28 March Thursday

സുഭാഷ്‌ ഭൗമിക്‌ ; കളത്തിലെ ‘ബുൾഡോസർ’

സ്‌പോർട്‌സ്‌ ലേഖകൻUpdated: Sunday Jan 23, 2022

videograbbed image


ഒരിക്കൽ അഭിമുഖത്തിൽ സുഭാഷ്‌ ഭൗമിക്‌ പറഞ്ഞു ‘ഞാൻ ശ്വസിക്കുന്നതുപോലും ഫുട്‌ബോളാണ്‌. എനിക്കറിയാവുന്ന ഏകഭാഷയും അതുതന്നെ. ഒരുപക്ഷേ, കളിക്കാരനായി ഞാൻ അനുഭവിച്ച സന്തോഷം ജീവിതത്തിൽ പിന്നീടൊരിക്കലും എനിക്ക്‌ ലഭിച്ചിട്ടില്ല; അത്‌ കോച്ചായിരുന്നപ്പോൾപോലും’.  ഇന്ത്യൻ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരുടെ മുൻനിരയിലാണ്‌ ഭൗമിക്കിന്റെ സ്ഥാനം.

ബൂട്ടിൽ വേഗവും കരുത്തും നിറച്ചായിരുന്നു കളി. ശരിക്കും പ്രതിരോധകോട്ടകൾ ഇടിച്ചുനിരത്തുന്ന ‘ബുൾഡോസർ’. 1950ൽ ബംഗാളിലെ മാൾഡയിൽ ജനിച്ച്‌ 18–-ാംവയസ്സിൽ കൊൽക്കത്തയിലെ രാജസ്ഥാൻ ക്ലബ്ബിലായിരുന്നു അരങ്ങേറ്റം. ഒന്നരപ്പതിറ്റാണ്ടോളം ഇന്ത്യൻ ജേഴ്‌സിയിൽ മിന്നിത്തിളങ്ങി. 1969ൽ ഈസ്‌റ്റ്‌ ബംഗാളിൽ ചേർന്നത്‌ ജീവിതം മാറ്റിമറിച്ചു. അഞ്ച്‌ സീസണിൽ ഈസ്‌റ്റ്‌ ബംഗാളിനും ആറ്‌ സീസൺ മോഹൻ ബഗാനും കളിച്ചു. ഈസ്‌റ്റ്‌ ബംഗാളിനായി 213 കളിയിൽ 165 ഗോളടിച്ചു. ബഗാനായി 90 തവണ ഇറങ്ങിയപ്പോൾ 85 ഗോൾ.

1970ൽ മെർദേക്ക ഫുട്‌ബോൾ ടൂർണമെന്റിലാണ്‌ ദേശീയകുപ്പായത്തിൽ അരങ്ങേറ്റം. 15 വർഷത്തിനിടെ ഇന്ത്യക്കായി 69 കളിയിൽ 50 ഗോളടിച്ചു. ബാങ്കോക്കിൽ 1970ൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡൽ നേടിയ ടീമിൽ അംഗമായി. ആദ്യകളിയിൽ തായ്‌ലൻഡിനെതിരെ രണ്ട്‌ ഗോൾ നേടി. സെമിയിൽ തോറ്റ ഇന്ത്യ ജപ്പാനെ തോൽപ്പിച്ചാണ്‌ വെങ്കലം നേടിയത്‌. 1971ൽ മെർദേക്ക ഫുട്‌ബോളിൽ ഫിലിപ്പീൻസിനെതിരെ ഹാട്രിക്‌ നേടി. സന്തോഷ്‌ ട്രോഫി കിരീടം നേടിയ ബംഗാൾ ടീമിൽ അംഗമായിരുന്നു. പരിശീലകനായുള്ള ആദ്യവരവിൽ ശോഭിക്കാനായില്ല. ഇന്ത്യൻ ടീമിന്റെ കോച്ചായപ്പോഴും നേട്ടമുണ്ടായില്ല.  1999 മുതൽ 15 വർഷം കോച്ചായിരുന്നു. ഇക്കാലയളവിൽ ഈസ്‌റ്റ്‌ ബംഗാൾ, മോഹൻ ബഗാൻ, മുഹമ്മദൻസ്‌, സാൽഗോക്കർ, ചർച്ചിൽ ബ്രദേഴ്‌സ്‌ ടീമുകളെ പരിശീലിപ്പിച്ചു. ഈസ്‌റ്റ്‌ ബംഗാളിനായി 2002–-2005 കാലത്ത്‌ ഒട്ടേറെ കിരീടങ്ങൾ നേടി. അതിൽ പ്രധാനം 2003ലെ ആസിയാൻ ക്ലബ് കിരീടമാണ്‌.

