തിരുവനന്തപുരം
എല്ലാ ആവേശവും മഴയിൽ ഒലിച്ചുപോയി. തോരാമഴയിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയം ‘വാട്ടർഫീൽഡാ’യതോടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ദക്ഷിണാഫ്രിക്ക–-അഫ്‌ഗാനിസ്ഥാൻ സന്നാഹമത്സരം ഉപേക്ഷിച്ചു. ഒറ്റപ്പന്തുപോലും എറിയാനായില്ല. ഇന്നുനടക്കുന്ന ഓസ്‌ട്രേലിയ–-നെതർലൻഡ്‌സ് പോരാട്ടത്തിനും മഴ ഭീഷണിയായുണ്ട്. അഞ്ചുദിവസമാണ് തിരുവനന്തപുരത്ത് മഴപ്രവചനം.
തലസ്ഥാനത്ത് വെള്ളി പുലർച്ചെമുതൽ കനത്ത മഴയായിരുന്നു. മത്സരസമയമായ പകൽ രണ്ടായപ്പോഴും കുറഞ്ഞില്ല. മഴയുടെ ശക്തികുറഞ്ഞപ്പോഴും സ്‌റ്റേഡിയം വെള്ളത്തിലായിരുന്നു. രണ്ടുതവണ അമ്പയർമാർ പരിശോധന നടത്തിയിട്ടും പ്രതീക്ഷയുണ്ടായില്ല. രണ്ട് മണിക്കൂർകൊണ്ട് മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. അഫ്‌ഗാൻ ടീം സ്‌റ്റേഡിയത്തിലെത്തി. ദക്ഷിണാഫ്രിക്ക ഹോട്ടലിൽ തങ്ങി. കളി കാണാൻ ആകെ എത്തിയത് ഇരുപതോളം വരുന്ന അഫ്‌ഗാൻ ആരാധകർമാത്രമായിരുന്നു. ഒക്‌ടോബർ രണ്ടിന് ന്യൂസിലൻഡുമായാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത കളി. ഗ്രീൻഫീൽഡാണ് വേദി. അഫ്‌ഗാൻ മൂന്നിന് ഗുവാഹത്തിയിൽ ശ്രീലങ്കയെ നേരിടും.

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്ക–അഫ്ഗാനിസ്ഥാൻ മത്സരം മഴ കാരണം ഉപേക്ഷിക്കുന്നതിനുമുമ്പ്
പരിശോധന നടത്തുന്ന അമ്പയർമാർ/ ഫോട്ടോ: ജി പ്രമോദ്
ഇന്ന് പകൽ രണ്ടിനാണ് ഓസ്‌ട്രേലിയ നെതർലൻഡ്‌സുമായി ഏറ്റുമുട്ടുന്നത്. മഴ ഈ മത്സരത്തെയും ബാധിക്കാനിടയുണ്ട്. അഞ്ചുതവണ ചാമ്പ്യൻമാരായ ഓസീസ് അഞ്ചാംലോകകപ്പ് മാത്രം കളിക്കുന്ന നെതർലൻഡ്‌സിനെതിരെ തകർപ്പൻ ജയമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുമായുള്ള പരമ്പര അടിയറവ് വച്ചെങ്കിലും അവസാനകളിയിൽ ജയിക്കാനായത് പാറ്റ് കമ്മിൻസിനും കൂട്ടർക്കും ആത്മവിശ്വാസം നൽകുന്നതാണ്. ഡച്ച് പട യോഗ്യതാ കടമ്പ കടന്നാണ് ലോകകപ്പിന് എത്തുന്നത്.
ഇന്ത്യ ഇന്ന് ആദ്യ സന്നാഹ മത്സരത്തിൽ ലോക ജേതാക്കളായ ഇംഗ്ലണ്ടിനെ നേരിടും. ഗുവാഹത്തിയിൽ പകൽ രണ്ടിനാണ് കളി. ഒക്ടോബർ മൂന്നിന് നെതർലൻഡ്സുമായുളള കളിക്ക് തിരുവനന്തപുരത്തെത്തും .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..