24 April Wednesday

ആംപ്യൂട്ടി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഇറാനില്‍ പന്ത് തട്ടാന്‍ സ്‌പോണ്‍സറെ തേടി ശിബിന്‍ രാജ്

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

ഇറാനിൽ നടക്കുന്ന പശ്ചിമേഷ്യൻ ആംപ്യൂട്ടി 
ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അവസരം ലഭിച്ച
ചന്തേരയിലെ കെ പി ശബിൻ രാജ്.

തൃക്കരിപ്പൂർ> ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ പശ്ചിമേഷ്യൻ ആംപ്യൂട്ടി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പണമില്ലാതെ വിഷമിക്കുകയാണ് ചന്തേരയിലെ കെ പി ശബിൻ രാജ്. 18 അംഗ ഇന്ത്യൻ ടീം അംഗമാണ് ശബിൻ രാജ്. വേൾഡ് ആംപ്യൂട്ടി ഫുട്ബോൾ ഫെഡറേഷന്റെ കീഴിൽ ഇറാൻ ആംപ്യൂട്ടി ഫുട്ബോൾ ഫെഡറേഷൻ മാർച്ച് മാസത്തിൽ ഇറാനിലെ കിഷ് ഐലൻഡിലാണ്  മത്സരം.
ഫെബ്രുവരി 15-നാണ് ഇന്ത്യൻ ടീം പുറപ്പെടുന്നത്. 1,60,000 രൂപയാണ് ചെലവ് വരുന്നത്.
 
നിർധന കുടുംബത്തിലെ അംഗമായ ശബിൻ രാജിന് ഇത് താങ്ങാൻ കഴിയില്ല. 2019-ൽ തൃക്കരിപ്പൂർ ഇ കെ നായനാർ ഗവ. പോളിയിൽ മൂന്നാംവർഷ വിദ്യാർഥിയായിരിക്കേ തൃക്കരിപ്പൂർ തങ്കയത്ത് ബൈക്കിൽ കാറിടിച്ച് പരിക്കേറ്റതിനെത്തുടർന്നാണ് ശബിൻ രാജിന്റെ വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നത്. ഒരു വർഷം പഠനം തടസ്സപ്പെട്ടെങ്കിലും തൊട്ടടുത്ത വർഷം പഠനം പുനരാരംഭിച്ചു. കോഴ്സ് പൂർത്തിയാക്കി ഇപ്പോൾ പോളിയിൽ തന്നെ ടാലി ഹ്രസ്വകാല കോഴ്സിൽ ചേർന്ന്‌ പഠിക്കുകയാണ് ഈ 22 കാരൻ. ഇപ്പോൾ കൃത്രിമ കാലിലൂടെ നടക്കുന്നുണ്ട്.
 
നേരത്തെ ഫുട്ബോൾ കളിക്കാരനായിരുന്നു. ചന്തേരയിലെ യുണൈറ്റഡ് ടീമിൽ നിരവധി പ്രാദേശിക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. ഹാൻഡ്‌ ബോളിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിരുന്നു. ചന്തേരയിലെ പി വി രാജന്റെയും കെ പി പ്രിയയുടെയും മകനാണ്. ഇറാൻ യാത്രക്ക്‌ സ്പോൺസറെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശബിൻ രാജ്. ഫോൺ: 9895851707.
 
കളി ഊന്നുവടിയിൽ
 
ഒരു കാൽ ഇല്ലാത്തതോ ഒരു കാലിന് വലുപ്പക്കുറവ് ഉള്ളവരോ രണ്ട് ഊന്നുവടികളുടെ സഹായത്തോടെയാണ് ആംപ്യൂട്ടി ഫുട്ബോളിൽ കളിക്കുക. ആദ്യമായാണ് ഏഷ്യൻ ആംപ്യൂട്ടി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഇതിൽ ജയിക്കുന്ന അഞ്ച്‌ രാജ്യങ്ങൾക്ക് ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ആംപ്യൂട്ടി ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കാം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top