20 April Saturday

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ധവാൻ പുറത്ത്, അശ്വിൻ ടീമിൽ, ധോണി ഉപദേശകൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 8, 2021

മുംബൈ > ആർ അശ്വിനെ തിരിച്ചുവിളിച്ച് സ്‌പിന്നർമാരുടെ നിരയുമായി ഇന്ത്യ ട്വന്റി–20 ലോകകപ്പിന്. ഓപ്പണിങ് ബാറ്റ്സ്‌മാൻ ശിഖർ ധവാനാണ് സ്ഥാനം നഷ്ടമായ പ്രമുഖൻ. ശ്രേയസ് അയ്യർക്ക് പകരം ഇഷാൻ കിഷനും ടീമിലിടം പിടിച്ചു.

പരിക്കേറ്റ് ദീർഘകാലമായി പുറത്തിരിക്കുന്ന ശ്രേയസ് കരുതൽകളിക്കാരുടെ സംഘത്തിലുണ്ട്. പതിനഞ്ചംഗ സംഘത്തെ വിരാട് കോഹ്--ലി നയിക്കും. രോഹിത് ശർമയാണ് വെെസ് ക്യാപറ്റൻ. മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെ ടീമിന്റെ ഉപദേശകനായും ബിസിസിഐ നിയോഗിച്ചു.

ഒക്‌ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായാണ്‌ ലോകകപ്പ്‌. കോവിഡ്‌ മഹാമാരിക്കുശേഷം ഐസിസിയുടെ പ്രധാന ടൂർണമെന്റാണ്‌ ഈ ലോകകപ്പ്‌. ഇന്ത്യയായിരുന്നു വേദി. എന്നാൽ കോവിഡ്‌ പ്രതിസന്ധി മാറാത്തതിനാൽ വേദി യുഎഇയിലേക്കും ഒമാനിലേക്കുമായി മാറ്റുകയായിരുന്നു.
യുസ്--വേന്ദ്ര ചഹാലിന് പകരമാണ് പരിചയസമ്പന്നനായ അശ്വിൻ ലോകകപ്പിനെത്തുന്നത്. 2017 ജൂലെെയിൽ വെസ്റ്റിൻഡീസിനെതിരെയാണ് തമിഴ്നാടുകാരൻ അവസാനമായി ഇന്ത്യക്കായി ട്വന്റി–20 കളിച്ചത്.

ഏകദിനടീമിലും അവസാനം കുപ്പായമിട്ടത് ആ പരമ്പരയിലായിരുന്നു. പിന്നീട് ടെസ്റ്റ് ടീമിൽ മാത്രമായി ഒതുങ്ങി. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും തിരികെവിളിക്കാത്തത് വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ചഹാലിന്റെ മോശംപ്രകടനം മുപ്പത്തിനാലുകാരന്റെ മടങ്ങിവരവിന് വഴിയൊരുക്കി. അശ്വിനുപുറമേ വരുൺ ചക്രവർത്തി, രാഹുൽ ചഹാർ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നീ അഞ്ച് സ്പിന്നർമാരാണ് ഇന്ത്യൻ സംഘത്തിലുള്ളത്.

ധവാന് പകരം ലോകേഷ് രാഹുൽ ഓപ്പണിങ് സ്ഥാനത്ത് രോഹിതിന് കൂട്ടാകും. ഋഷഭ് പന്ത് ഒന്നാംവിക്കറ്റ് കീപ്പറാണ്. ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറിനുമാണ് പേസ് ചുമതല. ശ്രേയസ് അയ്യർ, ശർദുൾ താക്കൂർ, ദീപക് ചഹാർ എന്നിവരാണ് കരുതൽ കളിക്കാർ. മലയാളി താരം സഞ്ജു സാംസൺ, കൃുണാൾ പാണ്ഡ്യ എന്നിവർക്കും ടീമിലിടം പിടിക്കാനായില്ല. ഒക്ടോബർ 24ന് പാകിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ കളി. രണ്ടു വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ അയൽക്കാർ മുഖാമുഖം എത്തുന്നത്‌. ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിലാണ്‌ പോരാട്ടം.

ടീം

വിരാട് കോഹ്--ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വെെസ് ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, ആർ അശ്വിൻ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.

ഇന്ത്യയുടെ കളികൾ

ഒക്ടോബർ 24
പാകിസ്ഥാൻ

ഒക്ടോബർ 31
ന്യൂസിലൻഡ്

നവംബർ 3
അഫ്ഗാനിസ്ഥാൻ

നവംബർ 5, 8
യോഗ്യതാ ടീമുകൾ
(എല്ലാ മത്സരങ്ങളും രാത്രി ഏഴരയ്ക്ക്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top