19 December Friday

തോക്കുകൾ ഗർജിക്കുന്നു ; മൂന്ന് സ്വർണം ഉൾപ്പെടെ 
ആകെ 12 മെഡലുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

image credit asian games facebook


ഹാങ്ചൗ
ഇന്ത്യൻ തോക്കുകൾ മെഡൽ പൊഴിക്കുന്നു. ഏഷ്യൻ ഗെയിംസ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽവേട്ടയിലാണ്‌ ഷൂട്ടർമാർ. ഇന്നലെ രണ്ട്‌ സ്വർണവും മൂന്ന്‌ വെള്ളിയും രണ്ട്‌ വെങ്കലവും വെടിവച്ചിട്ടു. ഇതുവരെ മൂന്ന്‌ സ്വർണം നേടിയ ഷൂട്ടർമാർ നാല്‌ വെള്ളിവും അഞ്ച്‌ വെങ്കലവും സ്വന്തമാക്കി.  12 മെഡലാണ്‌ സംഭാവന. 2006 ദോഹ ഗെയിംസിൽ മൂന്ന്‌ സ്വർണമടക്കം 14 മെഡൽ നേടിയതാണ്‌ ഇതുവരെയുള്ള മികച്ച പ്രകടനം. 

പഞ്ചാബുകാരി സിഫ്‌റ്റ്‌ കൗർ സമ്രയാണ്‌ ഇന്നലത്തെ താരം. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ്‌ വ്യക്തിഗത ഇനത്തിൽ 469.6 പോയിന്റ്‌ നേടി സ്വർണം കരസ്ഥമാക്കി. ഇത്‌ ലോക റെക്കോഡാണ്‌. ബാകുവിൽ കഴിഞ്ഞ മേയിൽ ബ്രിട്ടന്റെ സിയോനെയ്‌ഡ്‌ മകിൻറ്റോഷ്‌ കുറിച്ച 467 പോയിന്റാണ്‌ ഇരുപത്തിരണ്ടുകാരി മായ്‌ച്ചത്‌. അഷി ചോക്‌സിക്ക്‌ വെങ്കലമുണ്ട്‌. ടീം ഇനത്തിൽ സിഫ്‌റ്റിനും അഷി ചോക്‌സിക്കുമൊപ്പം മനിനി കൗഷികും ചേർന്ന്‌ വെള്ളി നേടി. ഇവർക്ക്‌ 1764 പോയിന്റാണ്‌. ചൈനയ്‌ക്കാണ്‌ സ്വർണം.

വനിതകളുടെ 25 മീറ്റർ പിസ്‌റ്റൾ ടീം ഇനത്തിലാണ്‌ രണ്ടാമത്തെ സ്വർണം. മനു ഭക്കർ, ഇഷാസിങ്, റിഥം സജ്‌വാൻ എന്നിവരായിരുന്നു ടീം. ഇവർക്ക്‌ 1759 പോയിന്റുണ്ട്‌. ചൈന വെള്ളിയും ദക്ഷിണകൊറിയ വെങ്കലവും നേടി. വ്യക്തിഗത വിഭാഗത്തിൽ ഹൈദരാബാദിൽനിന്നുള്ള പതിനെട്ടുകാരി ഇഷാ സിങ്ങിന്‌ വെള്ളിയുണ്ട്‌. ചൈനയ്‌ക്കാണ്‌ സ്വർണം.

പുരുഷന്മാരുടെ ഷോട്ട്‌ഗൺ സ്‌കീറ്റ്‌ വ്യക്തിഗത ഇനത്തിൽ ആനന്ദ്‌ ജീത്‌ സിങ് നകുറ വെള്ളി സ്വന്തമാക്കി. കുവൈത്തിന്റെ അബ്‌ദുള്ള അൽറാഷിദിയാണ്‌ ഒന്നാംസ്ഥാനത്ത്‌. റാഷിദി ലോക റെക്കോഡിനൊപ്പമെത്തി. ഈ ഇനത്തിൽ ടീം വിഭാഗത്തിൽ ഇന്ത്യ മൂന്നാമതായി. ആനന്ദിനൊപ്പം ഗുർജോത്‌ സിങ് ഖൻഗുര, ആൻഗാത്‌ വീർ സിങ് ബജ്വ എന്നിവർ ടീമിൽ ഉൾപ്പെട്ടു. ചൈനയ്‌ക്കും ഖത്തറിനുമാണ്‌ ആദ്യ രണ്ട്‌ സ്ഥാനങ്ങൾ. ഷൂട്ടിങ്ങിൽ 33 സ്വർണമെഡലാണുള്ളത്‌. 19 ഇനങ്ങൾ പൂർത്തിയായി. നാല്‌ ദിവസത്തിനുള്ളിൽ 14 ഇനങ്ങൾകൂടി നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top