02 July Wednesday

അഖില 43:40

എസ്‌ കിരൺ ബാബുUpdated: Sunday Dec 4, 2022

തിരുവനന്തപുരം> അഖില രാജു ഡിസ്‌കസ്‌ കൈയിലെടുത്താൽ റെക്കോഡ്‌ ഉറപ്പാണ്‌. അക്കാര്യത്തിൽ ഇത്തവണയും മാറ്റമുണ്ടായില്ല, എറിഞ്ഞുനേടിയ ദൂരം 43:40മീറ്റർ. പഴങ്കഥയാക്കിയത്‌ 12 വർഷം പഴക്കമുള്ള റെക്കോഡ്‌. 2010 ൽ കോതമംഗലം മാർബേസിലിലെ നീന എലിസബത്ത് ബേബി സ്ഥാപിച്ച 40.72 മീറ്റർ ദൂരമാണ്‌ തിരുത്തിയത്‌. ഈ കായികോത്സവത്തിലെ ആദ്യ മീറ്റ് റെക്കോഡും അഖിലയുടെതാണ്‌.

 നവംബറിൽ ഗുവാഹത്തിയിൽ നടന്ന ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ അണ്ടർ 18 പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിലും അഖില സ്വർണം നേടിയിരുന്നു. സംസ്ഥാന ജൂനിയർ മീറ്റിൽ ഡിസ്കസ് ത്രോയിലും ഷോട്ട്പുട്ടിലും സ്വർണം ലഭിച്ചിട്ടുണ്ട്. ഒക്ടോബറിൽ ഭോപാലിൽ നടന്ന യൂത്ത് മീറ്റിൽ ഡിസ്കസ് ത്രോയിൽ ആറാം സ്ഥാനം നേടി.

കാസർകോട് ചിമേനി ജിഎച്ച്എസ്എസിലെ പ്ലസ്‌ വൺ വിദ്യാർഥിനിയായ അഖില  നാലാം ക്ലാസ് മുതൽ ത്രോ ഇനങ്ങളിൽ മത്സരിക്കുന്നുണ്ട്‌.  നാലുവർഷം മുമ്പാണ് ചെറുവത്തൂർ കെ സി ത്രോ അക്കാദമിയിൽ കെ സി ഗീരീഷിന്റെ ശിക്ഷണത്തിൽ പരിശീലനം ആരംഭിക്കുന്നത്. ദേശീയ റെക്കോഡായ 45.03 മറികടക്കുകയാണ് ലക്ഷ്യമെന്ന്‌ അഖില പറഞ്ഞു.  

കരിവെള്ളൂർ - പെരളം  കിണർമുക്കിൽ ടി എം രാജുവിന്റെയും എം ആർ സിന്ധുവിന്റെയും മകളാണ്.  മകളെ ലോകമറിയുന്ന കായിക താരമാക്കുകയെന്നതാണ്‌ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. ടാപ്പിങ് തൊഴിലാളിയായ  രാജുവാണ്‌  23 കിലോമീറ്റർ അകലെയുള്ള പരിശീലനകേന്ദ്രത്തിലേക്ക് അഖിലയെ ദിവസവും കൊണ്ടുപോകുന്നത്.‌ ആലപ്പുഴ സൗത്ത് ആര്യാട് എൽഎച്ച്എസ്എസിലെ ആഷ്‌ലി തെരേസ വെള്ളിയും (34.31 മീറ്റർ) കോതമംഗലം സെന്റ് അഗസ്റ്റിൻ ജിഎച്ച്എസ്എസിലെ അപ്രിത ജോൺ വെങ്കലവും (28.79) നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top