01 December Thursday
ട്രിപ്പിൾ ജമ്പിൽ ഷീനയ്ക്ക് സ്വർണം, പുരുഷന്മാരിൽ ആരോമലിന് വെള്ളി

‘സ്വർണ സജൻ’ ; ആദ്യദിനം ഒരു സ്വർണവും വെള്ളിയും

ജിജോ ജോർജ്Updated: Sunday Oct 2, 2022

ദേശീയ ഗെയിംസ് പുരുഷന്മാരുടെ നീന്തലിൽ 100 മീറ്റർ ബട്ടർഫ്ളെെയിൽ കേരളത്തിന്റെ സജൻ പ്രകാശ് സ്വർണത്തിലേക്ക് / ഫോട്ടോ: പി വി സുജിത്


സജൻ പ്രകാശ് സ്വർണവേട്ട തുടങ്ങി. നീന്തൽക്കുളത്തിൽ ആദ്യദിനം ഒരു സ്വർണവും വെള്ളിയും സജൻ നേടി. രാജ്കോട്ടിലെ സർദാർ വല്ലഭ്ഭായി പട്ടേൽ നീന്തൽക്കുളത്തിൽ 100 മീറ്റർ ബട്ടർഫ്ളെെയിലാണ് സ്വർണം (55.32 സെ.). 200 മീറ്റർ ഫ്രീസ്റ്റെെലിൽ വെള്ളി (1.51.43). ഈയിനത്തിൽ സർവീസസിന്റെ സർവേഷ് അനിൽ (1.50.88) ഗെയിംസ് റെക്കോഡോടെ സ്വർണം നേടി.

സജൻ ഉൾപ്പെട്ട 4 x 100 ഫ്രീസ്‌റ്റൈൽ കേരള റിലേ ടീമിന് മെഡൽ നേടാനായില്ല. 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ 11 ഇനങ്ങളിൽ മത്സരിക്കാനിറങ്ങി ആറ് സ്വർണവും മൂന്ന് വെള്ളിയും നേടിയ മികച്ച താരമായി സജൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്‌തു. അടുത്തദിവസങ്ങളിലും കേരളത്തിനുവേണ്ടി മെഡൽ വാരാൻ സജൻ  നീന്തൽക്കുളത്തിലുണ്ടാകും. 11 വർഷമായി പ്രദീപ്കുമാറാണ് പരിശീലകൻ. 2020 മുതൽ ദുബായിലാണ് പരിശീലനം.

വനിതാ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടുന്ന എൻ വി ഷീന

വനിതാ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടുന്ന എൻ വി ഷീന


 


കേരളത്തിന് കുതിപ്പ്
ഗുജറാത്ത് ദേശീയ ഗെയിംസിൽ കേരളത്തിന് കുതിപ്പ്. ഓരോ ഗെയിംസ് വേദിയിലും കേരളത്തിന് കെെയടികൾ. ഗാന്ധിനഗറിലെ ട്രിപ്പിൾജമ്പ് പിറ്റിൽ എം വി ഷീന, രാജ്കോട്ടിലെ നീന്തൽക്കുളത്തിൽ സജൻ പ്രകാശ്, സബർമതിയിൽ നാലംഗ തുഴച്ചിൽ സംഘം എന്നിവർ സ്വർണനേട്ടം സമ്മാനിച്ചു. ദേശീയ ഗെയിംസിൽ ഞായറാഴ്ച കേരളത്തിന്റെ ദിനമായിരുന്നു. മൂന്ന് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവും നേടി. ഗെയിംസിൽ ഇതുവരെ ഏഴുവീതം സ്വർണവും വെള്ളിയും നാല് വെങ്കലവുമാണ് കേരളത്തിന്റെ സാമ്പാദ്യം. നിലവിലെ ചാമ്പ്യന്മാരായ സർവീസസ് ആദ്യമായി മുന്നിലെത്തി. ഹരിയാനയാണ് രണ്ടാമത്.