ദേശീയ ലീഗ്‌, ഡ്യുറാന്റ്‌ കപ്പ്‌, ഐഎഫ്‌എ ഷീൽഡ്‌, കൊൽക്കത്ത ലീഗ്‌ കിരീടങ്ങൾ സ്വന്തമാക്കി. ചർച്ചിൽ ബ്രദേഴ്‌സ്‌ 2012–-13ൽ ദേശീയ കിരീടം നേടിയപ്പോൾ ടെക്‌നിക്കൽ ഡയറക്‌ടറായിരുന്നു. ആകെ നേടിയ 26 കിരീടങ്ങളിൽ 18 എണ്ണം ബഗാനുവേണ്ടിയായിരുന്നു.

കളിക്കളത്തിനുപുറത്ത്‌ ഒട്ടേറെ വിവാദങ്ങളിൽ ഉൾപ്പെട്ടതാണ്‌ ജീവിതം. നാലുവയസ്സുണ്ടായിരുന്ന മകന്റെ മരണം, ലഹരിക്ക്‌ അടിമയായ കാലം, കൈക്കൂലി കേസിൽപ്പെട്ട്‌ ജയിൽശിക്ഷ എന്നിവയും മറക്കാനാകാത്ത ഏടുകളാണ്‌. സെൻട്രൽ എക്‌സൈസിൽ ഉദ്യോഗസ്ഥനായിരിക്കെ 2005ൽ ഒരു വ്യവസായിയിൽനിന്ന്‌ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോൾ സിബിഐ കൈയോടെ പിടികൂടിയിരുന്നു. 2018ൽ മൂന്നുവർഷത്തെ ജയിൽശിക്ഷ വിധിച്ചു.

കുറച്ചുകാലമായി വിവിധ രോഗങ്ങൾ വിടാതെ പിന്തുടർന്നു. 23 വർഷംമുമ്പ്‌ ബൈപാസ്‌ ഹൃദയശസ്‌ത്രക്രിയക്ക്‌ വിധേയനായിരുന്നു. കടുത്ത പ്രമേഹവും അലട്ടി. വൃക്കരോഗം കടുത്തതിനാൽ രണ്ടാഴ്‌ചയായി ദക്ഷിണ കൊൽക്കത്തയിലെ ഏക്‌ബൽപുരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഞങ്ങൾ അച്ഛനും 
മകനുമായിരുന്നു : ഐ എം വിജയൻ
എനിക്ക്‌ അദ്ദേഹം വെറുമൊരു പരിശീലകനല്ലായിരുന്നു. മൂന്നുപതിറ്റാണ്ടായുള്ള ബന്ധമാണ്‌. അച്ഛനും മകനുമായാണ്‌ ഞങ്ങൾ കഴിഞ്ഞിരുന്നത്‌. മോഹൻ ബഗാനുവേണ്ടി കളിക്കാൻ 1991ൽ കൊൽക്കത്തയിൽ എത്തിയപ്പോൾ തുടങ്ങിയ ബന്ധം മരണംവരെയും തുടർന്നു. സ്ഥിരമായി ഫോണിൽ സംസാരിക്കും. നാലുമാസംമുമ്പ്‌ കൊൽക്കത്തയിൽ പോയപ്പോൾ കണ്ടിരുന്നു. അത്രയേറെ വാത്സല്യം എന്നോടുണ്ടായിരുന്നു.

ബോംബുപോലെ 
ആ ഗോൾ : വിക്ടർ മഞ്ഞില
അന്നത്തെ മദ്രാസിലായിരുന്നു 1971ലെ സന്തോഷ്‌ ട്രോഫി. കേരളത്തിന്റെ ഗ്രൂപ്പിൽ സർവപ്രതാപികളായ ബംഗാൾ. സുഭാഷ്‌ ഭൗമിക്‌ അടക്കം എല്ലാവരും ഇന്ത്യൻ കളിക്കാർ. കളിക്കളത്തിൽ ഞങ്ങൾ വിട്ടുകൊടുത്തില്ല. ഗോളടിക്കാൻ അനുവദിക്കാതെ ബംഗാളിനെ 89 മിനിറ്റ്‌ പിടിച്ചുകെട്ടി. കളി തീരാൻ ഒറ്റ മിനിറ്റുമാത്രം. വെടിയുണ്ടപോലെ ഒരു പന്ത്‌ വരുന്നത്‌ മിന്നായംപോലെ കണ്ടു. ഒന്നും ചെയ്യാനായില്ല. വലയിൽ തറച്ച്‌  ഉരുണ്ടുവീണ പന്ത്‌ എടുക്കാനേ സാധിച്ചുള്ളൂ. ഭൗമിക്കിന്റെ ബൂട്ടിൽനിന്നായിരുന്നു ആ ‘ബോംബ്‌’. കളി കഴിഞ്ഞു. അരനൂറ്റാണ്ട്‌ പിന്നിടുമ്പോഴും ആ ഗോൾ ഉറക്കംകെടുത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top