27 April Saturday

ഗ്രാൻഡ് സലാം ; ലോക ടെന്നീസിലെ ഇതിഹാസം റോജർ ഫെഡറർ കളിനിർത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

image credit Roger Federer twitter

ലണ്ടൻ > ഇരുപത്തിനാല്‌ വർഷം, 1526 മത്സരങ്ങൾ, 20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ. ലോക ടെന്നീസിലെ ഇതിഹാസം റോജർ ഫെഡറർ കളിനിർത്തി. ഒടുവിൽ ലേവർകപ്പിൽ പ്രധാന എതിരാളിയും പ്രിയപ്പെട്ട കൂട്ടുകാരനുമായ റാഫേൽ നദാലിനൊപ്പം ഡബിൾസ്‌ മത്സരം. കളിയിലെ സൗന്ദര്യവും കളത്തിനുപുറത്തെ മാനുഷികസ്നേഹവും കൊണ്ടാണ് ഫെഡറർ ഹൃദയങ്ങളെ കീഴടക്കിയത്.

ഒരു ഗ്രാൻഡ്‌ സ്ലാം പോരാട്ടത്തിനുകൂടി ഫെഡറർക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, കാൽമുട്ടിലെ നിരന്തരപരിക്കുകൾ നാൽപ്പത്തൊന്നുകാരനെ തളർത്തി. ആധുനിക ടെന്നീസിൽ ആദ്യമായി 20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ ചൂടിയാണ് മടക്കം. പിന്നീട് റാഫേൽ നദാലും നൊവാക് ജൊകോവിച്ചും ഈ നേട്ടം മറികടന്നു. എങ്കിലും ഫെഡറർ കളിയഴകുകൊണ്ട് എക്കാലവും മുന്നിൽ നിൽക്കുന്നു.

ഇത്രയേറെ സ്‌നേഹിക്കപ്പെട്ട മറ്റൊരു കായികതാരമില്ല. 1998ൽ വിംബിൾഡണിൽ ജൂനിയർ ചാമ്പ്യനായാണ് തുടക്കം. മകനെ ആദ്യ 100 റാങ്കിൽ എത്തിക്കുകയായിരുന്നു അച്ഛൻ റോബർട്ട് ഫെഡററുടെ ആഗ്രഹം. പക്ഷെ, കുഞ്ഞു ഫെഡറർക്ക് ക്ഷമയുണ്ടായില്ല. റാക്കറ്റുകൾ വലിച്ചെറിയുന്ന, തോറ്റാൽ മണിക്കൂറുകൾ കരയുന്ന, സ്വയം കലഹിക്കുന്ന കൗമാരക്കാരൻ. കളത്തിൽ ജയവും തോൽവിയുമുണ്ടാകുമെന്ന് പഠിക്കാൻ സമയമെടുത്തു.
പീറ്റ് സാംപ്രാസും സ്റ്റെഫാൻ എഡ്ബെർഗും ബോറിസ്‌ ബെക്കറുമായിരുന്നു ആരാധനാപാത്രങ്ങൾ. അവരുടെ ഷോട്ടുകളെ അനുകരിക്കാൻ ശ്രമിച്ചു. പക്ഷേ, ഓരോ ശ്രമവും പരാജയപ്പെട്ടു. 2001 വിംബിൾഡൺ നാലാംറൗണ്ടിൽ സാക്ഷാൽ സാംപ്രാസിനെ തോൽപ്പിച്ചു. അപ്പോഴും സ്ഥിരതയിൽ ഫെഡറർ പിന്നിലായിരുന്നു. അടുത്ത റൗണ്ടിലെ തോൽവിയോടെ പിഴവുകൾ എന്തെന്ന്  മനസ്സിലായി.


