മുംബൈ
ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാനുള്ള പ്രതീക്ഷ സജീവമാക്കി ആർ അശ്വിൻ. ലോകകപ്പിനുമുമ്പ് നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമിൽ ഈ ഓഫ് സ്‌പിന്നർ ഉൾപ്പെട്ടു. മറ്റൊരു സ്‌പിൻ ഓൾ റൗണ്ടർ വാഷിങ്‌ടൺ സുന്ദറും ഇടംനേടി. 22നാണ് മൂന്ന് മത്സരപരമ്പര തുടങ്ങുന്നത്. ആദ്യ രണ്ടുകളിയിൽ രോഹിത് ശർമയ്‌ക്കുപകരം കെ എൽ രാഹുലായിരിക്കും ക്യാപ്‌റ്റൻ. അവസാന മത്സരത്തിൽ കളിക്കുന്ന ടീം ലോകകപ്പ് സംഘമാണ്. ഈ ടീമിൽ അശ്വിനും സുന്ദറും അധികമായി ഉൾപ്പെട്ടു. ഒക്‌ടോബർ അഞ്ചിനാണ് ലോകകപ്പിന് തുടക്കം.
ഏഷ്യാ കപ്പിനിടെ ഇടംകൈയൻ സ്‌പിന്നർ അക്‌സർ പട്ടേലിന് പരിക്കേറ്റതോടെ മറ്റൊരു സ്‌പിന്നറെ തേടുകയായിരുന്നു ഇന്ത്യൻ ടീം മാനേജ്‌മെന്റ്. ലോകകപ്പ് ടീമിൽ ഒരു ഓഫ് സ്‌പിന്നറെ ഉൾപ്പെടുത്താത്തതിൽ വൻ വിമർശമുയർന്നിരുന്നു. ഇന്ത്യൻ പിച്ചുകളിൽ മികച്ച റെക്കോഡുള്ള അശ്വിനെ ഒഴിവാക്കിയതിലായിരുന്നു വിമർശം. നിലവിൽ അക്‌സറിനൊപ്പം രവീന്ദ്ര ജഡേജയും കുൽദീപ് യാദവുമാണ് ഇന്ത്യൻടീമിലെ സ്‌പിന്നർമാർ. അക്‌സർ അവസാന ഏകദിനത്തിനുള്ള ടീമിലുണ്ട്. എന്നാൽ, പരിക്കുമാറിയാൽ മാത്രമേ കളിക്കുകയുള്ളൂ. പരിക്കുകാരണം ഏഷ്യാ കപ്പ് അവസാന മത്സരങ്ങളിൽ കളിക്കാതിരുന്ന ശ്രേയസ് അയ്യർ പരമ്പരയ്‌ക്കുള്ള ടീമിലുണ്ട്.
ആദ്യ രണ്ടുകളികളിൽ രോഹിതിന് പുറമെ വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർക്കും വിശ്രമം അനുവദിച്ചു. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്‌റ്റൻ. ഏഷ്യൻ ഗെയിംസ് ടീം ക്യാപ്‌റ്റൻ ഋതുരാജ് ഗെയ്‌ക്ക്‌വാദ് ടീമിലുണ്ട്. തിലക് വർമയും സ്ഥാനം നിലനിർത്തി.
ടീം (ആദ്യ രണ്ട് ഏകദിനം): കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ശുഭ്‌മാൻ ഗിൽ, ഋതുരാജ് ഗെയ്‌ക്ക്‌വാദ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ശാർദുൽ ഠാക്കൂർ, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വർമ, പ്രസിദ്ധ് കൃഷ്‌ണ, ആർ അശ്വിൻ, വാഷിങ്‌ടൺ സുന്ദർ.
അവസാന ഏകദിനം: രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, വിരാട് കോഹ്‌ലി, ഇഷാൻ കിഷൻ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ശാർദുൽ ഠാക്കൂർ, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, ആർ അശ്വിൻ, വാഷിങ്‌ടൺ സുന്ദർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..