25 April Thursday

സർവം 
സർഫ്രാസ്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

image credit bcci domestic twitter


ബംഗളൂരു
രഞ്ജി ട്രോഫി ക്രിക്കറ്റിൽ സർഫ്രാസ്‌ ഖാന്റെ ബാറ്റിന്‌ വിശ്രമമില്ല. മധ്യപ്രദേശിനെതിരായ ഫൈനലിൽ സെഞ്ചുറിയുമായി മുംബൈയെ ഉയർത്തി ഇരുപത്തിനാലുകാരൻ. സർഫ്രാസിന്റെ (134) കരുത്തിൽ മുംബൈ ഒന്നാം ഇന്നിങ്‌സിൽ 374 റണ്ണെടുത്തു.
എട്ട്‌ ഇന്നിങ്‌സിൽ നാല്‌ സെഞ്ചുറിയായി സർഫ്രാസിന്‌. ആറു കളിയിൽ 937 റണ്ണുമായി റൺവേട്ടക്കാരിൽ ഒന്നാമനാണ്‌. ഒരു ഇരട്ടസെഞ്ചുറിയുമുണ്ട്‌. കഴിഞ്ഞ സീസണിൽ 928 റണ്ണാണ്‌ നേടിയത്‌.

മുംബൈക്കെതിരെ രണ്ടാംദിനം കളി അവസാനിക്കുമ്പോൾ മധ്യപ്രദേശ്‌ മികച്ച നിലയിലാണ്‌. ഒരു വിക്കറ്റ്‌ നഷ്ടത്തിൽ 123 റണ്ണെടുത്തു. 251 റൺ പിറകിൽ. അണ്ടർ 19 ലോകകപ്പിലൂടെയാണ്‌ സർഫ്രാസ്‌ ഇന്ത്യൻ ക്രിക്കറ്റിൽ അവതരിച്ചത്‌. അച്ഛൻ നൗഷാദ്‌ ഖാനാണ്‌ പരിശീലകൻ.

ഭാവിവാഗ്‌ദാനമായി വിലയിരുത്തപ്പെട്ട കൗമാരക്കാരന്‌ പക്ഷേ സ്ഥിരത പുലർത്താനായില്ല. ഐപിഎല്ലിലും ആഭ്യന്തരമത്സരങ്ങളിലും പരാജയപ്പെട്ടു. ഇതിനിടെ കൂടുതൽ അവസരങ്ങൾ തേടി ഉത്തർപ്രദേശിനായി പാഡ്‌ കെട്ടി. അവർക്കായി മിന്നിയതോടെ വീണ്ടും മുംബൈ സംഘത്തിൽ തിരിച്ചെത്തി. കഴിഞ്ഞ സീസണിൽ മികവുകാട്ടി.

ഇത്തവണ സൗരാഷ്ട്രക്കെതിരെ 275 റണ്ണടിച്ചാണ്‌ തുടങ്ങിയത്‌. 63, 48, 165, 153, 40, 50*, 134 എന്നിങ്ങനെയാണ്‌ മറ്റ്‌ ഇന്നിങ്‌സിലെ സ്‌കോർ. പൃഥ്വി ഷാ, യശസ്വി ജയ്‌സ്വാൾ, അർമാൻ ജാഫർ തുടങ്ങിയ മികച്ച ബാറ്റർമാരുള്ള മുംബൈ നിരയിൽ അഞ്ചാമനായി ഇറങ്ങിയാണ്‌ സർഫ്രാസിന്റെ റൺകൊയ്‌ത്ത്‌. സാങ്കേതികത്തികവാർന്ന ബാറ്ററായാണ്‌ വലംകൈയൻ വിലയിരുത്തപ്പെടുന്നത്‌. പിച്ചിനെയും സാഹചര്യങ്ങളെയും അതിവേഗം മനസ്സിലാക്കാൻ പ്രത്യേക മിടുക്കുണ്ട്‌. 

ശാരീരികക്ഷമത തീരെയില്ലെന്ന വിമർശം കേട്ടുകൊണ്ടിരിക്കെയാണ്‌  പ്രകടനങ്ങളെല്ലാം. ഫൈനലിലും ടീം സമ്മർദത്തിലായിരിക്കെ ക്രീസിലെത്തി. 13 ഫോറും രണ്ട്‌ സിക്‌സറും പായിച്ചു. സർഫ്രാസിന്റെ അനുജൻ മുഷീർ ഖാനും മുംബൈ സംഘത്തിലുണ്ട്‌. ഈ സീസണിൽ ടീമിൽ ഉൾപ്പെട്ടെങ്കിലും കളിക്കാൻ അവസരം കിട്ടിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top