18 April Thursday

കൺതുറക്കുന്നു: ഖത്തര്‍ ലോകകപ്പിന് ഒരു വര്‍ഷം

അനസ് യാസിൻUpdated: Sunday Nov 21, 2021

മനാമ> വിസ്മയക്കാഴ്ചകളുമായി ഖത്തർ കാത്തിരിക്കുന്നു. ഇനി ഒരുവർഷംകൂടി. 2022 നവംബർ 21ന് ഇവിടെ ആവേശത്തിന്റ പന്തുരുളും. ഡിസംബർ 18വരെ കാൽപ്പന്തുപൂരം ഖത്തറിൽ കൊണ്ടാടും.
അറബ് സാംസ്‌കാരിക പൈതൃകവും ലോകോത്തര എൻജിനിയറിങ്‌  വൈദഗ്‌ധ്യവും കൈയൊപ്പ് ചാർത്തിയ എട്ട് അത്യാധുനിക സ്‌റ്റേഡിയങ്ങൾ. നാലരലക്ഷം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് സിറ്റി. പഞ്ചനക്ഷത്ര ഹോട്ടലുകളും നൂതന ഗതാഗതസൗകര്യങ്ങളും. ഒരുക്കത്തിലും നിർമാണത്തിലും അത്ഭുതപ്പെടുത്തി ഖത്തർ.

എട്ടുവേദികൾ, 32 ടീമുകൾ.  65 മത്സരങ്ങൾ. അൽ ഖോറിലെ അൽ ബെയ്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനമത്സരം. ലുസൈൽ സ്‌റ്റേഡിയത്തിൽ ഫൈനൽ.

അറേബ്യൻ ഉപദ്വീപും മധ്യേഷ്യയും ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. തലസ്ഥാനമായ ദോഹയിലെ ഖലീഫ രാജ്യാന്തര സ്‌റ്റേഡിയം, എഡ്യുക്കേഷൻ സിറ്റി എന്നിവ നവീകരിച്ചു. പുതുതായി നിർമിച്ച അൽ വക്രയിലെ അൽ ജനൗബ്, അഹമ്മദ് ബിൻ അലി, അൽ ബെയ്ത്ത്, അൽ തുമാമ എന്നീ ആറു സ്‌റ്റേഡിയങ്ങൾ തുറന്നു. ഫൈനൽ മത്സരവേദിയും രാജ്യത്തെ ഏറ്റവും വലിയ സ്‌റ്റേഡിയവുമായ ലുസൈൽ നാളെ തുറക്കാനാണ് പദ്ധതി. നിർമാണം പൂർത്തിയായിവരുന്ന റാസ് അബു അബൗദ് സ്‌റ്റേഡിയം ഡിസംബറിലെ ഫിഫ അറബ് കപ്പിനോട് അനുബന്ധിച്ച് തുറക്കും.

എല്ലാ സ്‌റ്റേഡിയങ്ങളും മെട്രോയുമായി ബന്ധിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായാണ് സ്‌റ്റേഡിയങ്ങൾ നിർമിച്ചത്. നാൽപതിനായിരത്തിനുമുകളിൽ ഇരിപ്പിടശേഷിയുള്ളവയാണ് സ്‌റ്റേഡിയങ്ങൾ. അൽബെയ്ത് സ്‌റ്റേഡിയത്തിന് 60,000 ഉം ലുസൈൽ ഐകോണിക് സ്‌റ്റേഡിയത്തിൽ 80,000 ഉം ഇരിപ്പിടമുണ്ട്. ലോകകപ്പിനുള്ള 32 ട്രെയ്‌നിങ് സെന്ററുകൾ സജ്ജമായി.

കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്കുമുന്നിൽ പതറാതെ, പാശ്ചാത്തല വികസനപദ്ധതികൾ സമയബന്ധിതമായി രാജ്യം പൂർത്തീകരിച്ചു. കഴിഞ്ഞ സീസണിനിടെ വിവിധ ലീഗുകളിലും ടൂർണമെന്റുകളിലുമായി നൂറ്റമ്പതോളം മത്സരങ്ങൾക്ക് രാജ്യം വേദിയായി. ഖത്തറിന്റെ സുരക്ഷാ ഒരുക്കങ്ങൾ കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു.
ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങളിൽ പ്രധാനമാണ് 38,000 ചതുരശ്ര കിലോമീറ്ററിൽ പുതുതായി നിർമിച്ച ലുസൈൽ നഗരം.  ദോഹയുടെ തെക്കൻതീരത്താണ് ലുസെെൽ. 22 ഹോട്ടൽസമുച്ചയങ്ങൾ ഉയർന്നു. നാല് ദ്വീപുകളടങ്ങിയ ഖതയ്ഫാൻ ദ്വീപുസമൂഹം ലുസൈൽ നഗരത്തിലെ മനോഹര കാഴ്ചകളിലൊന്നാണ്. ദോഹതീരത്ത് നങ്കൂരമിടുന്ന ക്രൂയിസ് കപ്പലുകളിൽ 12,000 പേർക്ക് താമസമൊരുക്കും.

ലോകകപ്പ് ട്രോഫി കഴിഞ്ഞ ജൂലൈയിൽ  ദോഹയിലെത്തിക്കഴിഞ്ഞു. കാണികൾക്കായി 10 ലക്ഷം കോവിഡ് വാക്‌സിൻ ഒരുക്കുമെന്ന് ഖത്തർ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക ഫുട്‌ബോളിനെ ഖത്തർ വിസ്മയിപ്പിക്കുകയാണെന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ വാക്കുകൾ കൃത്യമാണ്.ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ടൂർണമെന്റാകും ഇത്. അതുപോലെ ആദ്യ ശൈത്യകാല ലോകകപ്പും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top