04 December Monday
ക്ലബ്ബോ രാജ്യമോ പ്രധാനം

‘ദേശീയ ടീമിനേക്കാൾ വലുതല്ല ഒന്നും’ ; തുറന്നടിച്ച്‌ ഛേത്രി

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023


മുംബൈ
രാജ്യമോ ക്ലബ്ബോ സൂപ്പർ? ഇന്ത്യൻ ഫുട്‌ബോളിൽ ഉയരുന്ന ചോദ്യമാണ്‌. ദേശീയ ടീമിലേക്ക്‌ ഇന്ത്യൻ സൂപ്പർ ലീഗ്‌ (ഐഎസ്‌എൽ) ക്ലബ്ബുകൾ കളിക്കാരെ വിട്ടുനൽകാത്ത പശ്ചാത്തലത്തിൽ ഏഷ്യൻ ഗെയിംസ്‌ പങ്കാളിത്തം പ്രതിസന്ധിയിലാണ്‌. നാലുതവണയാണ്‌ ടീമിനെ പ്രഖ്യാപിച്ചത്‌. കായിക മന്ത്രാലയത്തിന്റെ അന്തിമ പട്ടികയിൽ ക്ലബ്ബുകൾ വിട്ടുനൽകില്ലെന്ന്‌ പ്രഖ്യാപിച്ച കളിക്കാരുമുണ്ട്‌. 19ന്‌ ആതിഥേയരായ ചൈനയുമായാണ്‌ ഇന്ത്യയുടെ ആദ്യകളി. ടീം പുറപ്പെടാൻ രണ്ടുദിവസംമാത്രമാണ്‌ ബാക്കി. എന്നിട്ടും അന്തിമനിരയുടെ കാര്യത്തിൽ വ്യക്തത വരുത്താനായിട്ടില്ല. കോച്ച്‌ ഇഗർ സ്‌റ്റിമച്ച്‌ ടീമിനൊപ്പം പോകുമെന്നും ഇല്ലെന്നും വാർത്ത വരുന്നുണ്ട്‌.

പതിനെട്ട്‌ വർഷമായി ഇന്ത്യൻ ഫുട്‌ബോളിന്റെ മുഖമാണ്‌ സുനിൽ ഛേത്രി. രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരന്‌ രാജ്യമാണോ ക്ലബ്ബാണോ വലുത്‌ എന്ന ചോദ്യത്തിന്‌ ഒറ്റ ഉത്തരമേയുള്ളൂ–- ദേശീയ ടീം. ബംഗളൂരു എഫ്‌സി മാനേജ്‌മെന്റ്‌ മുന്നേറ്റക്കാരനെ വിടില്ലെന്ന്‌ വാശിപിടിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ ടീമിനായി കളിക്കണമെന്നാണ്‌ ആഗ്രഹമെന്ന്‌ മുപ്പത്തൊമ്പതുകാരൻ മാനേജ്‌മെന്റിനെ അറിയിച്ചു. ഒടുവിൽ ക്ലബ് അയഞ്ഞു. പുതിയ സാഹചര്യത്തിൽ ക്യാപ്‌റ്റൻ ഛേത്രി നിലപാട്‌ തുറന്നുപറയുന്നു. ഛേത്രിക്കിത്‌ മൂന്നാംഏഷ്യൻ ഗെയിംസാണ്‌. 2006ലായിരുന്നു അരങ്ങേറ്റം. 2014ൽ ടീം ക്യാപ്‌റ്റനായി. ഇന്ത്യക്കായി 142 കളിയിൽ 92 ഗോളുണ്ട്‌ മുന്നേറ്റക്കാരന്‌.

ഇങ്ങനെ പോരാ
ഇപ്പോൾ ആരെയും കുറ്റപ്പെടുത്താനില്ല. അത്‌ പിന്നീടാകാം. ബംഗളൂരു എഫ്‌സിയുടെ പരിശീലകൻ ഞാൻ പോകുന്നതിൽ സന്തുഷ്ടനല്ല. പക്ഷെ രാജ്യത്തിന്റെ വിളി വന്നാൽ പറ്റില്ലെന്ന്‌ ഒരുകാലത്തും പറയില്ല. അതിനേക്കാൾ വലുതല്ല മറ്റൊന്നും. ഈ ടീമിലെ പലരുമായും ഒരുമിച്ച്‌ കളിച്ചിട്ടേയില്ല. അത്‌ എത്രത്തോളം ബാധിക്കുമെന്നറിയില്ല. ഏഷ്യൻ ഗെയിംസിന്‌ മോശം പ്രകടനം നടത്തുന്നത്‌ ആലോചിക്കാനാകില്ല. ഏറ്റവും നല്ല ടീമുമായി ചൈനയിലേക്ക്‌ പോകണമെന്നാണ്‌ ആഗ്രഹം.

