16 April Tuesday

അതിജീവനഘട്ടം പിന്നിട്ടു ; സ്‌കൂൾ 1ന്‌ തുറക്കും ; പ്രവേശനോത്സവം ഒന്നിന്‌ രാവിലെ 9.30ന്‌

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022


തിരുവനന്തപുരം
വേനലവധി കഴിഞ്ഞ്‌ പൊതുവിദ്യാലയങ്ങൾ ജൂൺ ഒന്നിന്‌ തുറക്കും. മഹാമാരിയെ അതിജീവിച്ച്‌ പൊതുവിദ്യാഭ്യാസ മുന്നേറ്റത്തിനുള്ള ഒരുക്കം അവസാനഘട്ടത്തിലാണെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവം ഒന്നിന്‌ രാവിലെ 9.30ന്‌ കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. 42,90,000 വിദ്യാർഥികളും 1,80,057 അധ്യാപകരും 24,798 അനധ്യാപകരുമാണ്‌ സ്‌കൂളിലെത്തുന്നത്‌. ജില്ലാ, സ്‌കൂൾതല പ്രവേശനോത്സവവും സംഘടിപ്പിക്കും. സ്‌കൂൾ ഒരുയൂണിറ്റായി കണക്കാക്കിയാകും പ്രവേശനോത്സവം.

അറ്റകുറ്റപ്പണി നാളെ 
പൂർത്തിയാക്കണം
സ്‌കൂളുകളിൽ സമ്പൂർണ ശുചീകരണം നടത്തണം. ഇഴജന്തുക്കളില്ലെന്ന്‌ ഉറപ്പാക്കണം. കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റു ജലസ്രോതസ്സുകൾ എന്നിവ ശുചീകരിക്കണം.

എസ്‌എസ്‌എൽസിക്കും
 പരീക്ഷാ മാന്വൽ
ഹയർ സെക്കൻഡറി പരീക്ഷാ മാന്വൽ പുതുക്കിയതുപോലെ എസ്‌എസ്‌എൽസി പരീക്ഷാ മാന്വൽ അടുത്ത പരീക്ഷയ്‌ക്ക്‌ മുന്നോടിയായി പ്രസിദ്ധീകരിക്കും.

പാഠപുസ്‌തകങ്ങൾ നൽകി
പുതിയ അധ്യയന വർഷത്തെ ഒന്നാംവാള്യം പാഠപുസ്‌തകങ്ങളുടെ വിതരണം പൂർത്തിയായി. കൈത്തറി യൂണിഫോം വിതരണം ക്ലാസ്‌ ആരംഭിക്കുംമുമ്പ്‌ പൂർത്തിയാക്കും. 

അന്തിമ സ്‌കൂൾ മാന്വൽ 30നകം
സ്‌കൂൾ പ്രവർത്തന ഏകരൂപത്തിന്‌ ആവിഷ്‌കരിച്ച സ്‌കൂൾ മാന്വലിന്റെ കരടിൽ നിരവധി നിർദേശങ്ങൾ ലഭിച്ചു. അന്തിമ സ്‌കൂൾ പ്രവർത്തന മാന്വലും അക്കാദമിക്‌ മാസ്‌റ്റർ പ്ലാനും 30ന്‌ പ്രസിദ്ധീകരിക്കും. 

പ്രിൻസിപ്പൽ സ്ഥാനക്കയറ്റം ഉടൻ  
ഹയർ സെക്കൻഡറിയിലെ 1,805 ജൂനിയർ അധ്യാപകർക്കും 6,070 സീനിയർ അധ്യാപകർക്കും സ്ഥലംമാറ്റം അനുവദിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ സ്ഥാനക്കയറ്റവും അധ്യാപകരുടെ ബൈട്രാൻസ്ഫർ സ്ഥാനക്കയറ്റ നടപടികളും ഉടൻ നടത്തും. സ്ഥാനക്കയറ്റത്തിലൂടെ 1655പേരെ എൽപി, യുപി പ്രഥമാധ്യാപകരായി നിയമിച്ചു. പിഎസ്‌സിയിലൂടെ 912 പുതിയ നിയമനമുണ്ടായി.

എല്ലാ അധ്യാപകർക്കും
 റസിഡൻഷ്യൽ പരിശീലനം
പ്രൈമറി അധ്യാപകർക്ക്‌ റസിഡൻഷ്യൽ സ്‌കൂൾ പരിശീലനം പൂർത്തിയായി. വരുംവർഷങ്ങളിൽ അധ്യാപക സംഘടനകളുമായി ചർച്ചചെയ്ത് എല്ലാവർക്കും പരിശീലനം നൽകും. സെക്കൻഡറി, ഹയർ സെക്കൻഡറി അധ്യാപക പരിശീലനം ഡിസംബറോടെ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റൽ ക്ലാസ്‌ തുടരും
കോവിഡിനിടെ ലോകത്തിന്‌ മാതൃകയായി കേരളം ആവിഷ്‌കരിച്ച ഡിജിറ്റൽ ക്ലാസുകൾ തുടരും.

75 സ്‌കൂൾ കെട്ടിടം
30ന്‌ നാടിന്‌ സമർപ്പിക്കും
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി പൂർത്തിയാക്കിയ 75 സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനം 30ന്‌.
വട്ടിയൂർക്കാവ് ഗവ. വി ആൻഡ്‌ എച്ച്‌എസ്‌എസിൽ പകൽ 3.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മറ്റു സ്‌കൂളുകളിൽ മന്ത്രിമാർ, എംഎൽഎമാർ, തദ്ദേശഭരണ ഭാരവാഹികൾ എന്നിവരും ചടങ്ങുകളിൽ പങ്കെടുക്കും. അഞ്ഞൂറോളം സ്‌കൂൾ കെട്ടിടങ്ങളാണ്‌ 2016നുശേഷം നിർമിച്ചത്. റെക്കോഡാണിത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം 145 സ്‌കൂൾ കെട്ടിടം പൂർത്തീകരിച്ചു.

കിഫ്‌ബിയിൽനിന്നുള്ള അഞ്ചു കോടി രൂപ വീതം ഉപയോഗിച്ച്‌ ഒമ്പതു കെട്ടിടവും മൂന്നുകോടി വീതമുപയോഗിച്ച്‌ നിർമിച്ച 16 കെട്ടിടവും ഒരു കോടി ധനസഹായത്തോടെ നിർമിച്ച 15 കെട്ടിടവും പ്ലാൻ ഫണ്ടും മറ്റും ഉപയോഗിച്ച്‌ നിർമിച്ച 35 കെട്ടിടവുമാണ്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌.
നിർമാണം പുരോഗമിക്കുന്ന കെട്ടിടങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top