18 April Thursday

സന്തോഷ്‌ ട്രോഫി : ടീം ഇന്ന് ഭുവനേശ്വറിലേക്ക് ; വിഘ്‌നേഷിനുപകരം ആസിഫ്‌

അജിൻ ജി രാജ്‌Updated: Monday Feb 6, 2023


കൊച്ചി
മുന്നേറ്റക്കാരൻ എം വിഘ്‌നേഷിന്‌ പകരം ഒ എം ആസിഫ്‌ സന്തോഷ്‌ ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിൽ. ടൂർണമെന്റിനായി കേരളം ഇന്ന്‌ ഭുവനേശ്വറിലേക്ക്‌ തിരിക്കും.ഒക്‌ടോബറിൽ നടന്ന ദേശീയ ഗെയിംസിനിടയിൽ നിരോധിത മരുന്നുപയോഗിച്ചതായി ദേശീയ ഉത്തേജകവിരുദ്ധസമിതി (നാഡ) കണ്ടെത്തിയതിനെ തുടർന്നാണ്‌ വിഘ്‌നേഷിനെ 22 അംഗ ടീമിൽനിന്ന്‌ മാറ്റിനിർത്തിയത്‌. മുത്തൂറ്റ്‌ എഫ്‌എ താരമായ ആസിഫിനെ വിങ്ങിലും മധ്യനിരയിലും ഒരുപോലെ ആശ്രയിക്കാം. എറണാകുളം സ്വദേശിയാണ്‌ ഈ ഇരുപത്തിരണ്ടുകാരൻ. പ്രാഥമിക റൗണ്ടിനുള്ള പകരക്കാരുടെ പട്ടികയിലുണ്ടായിരുന്നു.

ടൂർണമെന്റിൽ പങ്കെടുക്കുന്നതിൽ വിലക്കില്ലെങ്കിലും നാഡ കുറ്റവിമുക്തനാക്കുന്നതുവരെ ടീമിൽനിന്ന്‌  വിഘ്‌നേഷിനെ ഒഴിവാക്കുകയാണെന്ന്‌ കേരള ഫുട്‌ബോൾ അസോസിയേഷൻ  (കെഎഫ്‌എ) സെക്രട്ടറി പി അനിൽകുമാർ അറിയിച്ചു. മൂക്കിലെ ശസ്‌ത്രക്രിയയുടെ ഭാഗമായി താരം ഇൻഹേലർ ഉൾപ്പെടെയുള്ള മരുന്ന്‌ ഉപയോഗിച്ചിരുന്നതായും ഇതിൽ ഏതിലെങ്കിലുമാകും നിരോധിതമരുന്ന്‌ കണ്ടെത്തിയിട്ടുണ്ടാവുകയെന്നും കേരള പരിശീലകൻ പി ബി രമേശ്‌ പറഞ്ഞു. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ്‌ മരുന്നെടുത്തത്‌.

കന്യാകുമാരി സ്വദേശിയായ വിഘ്‌നേഷ്‌ കെഎസ്‌ഇബിയിലൂടെയാണ്‌ കേരളത്തിലെത്തിയത്‌. കഴിഞ്ഞതവണ ചാമ്പ്യൻമാരായ ടീമിന്റെ ഭാഗമായിരുന്നു. ഇത്തവണ യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനമായിരുന്നു. ഒരു കളിയിൽ ടീമിന്റെ ക്യാപ്‌റ്റനുമായി. കേരള ടീം ഇന്ന്  രാത്രി എം ജി ആർ ചെന്നൈ സെൻട്രൽ മെയിലിൽ എറണാകുളത്തുനിന്ന്‌ പുറപ്പെട്ട്‌ നാളെ രാവിലെ ചെന്നൈയിലെത്തും. വിശ്രമത്തിനുശേഷം രാത്രി ഹൗറ സൂപ്പർഫാസ്റ്റ്‌ എക്സ്‌പ്രസിൽ ഒഡിഷയിലേക്കും. എട്ടിന്‌ വൈകിട്ട്‌ ഭുവനേശ്വറിലുമെത്തും. 10ന്‌ ഗോവയുമായാണ്‌ കേരളത്തിന്റെ ആദ്യകളി.

കേരള ടീം

ഗോൾകീപ്പർമാർ
വി മിഥുൻ (കണ്ണൂർ, എസ്‌ബിഐ), പി എ അജ്‌മൽ (മലപ്പുറം, എഫ്‌സി അരീക്കോട്‌), ടി വി അൽകേഷ്‌രാജ്‌ (തൃശൂർ, സായ്‌–- കൊല്ലം).

പ്രതിരോധക്കാർ
എം മനോജ്‌ (തിരുവനന്തപുരം, കേരള യുണൈറ്റഡ്‌ എഫ്‌സി), ആർ ഷിനു (തിരുവനന്തപുരം, കെഎസ്‌ഇബി), കെ അമീൻ (മലപ്പുറം, എഫ്‌സി അരീക്കോട്‌), ബെൽജിൻ ബോൾസ്റ്റർ (തിരുവനന്തപുരം, കെഎസ്‌ഇബി), മുഹമ്മദ്‌ സലീം (മലപ്പുറം, കെഎസ്‌ഇബി), സച്ചു സിബി (ഇടുക്കി, കേരള യുണൈറ്റഡ്‌ എഫ്‌സി), അഖിൽ കെ ചന്ദ്രൻ (എറണാകുളം, ഗോകുലം കേരള), ജി സഞ്ജു (എറണാകുളം, കേരള പൊലീസ്‌).

മധ്യനിരക്കാർ
ഹൃഷിദത്ത്‌ (തൃശൂർ, ഗോകുലം കേരള), എം റാഷിദ്‌ (കാസർകോട്‌, കെഎസ്‌ഇബി), ഗിഫ്‌റ്റി സി ഗ്രേഷ്യസ്‌ (വയനാട്‌, കെഎസ്‌ഇബി), നിജോ ഗിൽബർട്ട്‌ (തിരുവനന്തപുരം, കെഎസ്‌ഇബി), വി അർജുൻ (കോഴിക്കോട്‌, ഡോൺ ബോസ്‌കോ), റിസ്വാൻ അലി (കാസർകോട്‌, എഫ്‌സി അരീക്കോട്‌), വിശാഖ്‌ മോഹനൻ (എറണാകുളം, ഗോകുലം കേരള), കെ കെ അബ്‌ദു റഹിം (മലപ്പുറം, ബാസ്‌കോ എഫ്‌സി)

മുന്നേറ്റക്കാർ
ഒ എം ആസിഫ്‌ (എറണാകുളം, മുത്തൂറ്റ്‌ എഫ്‌എ), ബി നരേഷ്‌ (നീലഗിരി, മുത്തൂറ്റ്‌ എഫ്‌എ), ജെ ജോൺ പോൾ (തിരുവനന്തപുരം, കെഎസ്‌ഇബി).
പരിശീലകൻ: പി ബി രമേശ്‌, സഹപരിശീലകൻ: ബിനീഷ്‌ കിരൺ, ഗോൾകീപ്പർ കോച്ച്‌: കെ കെ ഹമീദ്‌, ഫിസിയോ: ആർ അക്ഷയ്‌, മാനേജർ: മുഹമ്മദ്‌ റഫീഖ്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top