25 April Thursday
സർവം ഇംഗ്ലണ്ട്

പാകിസ്ഥാനെ തകർത്ത് ഇം​ഗ്ലണ്ടിന് രണ്ടാം ട്വന്റി 20 കിരീടം : വിജയം അഞ്ച് വിക്കറ്റിന്

വെബ് ഡെസ്‌ക്‌Updated: Sunday Nov 13, 2022

twitter.com/TheRealPCB

മെൽബൺ
ലോകക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ സർവാധിപത്യം. ഏകദിന ലോകകപ്പിനുപിന്നാലെ ട്വന്റി20 കിരീടവും. ഫൈനലിൽ പാകിസ്ഥാനെ അഞ്ച്‌ വിക്കറ്റിന്‌ വീഴ്‌ത്തിയാണ്‌ ഇംഗ്ലീഷുകാർ ഡബിൾ തികച്ചത്‌. ഏകദിനത്തിലും ട്വന്റി20യിലും ഒരു ടീം ഒരേസമയം ജേതാക്കളാകുന്നത്‌ ആദ്യമാണ്‌.

ഔൾറൗണ്ടർമാരായ ബെൻ സ്‌റ്റോക്‌സിന്റെയും സാം കറന്റെയും മിടുക്കിലാണ്‌ വിജയം. മൂന്ന്‌ വിക്കറ്റ്‌ നേടിയ കറന്റെ ബലത്തിൽ പാകിസ്ഥാനെ 137 റണ്ണിൽ ഒതുക്കി. 49 പന്തിൽ 52 റണ്ണുമായി പുറത്താകാതെ നിന്ന സ്‌റ്റോക്‌സ്‌ ഒരോവർ ബാക്കിനിൽക്കെ ഇംഗ്ലണ്ടിന്‌ ആഘോഷമൊരുക്കി. ഒരു വിക്കറ്റുമുണ്ട്‌ മുപ്പത്തൊന്നുകാരന്‌. 2019ൽ ന്യൂസിലൻഡിനെതിരായ ഏകദിന ലോകകപ്പ്‌ ഫൈനലിലും ഇംഗ്ലണ്ടിന്റെ വിജയശിൽപ്പിയായിരുന്നു സ്‌റ്റോക്‌സ്‌.

സ്‌കോർ: പാകിസ്ഥാൻ 8–-137 ഇംഗ്ലണ്ട്‌ 5–-138 (19)
കളിയിലെ താരവും ടൂർണമെന്റിലെ താരവും കറനാണ്‌. ആകെ 13 വിക്കറ്റുണ്ട്‌ ഈ ഇടംകൈയന്‌.

മെൽബണിൽ 30 വർഷംമുമ്പുള്ള ഏകദിന ലോകകപ്പ്‌ ഫൈനലിന്റെ ഓർമകളുമായാണ്‌ പാകിസ്ഥാനും ഇംഗ്ലണ്ടും എത്തിയത്‌. മഴ മാറിനിന്ന ദിനം ടോസ്‌ നേടി ഇംഗ്ലീഷ്‌ ക്യാപ്‌റ്റൻ ജോസ്‌ ബട്‌ലർ ബൗളിങ്‌ തെരഞ്ഞെടുത്തു. സെമിയിൽ ന്യൂസിലൻഡിനെതിരെ തകർപ്പൻ കളി പുറത്തെടുത്ത പാക്‌ ഓപ്പണർമാർക്ക്‌ ഫൈനലിന്റെ സമ്മർദം താങ്ങാനായില്ല. ക്യാപ്‌റ്റൻ ബാബർ അസം (32)–- മുഹമ്മദ്‌ റിസ്വാൻ (15) കൂട്ടുകെട്ടിന്‌ കളംപിടിക്കാനായില്ല. റിസ്വാന്റെ കുറ്റി പിഴുത്‌ കറൻ തുടക്കമിട്ട വേട്ട ആദിൽ റഷീദ്‌ ഏറ്റെടുത്തു. ബാബറെയും മുഹമ്മദ്‌ ഹാരിസിനെയും (8) മടക്കി. ഇഫ്‌തിഖർ അഹമ്മദ്‌ (0), ഷദാബ്‌ ഖാൻ (20) എന്നിവരും വേഗം പുറത്തായി. 38 റണ്ണടിച്ച ഷാൻ മസൂദാണ്‌ ടോപ്‌സ്‌കോറർ. ഇംഗ്ലണ്ടിനായി റഷീദിനെ കൂടാതെ ക്രിസ്‌ ജോർദാനും രണ്ട്‌ വിക്കറ്റുണ്ട്‌.

