26 April Friday
ദേശീയ വനിതാ ഫുട്‌ബോൾ നാല് വേദികളിൽ ; ആദ്യ കളി മിസോറമുമായി

നേടാനൊരുങ്ങി കേരളം ; ലക്ഷ്യം ആദ്യ കിരീടം

വന്ദനകൃഷ്ണUpdated: Friday Nov 26, 2021

കേരള വനിതാ ടീം കോഴിക്കോട് പരിശീലനത്തിൽ /ഫോട്ടോ: ജഗത് ലാൽ




കോഴിക്കോട്‌
ഒരിക്കൽ നഷ്ടപ്പെട്ടത് വീണ്ടെടുക്കാനാണ് കേരളത്തിന്റെ  പെൺകൊടികളുടെ ഒരുക്കം. ദേശീയ വനിതാ സീനിയർ ഫുട്ബോളിൽ ലക്ഷ്യമിടുന്നത് കിരീടമാണ്. 15 വർഷംമുമ്പ് കൈപ്പിടിയിൽ ഒതുങ്ങിയെന്ന് കരുതിയതാണ്. പക്ഷേ, 2006ൽ ഭിലായിയിൽ മണിപ്പുരിനോട് തോറ്റു. അതിനുശേഷം ക്വാർട്ടർ ഫൈനൽ കടക്കാനായില്ലെന്നത് ചരിത്രം.

കോഴിക്കോട് ദേവഗിരി കോളേജ് മൈതാനത്ത്‌ ടീം കഠിന പരിശീലനത്തിലാണ്. മൈതാനത്ത്‌ പയറ്റിത്തെളിഞ്ഞവർക്കൊപ്പം പുതുമുഖങ്ങളുടെ കരുത്തുമായി 28 മുതൽ സംഘം കളം നിറയും.  വിജയമെന്ന ലക്ഷ്യത്തിൽ കോച്ച്‌ അമൃത അരവിന്ദ്‌ വല്യാത്തിന്റെ നേതൃത്വത്തിൽ പരിശീലനം തുടങ്ങിയിട്ട് രണ്ടാഴ്‌ചയായി. 20 അംഗ ടീമിനെ ദേശീയ താരമായ മധ്യനിരക്കാരി ടി നിഖില നയിക്കും. കെ വി അതുല്യ വൈസ്‌ ക്യാപ്‌റ്റനാണ്‌. ക്യാമ്പിലുണ്ടായിരുന്ന ആറ്‌ പേരെ റിസർവ്‌ പട്ടികയിൽ ഉൾപ്പെടുത്തിയാണ്‌ ടീം പ്രഖ്യാപിച്ചത്‌.

മുന്നേറ്റത്തിൽ കെ മാനസയും നിധ്യ ശ്രീധരനുമുണ്ട്‌. വി ഉണ്ണിമായയും പി പി ജ്യോതിരാജും ഉൾപ്പെടുന്നു. മധ്യനിരയിൽ ക്യാപ്‌റ്റനൊപ്പം എ ടി കൃഷ്‌ണപ്രിയ, സി സിവിഷ, പി അശ്വതി, ആർ അഭിരാമി, എം അഞ്‌ജിത, എം വേദവല്ലി എന്നിവരുണ്ട്‌. പ്രതിരോധത്തിൽ സി രേഷ്‌മ, വി ഫെമിനാ രാജ്‌, എസ്‌ കാർത്തിക, കെ വി അതുല്യ, വിനീത വിജയ്‌, മഞ്‌ജു ബേബി എന്നിവരാണ്‌.  ഗോൾകീപ്പർമാരായി കെ നിസരി, ഹീര ജി രാജ്‌, പി എ അഭിന എന്നിവരുണ്ട്‌.  ആർ രാജേഷാണ്‌ അസിസ്‌റ്റന്റ്‌ കോച്ച്‌.

ചാമ്പ്യൻഷിപ് 28 മുതൽ

ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ് 28 മുതൽ നാല് വേദികളിൽ ആരംഭിക്കും. ഡിസംബർ ഒമ്പതുവരെ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയം, മെഡിക്കൽ കോളേജ്‌ ഒളിമ്പ്യൻ റഹ്മാൻ സ്‌റ്റേഡിയം, കണ്ണൂർ കൂത്തുപറമ്പ്‌ മുനിസിപ്പൽ സ്‌റ്റേഡിയം, തേഞ്ഞിപ്പലം കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ്‌ മത്സരം.

സെമി, ഫൈനൽ എന്നിവ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌. എട്ട്‌ ഗ്രൂപ്പുകളിലായി 32 ടീമുകൾ പങ്കെടുക്കും. കൂത്തുപറമ്പിൽ ഗ്രൂപ്പ് എ, സി മത്സരങ്ങളും ഒരു ക്വാർട്ടർ ഫൈനലും നടക്കും. ബി ഡി ഗ്രൂപ്പ്‌ മത്സരങ്ങളാണ്‌ കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ അരങ്ങേറുക. ഒളിമ്പ്യൻ റഹ്മാൻ സ്‌റ്റേഡിയത്തിൽ എഫ്‌, എച്ച്‌ ഗ്രൂപ്പിലെ മത്സരങ്ങളും രണ്ട്‌ ക്വാർട്ടർ ഫൈനലുകളുമുണ്ട്‌. ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌ ഇ, ജി ഗ്രൂപ്പ്‌ മത്സരങ്ങൾ.

കേരളം 28ന് മിസോറമുമായി
കേരളത്തിന്റെ മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിലാണ്. ജി ഗ്രൂപ്പിൽ 28ന് മിസോറമിനെയും 30ന് ഉത്തരാഖണ്ഡിനെയും നേരിടും. ഡിസംബർ രണ്ടിന് മധ്യപ്രദേശാണ് എതിരാളി. ആദ്യകളി പകൽ രണ്ടരയ്‌ക്കാണ്. ബാക്കി രാവിലെ ഒമ്പതരയ്‌ക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top