 

2002 ആഗസ്തിലാണ് ഉപദേശകനും മുൻ പരിശീലകനുമായ പീറ്റർ കാർട്ടർ ദക്ഷിണാഫ്രിക്കയിൽ കാറപകടത്തിൽ കൊല്ലപ്പെടുന്നത്. ആ സംഭവം തന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് ഫെഡറർ പിന്നീട് പറഞ്ഞു. വികാരങ്ങളെ നിയന്ത്രിക്കാൻ പഠിച്ചത് ആ സംഭവത്തോടെയായിരുന്നു.

ഇരുപത ഗ്രാൻഡ് സ്ലാം കിരീടങ്ങളിലെ ആദ്യനേട്ടം 2003ലെ വിംബിൾഡണിൽ. മാർക്‌ ഫിലിപ്പോസിസിനെ കീഴടക്കി കിരീടമണിഞ്ഞപ്പോൾ കളത്തിൽ വീണുകരയുകയായിരുന്നു ഫെഡറർ.

2004 മുതൽ 2010 വരെ ടെന്നീസ് ലോകം വാണു. 237 ആഴ്‌ച തുടർച്ചയായി ഒന്നാംറാങ്കിൽ. ആ കാലഘട്ടത്തിൽ 19ൽ 18 ഗ്രാൻഡ്‌ സ്ലാം ടൂർണമെന്റുകളുടെയും ഫൈനലിലെത്തി. അതിൽ 12ലും കിരീടം. 2009ൽ കളിജീവിതത്തിലെ ഒരേയൊരു ഫ്രഞ്ച് ഓപ്പൺ കിരീടവും നേടി. കരിയർ ഗ്രാൻഡ് സ്ലാമും പൂർത്തിയാക്കി.

അന്നത്തെ വിരമിക്കൽ ചോദ്യങ്ങളെ പുഞ്ചിരിയോടെ നേരിട്ടു. ശേഷം ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങൾകൂടി നേടി. ഗ്രാൻഡ് സ്ലാമിൽ 369 ജയങ്ങളും. ഒപ്പം ആറ് എടിപി ടൂർ ഫെെനൽസ് കിരീടങ്ങളും.

റാഫേൽ നദാലുമായുള്ള ഓരോ മത്സരവും ടെന്നീസ് ചരിത്രത്തിന്റെ ഭാഗമായി. 2017 ഓസ്ട്രേലിയൻ ഓപ്പണിൽ നദാലിനെതിരെ നേടിയ ജയം അതിലെ മനോഹര അധ്യായമായി. സെർബിയക്കാരൻ നൊവാക് ജൊകോവിച്ച്, ബ്രിട്ടീഷ് താരം ആൻഡി മറെ എന്നിവരായിരുന്നു മറ്റ് പ്രധാന എതിരാളികൾ.

കഴിഞ്ഞവർഷം വിംബിൾഡണിലായിരുന്നു അവസാനമത്സരം. പരിക്കും പിന്നെ കോവിഡ് കാലവും തിരിച്ചുവരവിനെ തടസ്സപ്പെടുത്തി.
കളത്തിൽമാത്രമല്ല, കളത്തിനുപുറത്തും ഫെഡറർ വ്യത്യസ്‌തനായിരുന്നു. ഫോർബ്‌സിന്റെ പട്ടികയിലെ ഏറ്റവും സമ്പന്നനായ ടെന്നീസ് താരമാണ് സ്വിസുകാരൻ. ദരിദ്രരായ കുട്ടികളുടെ ഉന്നമനത്തിനായി റോജർ ഫെഡറേഷൻ ഫൗണ്ടേഷനും രൂപീകരിച്ചിട്ടുണ്ട്.

ലെസോതോ, മലാവി, സാംബിയ, സിംബാബ്-വെ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ കുട്ടികൾക്ക് സഹായമൊരുക്കി. 18 വർഷത്തിനിടെ 18 ലക്ഷം കുട്ടികൾക്ക് 422 കോടി രൂപയുടെ സഹായം ഫൗണ്ടേഷൻ നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top