ അശ്വിനെ ഒഴിവാക്കി ഒരു അധിക പേസറെ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്‌. ഒമ്പത്‌ കളിയിൽ 44 വിക്കറ്റാണ്‌ ഓഫ്‌ സ്‌പിന്നർ ഈ ചാമ്പ്യൻഷിപ്പിൽ നേടിയത്‌. ബാറ്റിങ്ങിലും മികവുകാട്ടി. പേസിനെ തുണയ്‌ക്കുന്ന പിച്ചിൽ ഒരു സ്‌പിന്നർ മതിയെന്ന തീരുമാനമാണെങ്കിൽ ജഡേജയ്‌ക്കായിരിക്കും പരിഗണന. ജഡേജ ഏഴ്‌ കളിയിൽ 32 വിക്കറ്റാണ്‌ നേടിയത്‌. മുഹമ്മദ്‌ ഷമി, മുഹമ്മദ്‌ സിറാജ്‌, ശാർദുൽ ഠാക്കൂർ എന്നിവരായിരിക്കും പേസർമാർ.

ഓസീസിന്റേത്‌ മികച്ച ബൗളിങ്‌ നിരയാണ്‌. മിച്ചെൽ സ്‌റ്റാർക്ക്‌ നയിക്കുന്ന പേസ്‌ നിരയിൽ ക്യാപ്‌റ്റൻ പാറ്റ്‌ കമ്മിൻസ്‌, സ്‌കോട്‌ ബൊളാൻഡ്‌, മിച്ചെൽ നെസെർ എന്നിവരും ഇടംപിടിക്കുന്നു. പേസും ബൗൺസുമുള്ള പിച്ചിൽ ഓസീസ്‌ പേസർമാർ അപകടകാരികളാകും. 10 കളിയിൽ 46 വിക്കറ്റുള്ള സ്‌പിന്നർ നതാൻ ല്യോണും ബൗളിങ്‌ നിരയ്‌ക്ക്‌ മികവുനൽകും. ഇന്ത്യക്കെതിരെയും ഇംഗ്ലണ്ട്‌ പിച്ചുകളിലും മികച്ച റെക്കോഡുള്ള സ്‌റ്റീവൻ സ്‌മിത്താണ്‌ ഓസീസിന്റെ മികച്ച ബാറ്റർ. 10 കളിയിൽ 991 റണ്ണടിച്ചുകൂട്ടിയ മാർണസ്‌ ലബുഷെയ്‌നും 786 റൺ നേടിയ ഉസ്‌മാൻ ഖവാജയും ഇന്ത്യൻ ബൗളർമാർക്ക്‌ വെല്ലുവിളി ഉയർത്തും.

ഗില്ലിന്‌ ആത്മവിശ്വാസം
ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്‌ ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്നത്‌ ആത്മവിശ്വാസത്തോടെയാണെന്ന്‌ ഓപ്പണർ ശുഭ്‌മാൻ ഗിൽ. ഐപിഎല്ലിൽ 60 ബാറ്റിങ്‌ ശരാശരിയിൽ 890 റണ്ണാണ്‌ ഗിൽ അടിച്ചുകൂട്ടിയത്‌. ‘ട്വന്റി 20യിൽനിന്ന്‌ ഏറെ മാറ്റമുള്ളതാണ്‌ അഞ്ചുദിന ക്രിക്കറ്റ്‌. കഴിഞ്ഞയാഴ്‌ചവരെ മറ്റൊരു രീതിയിലാണ്‌ ഞങ്ങൾ ക്രിക്കറ്റ്‌ കളിച്ചിരുന്നത്‌. ഇപ്പോൾ സാഹചര്യങ്ങൾവരെ മാറിയിരിക്കുന്നു. വെല്ലുവിളിയാണ്‌. എങ്കിലും ആത്മവിശ്വാസത്തോടെയാണ്‌ കളിക്കാനിറങ്ങുന്നത്‌’–- ഗിൽ പറഞ്ഞു.

സമ്മർദമില്ല: ദ്രാവിഡ്‌
ലോക ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിന്‌ ഇറങ്ങുമ്പോൾ കിരീടപ്രതീക്ഷയുടെ സമ്മർദമില്ലെന്ന്‌ ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്‌. കഴിഞ്ഞ 10 വർഷമായി ഇന്ത്യക്ക്‌ ഐസിസി കിരീടമില്ല. 2021ലെ പ്രഥമ ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിൽ ന്യൂസിലൻഡിനോട്‌ തോൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ദ്രാവിഡിന്റെ പ്രതികരണം.‘ഐസിസി കിരീടം നേടുകയെന്നതിന്റെ സമ്മർദം ടീമിനില്ല. കിട്ടിയാൽ നല്ലത്‌. ഐസിസി കിരീടം ലഭിക്കുകയെന്നാൽ വലിയ കാര്യവുമാണ്‌. എങ്കിലും അതുമാത്രമല്ല ഈ രണ്ട്‌ വർഷത്തിലുണ്ടായ കാര്യം. ഒരുപാട്‌ മികച്ച കാര്യങ്ങളുണ്ടായി. കൂട്ടായ വിജയങ്ങളുണ്ടായി’–- ദ്രാവിഡ്‌ പറഞ്ഞു.

