21 March Tuesday

സന്തോഷ്‌ ട്രോഫി ഫുട്ബോൾ ; കേരളം ഇന്നെത്തും, കടമ്പകളേറെ

അജിൻ ജി രാജ്Updated: Wednesday Feb 8, 2023

സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിന്റെ ട്രെയിൻ യാത്രയ്ക്കിടെയുള്ള സെൽഫി


ഭുവനേശ്വർ
സന്തോഷ്‌ ട്രോഫി ഫൈനൽ റൗണ്ടിനായി പുറപ്പെട്ട കേരള ടീം ഇന്ന്‌ ഭുവനേശ്വറിലെത്തും. നാളെ പരിശീലനത്തിന്‌ ഇറങ്ങും. വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന്‌ ഗോവയുമായാണ്‌ ആദ്യകളി. ഇത്തവണ കിരീടം നിലനിർത്തുക എളുപ്പമല്ല. കേരളം ഉൾപ്പെട്ട ‘എ’ ഗ്രൂപ്പ്‌ ശക്തമാണ്‌.
ഇക്കാര്യം കോച്ച്‌ പി ബി രമേശിന്‌ നല്ലപോലെ അറിയാം. ‘ഏറ്റവും കരുത്തുറ്റ ടീമുകളുമായാണ്‌ ഏറ്റുമുട്ടേണ്ടത്‌. ആ വെല്ലുവിളി ആസ്വദിക്കുന്നു. ഒരുനിമിഷത്തെ പിഴവുമതി എല്ലാം അവസാനിക്കാൻ’. -

മുൻ പതിപ്പുകളേക്കാൾ കഠിനമാണ്‌ ഇത്തവണ കാര്യങ്ങൾ. ടൂർണമെന്റിന്റെ ഘടന അടിമുടി മാറി. കിരീടമുയർത്തുക എന്ന ലക്ഷ്യവുമായി ഏറ്റവും മികച്ച 12 ടീമുകളാണ്‌ ഭുവനേശ്വറിൽ കളത്തിലിറങ്ങുന്നത്‌.

യോഗ്യതാ റൗണ്ടിലെ കടുത്ത കടമ്പകൾ കടന്നാണ്‌ എല്ലാവരും എത്തുന്നത്‌. മേഖലകൾ തിരിച്ചുള്ള യോഗ്യതാ മത്സരങ്ങൾ ഒഴിവാക്കിയതാണ്‌ വ്യത്യാസം കൊണ്ടുവന്നത്‌. ഓരോ ഭൂപ്രദേശത്തെ ഗ്രൂപ്പുകളായി തിരിച്ച്‌ യോഗ്യത കളിക്കുകയായിരുന്നു ഇതുവരെ. പലപ്പോഴും ഇത്‌ ചില ടീമുകൾക്ക്‌ ഫൈനൽ റൗണ്ട്‌ എളുപ്പമാക്കി. ഇത്തവണ നറുക്കെടുപ്പിലൂടെയായിരുന്നു പ്രാഥമികഘട്ടത്തിലെ ടീം തെരഞ്ഞെടുപ്പ്‌. മാറ്റം വലുതായിരുന്നു.

അതുവരെയും ദക്ഷിണേന്ത്യയിലെ ടീമുകളുമായി യോഗ്യത കളിച്ചിരുന്ന കേരളത്തിന്‌ എതിരാളികളായി എത്തിയത്‌ കരുത്തർ. മിസോറം, ജമ്മു കശ്‌മീർ, രാജസ്ഥാൻ തുടങ്ങിയ ടീമുകൾ. വെല്ലുവിളി കൂടി. യോഗ്യതാ റൗണ്ടുതന്നെ ഫൈനൽ റൗണ്ടെന്ന പ്രതീതി. ഒരു സമനിലപോലും തിരിച്ചടിയാകുമെന്ന അവസ്ഥ. ഒരു ടീമിന്‌ അഞ്ച്‌ കളി കിട്ടി. മുമ്പ്‌ മൂന്ന് മത്സരംമാത്രമായിരുന്നു. 36 ടീമുകൾ ആറ്‌ ഗ്രൂപ്പുകളിലായി കളിച്ചു. ഗ്രൂപ്പ്‌ ചാമ്പ്യൻമാരും നാല്‌ മികച്ച രണ്ടാംസ്ഥാനക്കാരുമാണ്‌ അവസാന റൗണ്ടിൽ കടന്നത്‌. റെയിൽവേസും സർവീസസും നേരിട്ട്‌ ടിക്കറ്റെടുത്തു. കേരളത്തിന്റെ ഗ്രൂപ്പിൽ ആതിഥേയരായ ഒഡിഷയൊഴിച്ച്‌ എല്ലാവരും മുൻ ചാമ്പ്യൻമാരാണ്‌. പഞ്ചാബ് എട്ടുവട്ടം ജേതാക്കളാണ്‌. ബംഗാൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നേട്ടമുള്ള ടീം. ഗോവ അഞ്ചുതവണ ചാമ്പ്യൻമാരായി. മഹാരാഷ്‌ട്രയ്‌ക്ക്‌ നാല്‌ കിരീടമുണ്ട്‌. പഴയ മൈസൂരിന്റെ പിൻഗാമികളായ കർണാടകത്തിനും നാല്‌ ട്രോഫികളുണ്ട്‌.

ഗ്രൂപ്പ്‌ റൗണ്ടിലെ പ്രകടനങ്ങൾ
(ടീം, മത്സരം, ജയം, തോൽവി, സമനില, അടിച്ച ഗോൾ, വഴങ്ങിയ ഗോൾ)

കേരളം     5  5 0 0 24 2
ഗോവ     5  3 0 2 8 3
പഞ്ചാബ്‌     5  4   0 1 11 1
കർണാടകം 5 4 1 0 21 5
മഹാരാഷ്‌ട്ര 5 4 1 0 13 3
ഒഡിഷ     5 3 1 1 17 3


കളി മൂന്ന്‌ 
സ്‌റ്റേഡിയത്തിൽ
മത്സരങ്ങൾ ഭുവനേശ്വറിലെ മൂന്ന്‌ സ്‌റ്റേഡിയത്തിൽ നടക്കും. മൂന്നിടത്തും കേരളത്തിന്  കളിയുണ്ട്‌. ഗോവയ്‌ക്കെതിരെ 10ന്‌ രാവിലെ ഒമ്പതിന്‌ ക്യാപിറ്റൽ ഫുട്‌ബോൾ അരീനയിലാണ്‌ കളി. 12ന്‌ രാവിലെ ഒമ്പതിന്‌ കർണാടകയെ സെവൻത്‌ ബറ്റാലിയൻ ഗ്രൗണ്ടിൽ നേരിടും. മഹാരാഷ്‌ട്രയുമായി 14ന്‌ നടക്കുന്ന കളി കലിംഗ സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ്‌. ആതിഥേയരായ ഒഡിഷയെ 17ന്‌ പകൽ മൂന്നിന്‌ ഇതേ സ്‌റ്റേഡിയത്തിൽ നേരിടും. പഞ്ചാബിനെതിരെ 19ന്‌ നടക്കുന്ന അവസാന മത്സരത്തിന്റെ സമയം തീരുമാനിച്ചിട്ടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top