ഷഹീൻ അഫ്രീദി നേതൃത്വം നൽകുന്ന പേസ്‌നിരയിൽ വിശ്വാസമർപ്പിച്ച്‌ പ്രതിരോധിക്കാൻ എത്തിയ പാകിസ്ഥാന്‌ നല്ല തുടക്കം കിട്ടി. കരുത്തനായ അലക്‌സ്‌ ഹെയ്‌ൽസിനെ ഒരു റണ്ണിന്‌ അഫ്രീദി പുറത്താക്കി. ബട്‌ലർ (26), ഫിൽ സാൾട്‌ (10) എന്നിവർക്കും പിടിച്ചുനിൽക്കാനായില്ല. 3–-45 എന്ന നിലയിൽ പരുങ്ങിയ ഇംഗ്ലീഷുകാരെ സ്‌റ്റോക്‌സും ഹരി ബ്രൂക്കും (23 പന്തിൽ 20) രക്ഷപ്പെടുത്തി.

സ്‌കോർ 84ൽ നിൽക്കെ ബ്രൂക്കിനെ മടക്കിയെങ്കിലും പാകിസ്ഥാന്‌ ആശ്വാസം കിട്ടിയില്ല. ബ്രൂക്കിനെ പിടികൂടുന്നതിനിടെ അഫ്രീദിക്ക്‌ കാലിന്‌ പരിക്കേറ്റത്‌ തിരിച്ചടിയായി. അവസാന അഞ്ച്‌ ഓവറിൽ 41 റണ്ണായിരുന്നു ജയിക്കാനാവശ്യം. 16–-ാംഓവർ എറിയാനെത്തിയ അഫ്രീദി ആദ്യ പന്തിനുശേഷം കളംവിട്ടു. ഓവർ പൂർത്തിയാക്കിയത്‌ ഇഫ്‌തിഖറായിരുന്നു. അവസാന രണ്ടു പന്തിൽ ഫോറും സിക്‌സറും പായിച്ച്‌ മൊയീൻ അലി (12 പന്തിൽ 19) കളി തിരിച്ചു. പിന്നെ എല്ലാം ചടങ്ങായിരുന്നു. അനായാസം ഇംഗ്ലണ്ട്‌ രണ്ടാം ട്വന്റി20 കിരീടത്തിലേക്ക്‌ അടുത്തു. ഒരു സിക്‌സറും അഞ്ച്‌ ഫോറുമായിരുന്നു സ്‌റ്റോക്‌സിന്റെ ഗംഭീര ഇന്നിങ്‌സിൽ.

ഓൾറൗണ്ടർ സാം കറൻ
അടിമുടി ക്രിക്കറ്ററാണ്‌ ഓൾറൗണ്ടർ സാംകറൻ. ഇടംകൈകൊണ്ട്‌ പന്തെറിയും ബാറ്റും ചെയ്യും. മുത്തച്ഛനും അച്ഛനും സഹോദരങ്ങളും ക്രിക്കറ്റർമാർ. ട്വന്റി ലോകകപ്പിലെ താരമായ ഇരുപത്തിനാലുകാരൻ ഫൈനലിലും മാൻ ഓഫ്‌ ദ മാച്ചായി. നാല്‌ ഓവറിൽ 12 റൺ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്ത പന്തേറാണ്‌ പാകിസ്ഥാനെ ഒതുക്കിയത്‌.

ഓപ്പണർ മുഹമ്മദ്‌ റിസ്വാനെ 15 റണ്ണിന്‌ ബൗൾഡാക്കിയാണ്‌ തുടക്കം. ടോപ്‌ സ്‌കോററായ ഷാൻ മസൂദിനെയും (38) മുഹമ്മദ്‌ നവാസിനെയും (5) വീഴ്‌ത്തി. ആറു കളിയിൽ 13 വിക്കറ്റാണ്‌ സമ്പാദ്യം. എട്ടു കളിയിൽ 15 വിക്കറ്റെടുത്ത ശ്രീലങ്കൻ സ്‌പിന്നർ വണീന്ദു ഹസരങ്കയാണ്‌ മുന്നിൽ. 2019ലാണ്‌ ട്വന്റി 20യിൽ അരങ്ങേറ്റം. 35 കളിയിൽ 41 വിക്കറ്റ്‌ നേടി. അച്ഛൻ കെവിൻ കറൻ സിംബാബ്‌വേ ടീമിൽ അംഗമായിരുന്നു. സഹോദരങ്ങളായ ടോം കറനും ബെൻ കറനും ക്രിക്കറ്റ്‌ താരങ്ങളാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top