27 April Saturday
കായികപ്രവര്‍ത്തനം താഴേത്തട്ടില്‍ 
സജീവമാക്കും , പ്രൈമറിതലംമുതല്‍ പരിശീലനം

‘എല്ലാവർക്കും സ്പോർട്‌സ്, എല്ലാവർക്കും ആരോഗ്യം’ ; കായികനയത്തിന് മന്ത്രിസഭയുടെ 
അംഗീകാരം

സ്വന്തം ലേഖകൻUpdated: Wednesday Mar 8, 2023



തിരുവനന്തപുരം
കേരളത്തിന്റെ സമഗ്രമായ കായിക വികസനം ലക്ഷ്യമിട്ടുള്ള കായികനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ‘എല്ലാവർക്കും സ്പോർട്സ്, എല്ലാവർക്കും ആരോഗ്യം’ എന്ന വീക്ഷണം ഉൾക്കൊള്ളുന്ന സമഗ്ര നയമാണ് സർക്കാർ രൂപീകരിച്ചത്. കായിക പ്രതിഭകളെ കണ്ടെത്താനും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കാനുമാണ് മുൻതൂക്കം. പ്രൈമറിതലംമുതൽ സ്പോർട്സ് നിർബന്ധമാക്കേണ്ടതിന്റെ പ്രാധാന്യവും നയത്തിൽ സൂചിപ്പിക്കുന്നു.കായിക വിദ്യാഭ്യാസം പ്രായഭേദമന്യേ എല്ലാവർക്കും ലഭ്യമാക്കും. ശാസ്ത്രീയ സെലക്‌ഷനും പരിശീലനരീതികളും വഴി അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെ വളർത്തിയെടുക്കാനുള്ള വ്യക്തമായ മാർഗനിർദേശങ്ങളുണ്ട്.

തദ്ദേശ സ്ഥാപനതല സ്പോർട്സ് കൗൺസിലുകളുടെയും മറ്റും സഹായത്തോടെ കായികപ്രവർത്തനം താഴേത്തട്ടിൽ സജീവമാക്കും.കായികരംഗത്തെ പുതിയ സാങ്കേതികവിദ്യകളും ഗവേഷണങ്ങളും നൂതനാശയങ്ങളും സ്വീകരിക്കും. കായിക വിനോദവ്യവസായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തും. സ്പോർട്സ് ടെക്നോളജി, സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് സയൻസ് രംഗങ്ങളിലെ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകും.സ്വകാര്യ സംരംഭകർ, സഹകരണമേഖല, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ വിവിധ  പദ്ധതികൾ നടപ്പാക്കും. എൻജിഒ, എംഎസ്എംഇ, സാമൂഹിക സംഘടനകൾ തുടങ്ങിയവയെയും കായിക മേഖലയിൽ കൂടുതലായി ഇടപെടാൻ പ്രേരിപ്പിക്കും. അടുത്ത അഞ്ചുവർഷത്തിനകം ‌കേരള സമ്പദ്‌വ്യവസ്ഥയിൽ സ്‌പോർട്സിന്റെ സംഭാവന നാലുശതമാനംവരെയാക്കും. വലിയതോതിൽ തൊഴിൽ നൽകുന്ന ഒന്നായി കായികമേഖലയെ വളർത്തും. ഈ രംഗത്തെ തൊഴിലവസരങ്ങളിൽ അടുത്ത അഞ്ചുവർഷത്തിനകം 100 ശതമാനം വളർച്ച

നേടാനും കായികതാരങ്ങൾക്കുള്ള തൊഴിൽ സാധ്യതകൾ വർധിപ്പിക്കാനും ലക്ഷ്യമിടുന്നതാണ്  നയം. നയത്തിനുമേലുള്ള ഭേദഗതി ശുപാർശകൾ പരിഗണിക്കാനും തീരുമാനിച്ചു. ഒരുവർഷത്തെ ക്രിയാത്മകമായ ചർച്ചകൾക്കും പഠനങ്ങൾക്കുംശേഷമാണ് നയം തയ്യാറാക്കിയത്. ഇതിനായി വിദഗ്ധസമിതിയും ഉന്നതസമിതിയും രൂപീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top