26 April Friday

സൂപ്പർ കപ്പ്‌ ഫുട്‌ബോൾ: യോഗ്യതാ മത്സരങ്ങൾ നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

സൂപ്പർ കപ്പ് ഫുട്ബോൾ വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മാർക്ക് ചെയ്യുന്നു

മലപ്പുറം> സൂപ്പർ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിനുള്ള ടീമുകൾ ഇന്നെത്തി തുടങ്ങും. ജംഷഡ്പുർ എഫ്സി, നെരോക എഫ്സി, രാജസ്ഥാൻ യുണെെറ്റഡ് ടീമുകളാണ് ആദ്യമെത്തുക. മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിൽ നാളെ രാജസ്ഥാൻ –നെരോക മത്സരത്തോടെയാണ് യോഗ്യതാ റൗണ്ടിന് തുടക്കമാകുന്നത്. രാത്രി എട്ടരയ്--ക്കാണ് കളി. ജയിക്കുന്നവർ ബുധൻ വൈകിട്ട്‌ അഞ്ചിന്‌ ശ്രീനിധി ഡെക്കാൺ എഫ്‌സിയുമായി ഏറ്റുമുട്ടും. ആ കളി ജയിക്കുന്നവർക്കാണ്‌ സൂപ്പർ കപ്പ്‌ യോഗ്യത.

അന്ന്‌ രാത്രി എട്ടരയ്ക്ക്‌ ഗോകുലം കേരള എഫ്‌സിയും മുഹമ്മദൻസ്‌ സ്‌പോർട്ടിങും ഏറ്റുമുട്ടും. ഗോകുലം ജയിച്ചാൽ സൂപ്പർ കപ്പിൽ കേരളത്തിൽനിന്ന്‌ രണ്ട്‌ ടീമാകും. കേരള ബ്ലാസ്‌റ്റേഴ്‌സാണ്‌ മറ്റൊരു ടീം. ഐ ലീഗിലെ ഒമ്പത്‌ ടീമുകളാണ്‌ യോഗ്യതയ്ക്കായി മത്സരിക്കുന്നത്‌. നാല്‌ ടീമുകൾക്കാണ്‌ അവസരം.
എട്ടിന്‌ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌ സൂപ്പർ കപ്പിന്റെ ആദ്യ മത്സരം. ആകെയുള്ള 16 ടീമുകളെ നാല്‌ ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്‌. 12 ടീമുകൾ ഐഎസ്‌എല്ലിൽനിന്നാണ്‌.

ഗ്രൂപ്പ്‌ എ, സി മത്സരങ്ങൾ കോഴിക്കോട്ടും ബി, ഡി  മത്സരങ്ങൾ പയ്യനാട്‌ സ്‌റ്റേഡിയത്തിലുമാണ്‌. വൈകിട്ട്‌ അഞ്ചിനും രാത്രി 8.30നുമാണ്‌ മത്സരം. ടിക്കറ്റ്‌ വിൽപ്പന തുടങ്ങിയിട്ടുണ്ട്‌. യോഗ്യതാ മത്സരത്തിന്‌ 150 രൂപയും സൂപ്പർ കപ്പ്‌ ഫൈനൽ റൗണ്ടിന്‌ 250 രൂപയുമാണ്‌ നിരക്ക്‌. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റ്‌ നിരക്ക്‌ തീരുമാനമായിട്ടില്ല.

കേരള സൂപ്പർ ലീഗ്‌ വരുന്നു

ഐഎസ്‌എൽ മാതൃകയിൽ കേരള സൂപ്പർ ലീഗ്‌ (കെഎസ്‌എൽ) വരുന്നു. കേരള പ്രീമിയർ ലീഗ്‌ നിലനിർത്തിയാണ്‌ കെഎസ്‌എൽ നടത്തുക. ആറുമുതൽ എട്ടുവരെ ടീമുകളാണ്‌ പരിഗണനയിൽ. ടീമുകൾസംബന്ധിച്ച്‌ ഏകദേശ ധാരണയായിട്ടുണ്ട്‌. ഒരു ടീമിൽ പരമാവധി അഞ്ച്‌ വിദേശതാരങ്ങൾവരെ ഉണ്ടാകും. സൂപ്പർ കപ്പ്‌ മത്സരത്തിനിടയിൽത്തന്നെ കെഎസ്‌എൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top