19 September Friday

സംസ്ഥാന സ്കൂൾ കായികോത്സവം : പാലക്കാട്‌ കിരീടത്തിലേക്ക്‌


സ്വന്തം ലേഖകൻUpdated: Monday Dec 5, 2022

ജൂനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണം നേടുന്ന പാലക്കാട്‌ നല്ലേപ്പിള്ളി എസ്‌കെഎച്ച്‌എസ്‌എസിലെ ബി ബിനോയ് \ ഫോട്ടോ: സുമേഷ് കോടിയത്ത്


തിരുവനന്തപുരം
സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പുതുചരിത്രം പിറക്കുന്നു. മേള ഇന്ന്‌ അവസാനിക്കാനിരിക്കെ പാലക്കാട്‌ ജില്ല വൻ കുതിപ്പ്‌ തുടർന്നു. സ്‌കൂളുകളിൽ മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസ്‌ അപ്രതീക്ഷിത മുന്നേറ്റവുമായി ചാമ്പ്യൻ സ്‌കൂളുകളെ പിന്നിലാക്കി. പാലക്കാട്‌ 24 സ്വർണവും 17 വെള്ളിയും 16 വെങ്കലവുമടക്കം 206 പോയിന്റ്‌ സ്വന്തമാക്കി കഴിഞ്ഞു. കടകശേരി ഐഡിയൽ സ്‌കൂളിന്റെ കരുത്തിൽ മലപ്പുറം രണ്ടാംസ്ഥാനത്തേക്ക്‌ കയറി (110). കോഴിക്കോട്‌ (73) മൂന്നാമതും കോട്ടയം നാലാമതും (68) തൃശൂർ (65) അഞ്ചാമതുമാണ്‌. ആദ്യ രണ്ട്‌ ദിനങ്ങളിൽ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന എറണാകുളം (58) ആറാംസ്ഥാനത്താണ്‌.

സ്‌കൂളുകളിൽ ഐഡിയലിന്‌ ഏഴ്‌ സ്വർണവും അഞ്ച്‌ വെള്ളിയും മൂന്ന്‌  വെങ്കലവും ഉൾപ്പെടെ 53 പോയിന്റാണ്‌. അഞ്ചുവീതം സ്വർണവും വെള്ളിയും ഒരു വെങ്കലവുമായി 41 പോയിന്റുമായി കല്ലടി എച്ച്‌എസ്‌ കുമരംപൂത്തുർ പിന്നിലുണ്ട്‌. നിലവിലെ ചാമ്പ്യൻ സ്‌കൂളായ കോതമംഗലം മാർബേസിലും പുല്ലൂരാംപാറ സെന്റ്‌ ജോസഫ്‌സും (31) മൂന്നാമതാണ്‌. പറളി സ്‌കൂൾ നാലാമതും (29) നാട്ടിക അഞ്ചാമതുമാണ്‌(26).

മൂന്നാംദിനത്തിൽ രണ്ട്‌ മീറ്റ്‌ റെക്കോഡ്‌ പിറന്നു. സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഐഡിയൽ ഇഎച്ച്‌എസ്‌എസിലെ ഐശ്യര്യ സുരേഷും (38.16 മീറ്റർ) ജൂനിയർ ആൺകുട്ടികളുടെ ഡിസ്‌കസ്‌ ത്രോയിൽ ജിഎച്ച്‌ എസ്‌എസ്‌ കുട്ടമത്തിന്റെ കെ സി സർവാനും (50.93 മീറ്റർ) പുതിയ ദൂരമെറിഞ്ഞു. ഇതോടെ മേളയിലാകെ ആറ്‌ റെക്കോഡുകളായി. അവസാന ദിവസമായ ഇന്ന്‌ 24 ഫൈനൽ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top