26 April Friday

സജൻ പ്രകാശിന് നീന്തലിൽ അഞ്ചാം സ്വർണം, കേരളം ഒമ്പതാമത്

ജിജോ ജോർജ്Updated: Friday Oct 7, 2022

സ്വർണം നേടിയശേഷം സജൻ പ്രകാശ് 
ഫോട്ടോ: പി വി സുജിത്


രാജ്കോട്ട്
ദേശീയ ഗെയിംസ് വേദിയിൽ കേരളത്തിന്റെ പേര് മുഴങ്ങുന്നത് സജൻ പ്രകാശിലൂടെ. രാജ്കോട്ടിലെ നീന്തൽക്കുളത്തിൽ സജൻ അഞ്ചാമത്തെ സ്വർണവും നീന്തിയെടുത്തു. 400 മീറ്റർ ഫ്രീസ്‌റ്റൈലിലും 200 മീറ്റർ മെഡ്‌ലേയിലുമാണ്‌ സുവർണനേട്ടം. രണ്ട്  വെള്ളിയും ഒരു വെങ്കലവുമടക്കം എട്ട് മെഡലായി. 

ആറ് സ്വർണവും മൂന്ന് വെള്ളിയുമടക്കം ഒമ്പത് മെഡൽ നേടി 2015ലെ ഗെയിംസിൽ മികച്ച പുരുഷ കായിക താരമായിരുന്നു. ഇത്തവണയും മികച്ച താരത്തിനുള്ള പുരസ്കാരം സജന് തന്നെയാകും. എസ് പ്രദീപ്കുമാറിന് കീഴിലാണ് വർഷങ്ങളായി പരിശീലനം.  ഇന്നലെ സജന്റെ രണ്ട് സ്വർണംമാത്രമാണ് കിട്ടിയത്‌. 15 വീതം സ്വർണവും വെള്ളിയും 11 വെങ്കലവുമായി ഒമ്പതാംസ്ഥാനത്താണ് കേരളം. സർവീസസാണ് മുന്നിൽ. ഹരിയാന, മഹാരാഷ്ട്ര രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു.പുരുഷ വാട്ടർപോളോയിൽ കേരളം ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ബംഗാളിനെ തോൽപ്പിച്ചു (9 –-7). ഇന്ന് ഫൈനലിൽ സർവീസസാണ് എതിരാളി.

സോഫ്റ്റ്ബോൾ വനിതാവിഭാഗത്തിൽ ഡൽഹിയുമായുള്ള മത്സരം മഴയെത്തുടർന്ന് മാറ്റി. വോളിബോൾ മത്സരങ്ങൾ ഇന്നുമുതൽ ഭാവ്നഗറിൽ നടക്കും.വിവാദങ്ങൾക്കും നിയമപോരാട്ടത്തിനും ഒടുവിലാണ് കേരളത്തിന്റെ പുരുഷ, -വനിതാ ടീമുകൾ മത്സരത്തിനിറങ്ങുന്നത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ സെലക്‌ഷൻ ട്രയൽസ് നടത്തി തെരഞ്ഞെടുത്ത ടീമാണ് ഗെയിംസിൽ പങ്കെടുക്കുന്നത്. സംസ്ഥാന വോളിബോൾ അസോസിയേഷനും പ്രത്യേകം ടീമിനെ തെരഞ്ഞെടുത്തിരുന്നു. സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുത്ത ടീമിനെ മത്സരത്തിന് അയക്കാൻ ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ വോളിബോൾ അസോസിയേഷൻ സുപ്രീംകോടതിയിൽ ഹർജി നൽകിയെങ്കിലും തള്ളി.

തികഞ്ഞ പ്രതീക്ഷയോടെയാണ് കളത്തിലിറങ്ങുന്നത്. ഗ്രൂപ്പ് റൗണ്ടിൽ കേരള വനിതകൾ ബംഗാളിനെയും പുരുഷന്മാർ സർവീസസിനെയും നേരിടും. 2015ൽ വനിതാ ടീമിന് സ്വർണവും പുരുഷ ടീമിന് വെള്ളിയും ലഭിച്ചിരുന്നു.

പുരുഷ ഫുട്ബോൾ സെമിയിൽ നാളെ രാവിലെ ഒമ്പതിന് കർണാടകത്തെ നേരിടും. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിച്ച് മെഡൽ പ്രതീക്ഷയിലാണ് സെമിയിലിറങ്ങുന്നത്. ഇന്നലെ ജൂഡോയിൽ മൂന്ന് കേരള താരങ്ങൾ മത്സരിക്കാൻ ഇറങ്ങിയെങ്കിലും പ്രാഥമികറൗണ്ടിൽ പുറത്തായി. ഇന്ന് ബോക്സിങ്  67 കിലോ വിഭാഗം പ്രീ ക്വാർട്ടറിൽ  കേരളത്തിന്റെ ദേവിക മണിപ്പുരിന്റെ അലീന താനുജയെ നേരിടും. നാളെ ബോക്സിങ് 75 കിലോ ഒളിമ്പ്യൻ ലവ്‌ലീന ബോർഹെയ്നുമായി കേരളത്തിന്റെ കെ എ ഇന്ദ്രജയും ഉത്തർപ്രദേശിന്റെ റാഷി ശർമയുമായി നിസി ലൈസി തമ്പിയും ഏറ്റുമുട്ടും.
കനോയിങ്, ട്രയാത്ത്‌ലൺ മത്സരങ്ങൾക്കും നാളെ തുടക്കമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top