ക്ലബ്ബുകൾ കളിക്കാരെ വിട്ടുനൽകണം
ഓരോ ക്ലബ്ബും രണ്ട്‌ കളിക്കാരെയെങ്കിലും വിട്ടുനൽകണം. എളുപ്പമല്ല അതെന്നറിയാം. പക്ഷേ കുറച്ചുദിവസത്തേക്ക്‌ ആ നഷ്ടം സഹിച്ചേ മതിയാകൂ. ഒന്നിച്ച്‌ കളിച്ച്‌ പരിചയമുള്ളവരല്ല ഇപ്പോഴുള്ള ടീമിൽ. നിലവിൽ ചൈനയിൽ പരിശീലന ക്യാമ്പിലായിരുന്നു എല്ലാവരും വേണ്ടത്‌.

എന്തിനും തയ്യാർ
കളത്തിൽ അവസാന നിമിഷംവരെ വിയർപ്പൊഴുക്കാൻ ഞാൻ തയ്യാറാണ്‌. പക്ഷെ അതിൽ എത്ര കാര്യമുണ്ടാകുമെന്ന്‌ അറിയില്ല. ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിൽ ഇതാദ്യമായാണ്‌ ഒരു തയ്യാറെടുപ്പുമില്ലാതെ ഇത്രയും വലിയ ടൂർണമെന്റിന്‌ പോകുന്നത്‌. ഇത് നല്ല മാതൃകയല്ല.


ആശയക്കുഴപ്പം 
തുടരുന്നു, വീണ്ടും 21 അംഗ ടീം
ഏഷ്യൻ ഗെയിംസ്‌ ഫുട്‌ബോളിനുള്ള ഇന്ത്യൻ ടീമിനെച്ചൊല്ലി ആശയക്കുഴപ്പം തുടരുന്നു. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അന്തിമപട്ടികയിൽ 22 കളിക്കാരുടെ ടീമാണ്‌. എന്നാൽ പിന്നാലെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്‌) 21 പേരുമായി ടീം പുതുക്കി. സന്ദേശ് ജിങ്കൻ, ദീപക് ടാൻഗ്രി, ചിൻഗ്ലെൻസന സിങ്, ലാൽചുൻഗുൻങ്കുവ എന്നിവരെയാണ് ഉൾപ്പെടുത്തിയത്. ഇത് നാലാം തവണയാണ് ടീം പട്ടിക പുറത്തിറക്കുന്നത്.
ഇതിനിടെ ഐഎസ്എല്ലിൽ 22ന് നടക്കേണ്ട എഫ്സി ഗോവ–ഹെെദരാബാദ് എഫ്സി മത്സരം മാറ്റി. 


ഗോൾകീപ്പർമാർ: ഗുർമീത്‌ സിങ്, ധീരജ്‌ സിങ്.

പ്രതിരോധക്കാർ: സുമിത്‌ റാത്തി, നരേന്ദർ ഗഹ്‌ലോട്ട്‌, സന്ദേശ് ജിങ്കൻ, ദീപക് ടാൻഗ്രി, ചിൻഗ്ലെൻസന സിങ്, ലാൽചുൻഗുൻങ്കുവ.
മധ്യനിരക്കാർ: അമർജിത്‌ സിങ് കിയം, സാമുവൽ ജയിംസ്‌, കെ പി രാഹുൽ, അബ്‌ദുൽ റബീഹ്‌, ആയുഷ്‌ ദേവ്‌ഛേത്രി, ബ്രൈസ്‌ മിറാൻഡ, അസ്‌ഫർ നൂറാനി, വിൻസി ബരേറ്റോ.

മുന്നേറ്റക്കാർ: സുനിൽ ഛേത്രി,  റഹീം അലി,രോഹിത്‌ ദനു, ഗുർകിരത്‌ സിങ്, അനികേത്‌ ജാദവ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top