29 March Friday

സൂപ്പർ സ്‌റ്റാർ സാനിയ

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

image credit Sania Mirza twitter


മെൽബൺ
ഇന്ത്യൻ വനിതാ ടെന്നീസിലെ ആദ്യത്തെ സൂപ്പർ സ്‌റ്റാറാണ്‌ സാനിയ മിർസ. കളിക്കളത്തിലെത്താൻ കൊതിക്കുന്ന പെൺകുട്ടികൾക്ക്‌ ആവേശവും പ്രചോദനവുമാണ്‌ ഹൈദരാബാദുകാരി. ടൈം മാഗസിൻ 2016ൽ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടിക തയ്യാറാക്കിയപ്പോൾ സാനിയ അതിൽ ഉൾപ്പെട്ടു. 2003ൽ 17–-ാംവയസ്സിൽ തുടങ്ങിയ പ്രൊഫഷണൽ ടെന്നീസ്‌ ജീവിതത്തിനിടെ ഉയർന്ന വിവാദങ്ങളൊന്നും സാനിയയെ പിന്നോട്ടടിച്ചില്ല. വിമർശം കരുത്താക്കി കളത്തിൽ നിറഞ്ഞു.

കളിക്കളത്തിന്‌ പുറത്തുള്ള വിവാദങ്ങൾക്കുമുന്നിൽ കൂസാതെ റാക്കറ്റ്‌ വീശി. വസ്‌ത്രധാരണവും വിവാഹവും ചർച്ചയായപ്പോൾ കളിയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു. പാകിസ്ഥാൻ ക്രിക്കറ്റ്‌ താരം ഷുഹൈബ്‌ മാലിക്കിനെ വിവാഹം ചെയ്‌തതും വലിയ ചർച്ചയായിരുന്നു. ഇതിന്റെപേരിൽ സാനിയയുടെ രാജ്യസ്‌നേഹവും കൂറും പലതവണ ചോദ്യം ചെയ്യപ്പെട്ടു. അതിനൊന്നും ചെവികൊടുക്കാതെ മുന്നേറിയ സാനിയ കുറച്ചുകാലമായി കളത്തിൽ സജീവമല്ലായിരുന്നു. 2018ൽ പ്രസവത്തിനായി കളംവിട്ടു. പിന്നീട്‌ കളിക്കളത്തിൽ തിരിച്ചെത്താൻ കഠിനാധ്വാനം ചെയ്‌ത്‌ മാതൃകയായി. 2021ൽ കിരീടം നേടി ശക്തമായ തിരിച്ചുവരവ്‌ നടത്തി. എന്നാൽ, വിടാതെ പിന്തുടർന്ന പരിക്ക്‌ തിരിച്ചടിയായി.

ഇക്കുറി പ്രതീക്ഷയോടെയാണ്‌ ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാൻ മെൽബണിലെത്തിയത്‌. ഡബിൾസിൽ ഉക്രെയ്‌നിന്റെ നദിയ കിചെനോകായിരുന്നു പങ്കാളി. സ്ലൊവേനിയയുടെ കാജാ ജുവാൻ–-ടമര സിഡാസെക്‌ സഖ്യം ആദ്യ റൗണ്ടിൽ 6–-4, 7–-6ന്‌ തോൽപ്പിച്ചു. അതോടെ കളിക്കളം വിടാൻ തീരുമാനിക്കുകയായിരുന്നു. മിക്‌സഡ്‌ ഡബിൾസിൽ രാജീവ്‌ റാമുമൊത്തുള്ള കളി ബാക്കിയുണ്ട്‌.  ‘ഈ സീസൺ പൂർത്തിയാക്കി കളി അവസാനിപ്പിക്കാനാണ്‌ ആഗ്രഹിക്കുന്നത്‌. അതിന്‌ സാധിക്കുമോയെന്നറിയില്ല. പരിക്കുപറ്റിയാൽ ഭേദമാകാൻ സമയമെടുക്കുന്നു. അതിനാൽ ഓരോ ആഴ്‌ചയും വിലയിരുത്തിയാകും മുന്നോട്ടുപോകുക’ സാനിയ പറഞ്ഞു.

പത്തൊമ്പത്‌ വർഷത്തെ പ്രൊഫഷണൽ ടെന്നീസിനിടെ 2015ൽ ഡബിൾസിൽ ഒന്നാം റാങ്കുണ്ടായിരുന്നു. 21 മാസത്തോളം ആദ്യ റാങ്കിൽ തുടർന്നു. നിലവിൽ റാങ്ക്‌ 68. സിംഗിൾസിൽ ഉയർന്ന റാങ്ക്‌ 2007ലെ 27 ആണ്‌. 10 വർഷം സിംഗിൾസ്‌ മത്സരങ്ങൾ കളിച്ച്‌ 2013ൽ അവസാനിപ്പിച്ചു. അതിനിടെ പ്രമുഖ താരങ്ങളെ പരാജയപ്പെടുത്തി. പിന്നീട്‌ ഡബിൾസ്‌ പങ്കാളിയായ മാർടിന ഹിംഗിസ്‌, സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവ, വിക്‌ടോറിയ അസരെങ്ക, മരിയൻ ബർടോളി എന്നിവരെ കീഴടക്കി.

ഡബിൾസിലാണ്‌ മികച്ച നേട്ടം. മാർടിന ഹിംഗിസും മഹേഷ്‌ ഭൂപതിയുമൊക്കെ പങ്കാളിയായി. ആറ്‌ ഗ്രാൻഡ്‌ സ്ലാം കിരീടങ്ങളാണ്‌ സമ്പാദ്യം. ഷൊയ്‌ബ്‌ മാലിക്കുമായുള്ള വിവാഹം 2010ലായിരുന്നു. 2018ൽ പ്രസവത്തിനുശേഷം വീണ്ടും കളത്തിൽ തിരിച്ചെത്തി. 2021 സെപ്‌തംബറിലാണ്‌ അവസാന കിരീടം. ഷുവായ്‌ ഷാങ്ങിനൊപ്പം ഒസ്‌ട്രാവ ഓപ്പൺ നേടി. ഇത്‌ നാൽപ്പത്തിമൂന്നാമത്തെ ഡബിൾസ്‌ കിരീടമാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top