രോഷിബിന ഓർത്തത് ദുരിതംപെയ്യുന്ന നാടിനെക്കുറിച്ചാണ്. അവിടെ ആശങ്കയിൽ കഴിയുന്ന കുടുംബത്തെയാണ്. അതിനാൽ ഈ മെഡൽ പൊരുതുന്ന മണിപ്പുർ ജനതയ്‌ക്ക് സമർപ്പിക്കുകയാണ് ഇരുപത്തിരണ്ടുകാരി
ഹാങ്ചൗ
ഈ വെള്ളിമെഡൽ നിറയെ കണ്ണീരാണ്. അയോധനകലയായ വുഷുവിൽ വെള്ളിമെഡൽ നേടിയശേഷം രോഷിബിന ദേവി പൊട്ടിക്കരഞ്ഞു. അവൾ അപ്പോൾ ഓർത്തത് ദുരിതംപെയ്യുന്ന നാടിനെക്കുറിച്ചാണ്. അവിടെ ആശങ്കയിൽ കഴിയുന്ന കുടുംബത്തെയാണ്. അതിനാൽ ഈ മെഡൽ പൊരുതുന്ന മണിപ്പുർ ജനതയ്‌ക്ക് സമർപ്പിക്കുകയാണ് ഇരുപത്തിരണ്ടുകാരി.
വുഷുവിലെ 60 കിലോ സാന്റ വിഭാഗത്തിലാണ് നേട്ടം. കഴിഞ്ഞതവണ വെങ്കലമുണ്ടായിരുന്നു. ഇക്കുറി ഫൈനലിൽ ചൈനയുടെ വു സിയാവോ വെയിയാണ് രോഷിബിനയെ കീഴടക്കിയത്. ചൈനക്കാരിക്ക് ഉയരക്കൂടുതൽ തുണയായി. മെഡൽനേട്ടത്തിൽ സന്തോഷമുണ്ടെന്ന് രോഷിബിന പറഞ്ഞു. ‘ കുറച്ചുമാസമായി വല്ലാത്ത സമ്മർദത്തിലായിരുന്നു. നാട്ടിലെ പ്രശ്‌നങ്ങൾ അലട്ടിയിരുന്നു. ജൂണിലാണ് അവസാനമായി വീട്ടുകാരെ കണ്ടത്. ഇംഫാലിലെ സായ് കേന്ദ്രത്തിലായിരുന്നു പരിശീലനം. മനസ്സിന്റെ ഏകാഗ്രത നഷ്‌ടപ്പെടാതിരിക്കാൻ ഫോൺ ഉപയോഗിക്കേണ്ടെന്ന് കോച്ച് പറഞ്ഞു. മണിപ്പുരിൽ എല്ലാവരും പേടിയിലാണ് കഴിയുന്നത്. എല്ലാം തെളിഞ്ഞ് ശാന്തമാകുമെന്നാണ് പ്രതീക്ഷ.’
അവസാനനിമിഷം അരുണാചൽപ്രദേശിൽനിന്നുള്ള മൂന്ന് വുഷു താരങ്ങൾക്ക് ചൈന വിസ നിഷേധിച്ചത് മനസ്സ് കൂടുതൽ പ്രക്ഷുബ്‌ധമാക്കി. അടുത്ത സുഹൃത്തായ ഒനിലു ടെഗ ഒഴിവാക്കപ്പെട്ടവരിലുണ്ടായിരുന്നു. അത് ഏറെ വിഷമമുണ്ടാക്കി. സെമിയിലെ വിജയം ഒഴിവാക്കപ്പെട്ട സഹകളിക്കാർക്കാണ് രോഷിബിന സമർപ്പിച്ചത്.
മണിപ്പുരിലെ ബിഷ്‌ണുപുർ ജില്ലയിലെ ഖാസിപായ് മയായി ലെകായി ഗ്രാമത്തിലാണ് വീട്. അച്ഛൻ നാരോ ഡാമു കർഷകനാണ്. അമ്മ റോമിലാദേവി.
ഏഷ്യൻ ഗെയിംസ് വുഷുവിൽ ഇന്ത്യക്ക് ഇതുവരെ സ്വർണം കിട്ടിയിട്ടില്ല. രണ്ടാമത്തെ വെള്ളിമെഡലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..