26 April Friday

ആയിരം നീക്കങ്ങൾ ലക്ഷ്യമില്ലാത്ത യുദ്ധങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

image credit FIFA WORLD CUP twitter

ദോഹ
ഖത്തറിൽ അത്ഭുതം കാട്ടുമെന്നായിരുന്നു സ്‌പാനിഷുകാർക്ക്‌ പരിശീലകൻ ലൂയിസ്‌ എൻറിക്വെ ഉറപ്പുനൽകിയത്‌. പക്ഷേ, പ്രീക്വാർട്ടർ കഴിയുമ്പോഴേക്കും ടീം നാട്ടിലേക്ക്‌ മടങ്ങി. കാഴ്‌ചക്കാരെ മടുപ്പിക്കുന്ന കളിയുമായാണ്‌ സ്‌പെയ്‌ൻ കളമൊഴിഞ്ഞത്‌. വലിയ ടീമുകളുമായി ഏറ്റുമുട്ടാനുള്ള കരുത്തിൽ സ്‌പെയ്‌ൻ കാതങ്ങൾ പിന്നിലാണെന്നായിരുന്നു സ്‌പാനിഷ്‌ ഫുട്‌ബോൾ വിദഗ്‌ധരുടെ പ്രതികരണം. ഇതോടെ എൻറിക്വെയുടെ ‘പാസിങ്‌ പരീക്ഷണം’ അവസാനിക്കുമെന്നാണ്‌ വിലയിരുത്തൽ.

പത്തുവർഷമായി സ്‌പെയ്‌ൻ പ്രധാന ടൂർണമെന്റുകളിൽ ഒരു കിരീടംനേടിയിട്ട്‌. ഇതിനിടെ രണ്ട്‌ യൂറോയും മൂന്ന്‌ ലോകകപ്പും കഴിഞ്ഞു. 2010ൽ ലോകകപ്പ്‌ കിരീടം നേടിയശേഷം പ്രീക്വാർട്ടർ കടക്കാൻ കഴിഞ്ഞിട്ടില്ല സ്‌പെയ്‌നിന്‌. ലോകകപ്പിൽ നാലുതവണ ഷൂട്ടൗട്ടിൽ തോറ്റ ഏക ടീമും സ്‌പെയ്‌നാണ്‌. ലോകകപ്പിനുമുമ്പ്‌ 1000 പെനൽറ്റികളെങ്കിലും പരിശീലിച്ചുവെന്നായിരുന്നു എൻറിക്വെയുടെ അവകാശവാദം.
ഇക്കുറി സ്‌പാനിഷ്‌ ടീമിൽ അതിന്റെ ആരാധകർക്കുപോലും വലിയ പ്രതീക്ഷകളുണ്ടായില്ല. എങ്കിലും കളിരീതിയിൽ മാറ്റം അവർ ആഗ്രഹിച്ചിരുന്നു. ‘ഫുട്‌ബോളിന്റെ ലക്ഷ്യം ആനന്ദിപ്പിക്കുക എന്നതാണ്‌, അവരെ മടുപ്പിക്കാനുള്ളതല്ല’ –- ഇതായിരുന്നു എൻറിക്വെ ഒരുതവണ പറഞ്ഞത്‌. അതേ എൻറിക്വെയുടെ ടീമാണ്‌ പാസിങ്‌ കളികൊണ്ട്‌ മടുപ്പിച്ചത്‌.

മൊറോക്കോയ്‌ക്കെതിരെ 1019 പാസുകളായിരുന്നു. അതിൽ 926 എണ്ണവും കൃത്യതയുള്ളത്‌. 77 ശതമാനം പന്ത്‌ നിയന്ത്രണം. 90 ശതമാനം അതിലെ കൃത്യത. പക്ഷേ, ലക്ഷ്യത്തിലേക്കുള്ള ഷോട്ട്‌ ഒന്നുമാത്രം. ബോക്‌സിനുപുറത്ത്‌ പന്ത്‌ കൈമാറികൊണ്ടിരുന്ന സ്‌പാനിഷ്‌ താരങ്ങൾ മൊറോക്കോയ്‌ക്ക്‌ പ്രതിരോധം കൂടുതൽ സംഘടിതമാക്കാൻ സഹായിക്കുകയായിരുന്നു. അൽവാരോ മൊറാട്ടയെന്ന സെൻട്രൽ സ്‌ട്രൈക്കറെ വല്ലപ്പോഴുംമാത്രമാണ്‌ എൻറിക്വെ  തന്റെ ശൈലിയിൽ ഉൾപ്പെടുത്തുന്നത്‌. പഴകിപ്പൊളിഞ്ഞ ‘ടികി ടാക’ ശൈലി കളത്തിൽ ഒരു ഉന്മേഷവും നൽകുന്നില്ല.

ജപ്പാനെതിരെ 1058, ജർമനിയോട്‌ 634, കോസ്‌റ്ററിക്കയോട്‌ 1045 ഇതായിരുന്നു മറ്റ്‌ മത്സരങ്ങളിലെ സ്‌പെയ്‌നിന്റെ പാസ്‌ കണക്കുകൾ. കോസ്‌റ്ററിക്കയെ ഏഴ്‌ ഗോളിന്‌ തോൽപ്പിച്ചു. ജർമനിയോട്‌ സമനില. ജപ്പാനോട്‌ തോറ്റു. ആ കളിയിൽ 83 ശതമാനമായിരുന്നു സ്‌പെയ്‌നിന്റെ പന്ത്‌ നിയന്ത്രണം.
പ്രതാപകാലത്ത്‌ സ്‌പെയ്‌നിന്റെ കളിക്കൊരു ഭംഗിയുണ്ടായിരുന്നു. പന്ത്‌ പൂർണമായും കൈവശംവച്ച്‌, എതിരാളികൾ പന്തിനായി വരുന്ന ഘട്ടത്തിൽ ഗോളിലേക്ക്‌ വഴികളുണ്ടാക്കുന്ന രീതി. അത്‌ കാലഹരണപ്പെട്ടു. എതിരാളികൾ മറുതന്ത്രം പഠിച്ചു, പയറ്റി, കീഴടക്കി. ജപ്പാനും മൊറോക്കോയുമാണ്‌ അവസാനമായി ഇത്‌ തെളിയിച്ച ടീമുകൾ.

‘ഞങ്ങൾക്ക്‌ ബോക്‌സിനുപുറത്തുനിന്ന്‌ ഷോട്ട്‌ പായിക്കാനാകുന്നില്ല, ഒരു ക്രോസ്‌ തൊടുക്കാനാകുന്നില്ല, ശാരീരികമായി കരുത്തില്ല, വേഗതയില്ല, ഏറെസമയം പന്തുതട്ടാൻ കഴിയുന്നില്ല. പന്ത്‌ കൂടുതൽ സമയം ഒരാളിൽ നിയന്ത്രിച്ച്‌ നിർത്താനാകുന്നില്ല, സെറ്റ്‌ പീസുകളിൽ മികവില്ല’ –- തോൽവിക്കുശേഷം ഇതായിരുന്നു സ്‌പാനിഷുകാരുടെ പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top