കെന്നിങ്ടൺ 
ഓവൽ ഗ്രൗണ്ട്‌, ലണ്ടൻ
ഇവിടെ 23,500 പേർക്ക്‌ കളി കാണാം. 104 ടെസ്‌റ്റ്‌ നടന്നതിൽ 88 തവണയും ടോസ്‌ നേടിയവർ ആദ്യം ബാറ്റ്‌ ചെയ്‌തു. 38 തവണ ആദ്യം ബാറ്റ്‌ ചെയ്‌തവർ ജയിച്ചപ്പോൾ 29 തവണ രണ്ടാമത്‌ ബാറ്റ്‌ ചെയ്‌തവർക്കാണ്‌ ജയം. ഇന്ത്യക്ക്‌ ഈ ഗ്രൗണ്ടിൽ 14 ടെസ്‌റ്റിൽ 2 ജയം, 5 തോൽവി (അവസാന മത്സരം 2021ൽ ഇംഗ്ലണ്ടിനെതിരെ 157 റൺ ജയം)ഓസ്‌ട്രേലിയയ്‌ക്ക്‌ 38 ടെസ്‌റ്റിൽ 7 ജയം, 17 തോൽവി (അവസാന മത്സരം 2019ൽ 
ഇംഗ്ലണ്ടിനെതിരെ 137 റൺ തോൽവി)

രോഹിതിന്‌ പരിക്ക്‌
ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത്‌ ശർമയ്‌ക്ക്‌ പരിശീലനത്തിനിടെ വിരലിന്‌ പരിക്കേറ്റു. പരിക്കേറ്റ മുപ്പത്താറുകാരൻ പരിശീലനം തുടർന്നില്ല. എങ്കിലും ഇന്ന്‌ കളിച്ചേക്കുമെന്നാണ്‌ സൂചന.  2022ൽ വിരാട്‌ കോഹ്‌ലി രാജിവച്ചശേഷം രോഹിത്താണ്‌ ഇന്ത്യൻ ടീമിനെ നയിക്കുന്നത്‌. 50–-ാംടെസ്‌റ്റാണ്‌ രോഹിത്തിന്‌. ഓവലിൽ അവസാനമായി കളിച്ചപ്പോൾ ക്യാപ്‌റ്റൻ ഇവിടെ സെഞ്ചുറി നേടിയിരുന്നു. 2021ലായിരുന്നു നേട്ടം. ഇന്ത്യ ജയവും നേടി.

ഫൈനലിലേക്കുള്ള വഴി

ഇന്ത്യ
(18 ടെസ്‌റ്റ്‌, 10 ജയം, അഞ്ച്‌ തോൽവി, മൂന്ന്‌ സമനില, 
127 പോയിന്റ്‌)
ഇംഗ്ലണ്ട്‌  2–-2 സമനില (അഞ്ച്‌ ടെസ്‌റ്റ്‌)
ന്യൂസിലൻഡ്‌ 1–-0 ജയം (രണ്ട്‌ ടെസ്‌റ്റ്‌)
ദക്ഷിണാഫ്രിക്ക 1–-2 തോൽവി (മൂന്ന്‌ ടെസ്‌റ്റ്‌)
ശ്രീലങ്ക 2–-0 ജയം (രണ്ട്‌ ടെസ്‌റ്റ്‌)
ബംഗ്ലാദേശ്‌ 2–-0 ജയം (രണ്ട്‌ ടെസ്‌റ്റ്)
ഓസ്‌ട്രേലിയ 2–-1 ജയം (നാല്‌ ടെസ്‌റ്റ്‌)

ഓസ്‌ട്രേലിയ
(19 ടെസ്‌റ്റ്‌, 11 ജയം, 3 തോൽവി, 5 സമനില, 152 പോയിന്റ്‌)
ഇംഗ്ലണ്ട്‌ 4–-0 ജയം (അഞ്ച്‌ ടെസ്‌റ്റ്‌)
പാകിസ്ഥാൻ 1–-0 ജയം (മൂന്ന്‌ ടെസ്‌റ്റ്‌)
ശ്രീലങ്ക 1–-1 സമനില (രണ്ട്‌ ടെസ്‌റ്റ്‌)
വെസ്‌റ്റിൻഡീസ്‌ 2–-0 ജയം (രണ്ട്‌ ടെസ്‌റ്റ്‌)
ദക്ഷിണാഫ്രിക്ക 2–-0 ജയം (മൂന്ന്‌ ടെസ്‌റ്റ്‌)
ഇന്ത്യ 1–-2 തോൽവി (നാല്‌ ടെസ്‌റ്റ്‌)


(2021 മുതൽ 2023 വരെ ഒമ്പത്‌ രാജ്യങ്ങൾ 27 പരമ്പരയിലായി 69 ടെസ്‌റ്റ്‌ കളിച്ചു. കൂടുതൽ പോയിന്റ്‌ ലഭിച്ച രണ്ട്‌ 
ടീമുകൾ ഫൈനലിൽ)

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top