ട്രിപ്പിൾജമ്പിൽ 13.37 മീറ്റർ ചാടിയാണ് ഷീന സ്വർണം നേടിയത്. ഹൈജമ്പിൽ ടി ആരോമൽ വെള്ളി (2.19) സമ്മാനിച്ചു. സർവീസസിന്റെ സർവേഷ് അനിൽ  ഗെയിംസ് റെക്കോഡിട്ടു (2.27). ആരോമലും റെക്കോഡിനെ മറികടക്കുന്ന പ്രകടനം നടത്തി. രാജ്കോട്ടിലെ നീന്തൽകുളത്തിൽനിന്ന് സജൻ പ്രകാശിന്റെ വകയായിരുന്നു രണ്ട് മെഡൽ. 100 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണവും 200 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയും സജൻ നേടി.

തുഴച്ചിലിൽ ഒന്നുവീതം സ്വർണവും വെള്ളിയും കേരളം നേടി. വനിതാ കോസ്‌ലെസ്‌ ഫോർ മൈനസിൽ റോസ്‌മരിയ ജോഷി, കെ ബി വർഷ, പി ബി അശ്വതി, വി എസ് മീനാക്ഷി സംഖ്യമാണ് സ്വർണം സ്വന്തമാക്കിയത്. വനിതാ കോസ്‌ലെസ്‌ പെയർ മത്സരത്തിൽ എ അർച്ചയും അലീന ആന്റോയും ചേർന്ന് വെള്ളി നേടി.
ജിംനാസ്റ്റിക്സിൽ കേരളത്തിന് ആദ്യ മെഡൽ കിട്ടി. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ ജെ എസ് ഹരികൃഷ്ണൻ വെള്ളിമെഡൽ നേടി.

ഫെൻസിങ്ങിൽ തുടർച്ചയായി മൂന്നാംദിനവും കേരളം മെഡൽ സ്വന്തമാക്കി. എപ്പേ വ്യക്തിഗത ഇനത്തിൽ എം എസ് ഗ്രേഷ്മ വെങ്കലം നേടി. ക്വാർട്ടറിൽ മഹാരാഷ്ട്രയുടെ ധ്വനേശ്വരിയെ 15–-13ന് തോൽപ്പിച്ചാണ് സെമിഫൈനലിൽ കടന്നത്. സെമിയിൽ ഹരിയാനയുടെ തനിഷ്ക കാർത്തിയോട് 15-–6ന് തോറ്റു. ഫെൻസിങ്ങിൽ സെമിയിൽ കടന്നാൽ മെഡൽ ലഭിക്കും.

ഫുട്ബോളിൽ ജയത്തുടക്കം
പുരുഷ ഫുട്ബാളിൽ കേരളത്തിന് ആദ്യ ജയം. എ ഗ്രൂപ്പിൽ ഒഡിഷയെ 2–-1ന്‌ തോൽപ്പിച്ചു. പെനൽറ്റിയിലൂടെ അർപൻ ലഖ്റ ഒഡിഷയെ മുന്നിലെത്തിച്ചു. വൈകാതെ നിജോ ഗിൽബർട്ടിലൂടെ കേരളം സമനില പിടിച്ചു. പരിക്കുസമയത്ത്‌ ജെ ജെറീറ്റോ കേരളത്തെ രക്ഷിച്ചു.

ബാഡ്മിന്റണിലും 
ബാസ്‌കറ്റ്ബോളിലും ഫൈനൽ
ബാഡ്മിന്റൺ ടീം ഇനത്തിൽ കേരളം ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ഗുജറാത്തിനെയാണ് (3–-1) കീഴടക്കിയത്. രാജ്യാന്തര താരങ്ങളായ എച്ച് എസ് പ്രണോയി, ട്രീസ ജോളി അടക്കമുള്ളവർ കേരളത്തിനായി കോർട്ടിലിറങ്ങി. ഇന്ന് തെലങ്കാനയുമായാണ് ഫൈനൽ. ബാസ്‌കറ്റ്ബോളിൽ വനിതകളുടെ 3 x 3 കളിയിൽ കേരളം ഫൈനലിലെത്തി. സെമിയിൽ കർണാടകയെ (21-–-15) കീഴടക്കി. സ്റ്റെഫി നിക്സണും ജയലക്ഷ്മിയും 10 പോയിന്റ് വീതം നേടി. ഇന്ന് തെലങ്കാനയുമായാണ് ഫൈനൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top