20 April Saturday
മെസിക്കും റൊണാൾഡോയ്‌ക്കും അവസാന ലോകകപ്പ്‌

വെള്ളിത്തേരിൽ താരകങ്ങൾ ; കിക്കോഫ് ഇന്ന് രാത്രി ഒമ്പതരയ്ക്ക്

ഖത്തറിൽ നിന്ന്‌ 
ആർ രഞ്ജിത്Updated: Saturday Nov 19, 2022


സൗരയൂഥത്തിൽ ഇനി എട്ടല്ല; ഒമ്പത്‌ ഗ്രഹങ്ങൾ. അവസാനത്തേത്‌ കത്തിനിൽക്കുന്ന ഒരു പന്ത്. കളിമിടുക്കിന്റെ കാറ്റുനിറച്ച്‌, കായികാവേശത്തിന്റെ കുതിപ്പ് കൊടുത്ത് ആരുയർത്തും ആ പന്തിനെ ആകാശത്തേക്ക്? ആരുതടുക്കും അതിന്റെ ആദിമ വന്യതയെ? ആരുടെ തേരിലാകും അതിന്റെ രാജസൂയം?

യൂറോപ്പും ലാറ്റിനമേരിക്കയും മോഹിക്കുന്നുണ്ട്. ആഫ്രിക്കയ്ക്കും ഏഷ്യക്കും പരിമിതികളറിയാം. എങ്കിലും ഓരോ വൻകരയുടെയും വികാരമാണ്. ബ്രസീലും അർജന്റീനയും എക്കാലത്തേയും ഫേവറിറ്റുകളാണ്. ബ്രസീൽ കാത്തിരിക്കുന്നത് രണ്ട് പതിറ്റാണ്ടിനുശേഷമുള്ള കിരീടമാണ്. ആകെ എണ്ണത്തിൽ ആറാമത്തേത്. അർജന്റീനയാകട്ടെ ലയണൽ മെസിയെന്ന വികാരത്തിൽ പൊതിഞ്ഞാണ് പ്രതീക്ഷവയ്ക്കുന്നത്. 1986ൽ മാറഡോണക്കുശേഷമൊരു പൊൻകിരീടം സമ്മാനിക്കാൻ മെസിയുടെ ബൂട്ടുകൾക്കാകുമോ?  പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന മികച്ച ടീമാണ് ഉറുഗ്വേയുടേത്. തെക്കേ അമേരിക്കയിൽനിന്ന്‌ പിന്നെയുള്ള ടീം ഇക്വഡോറാണ്.

യൂറോപ്പിലെ വമ്പന്മാരെല്ലാം ഒന്നിനൊന്ന് മികച്ചവരാണ്. നാല് കിരീടവുമായി ജർമനിയുണ്ട്. ഫ്രാൻസ് നേട്ടം ആവർത്തിക്കാനൊരുങ്ങുന്നു. ബ്രസീലിനും ഇറ്റലിക്കുംമാത്രമാണ് കിരീടത്തുടർച്ച ഉണ്ടായത്. ഇറ്റലി ഇക്കുറിയില്ല.


 

സ്പെയ്നും ഇംഗ്ലണ്ടും ഓരോതവണ ജേതാക്കളായി. സ്പെയ്ൻ 2010ൽ ചാമ്പ്യന്മാരായി. ഇംഗ്ലണ്ട് 1966ലും. മഹാരഥന്മാരുടെ കാലത്തും നെതർലൻഡ്സ് പരാജയപ്പെട്ട ടീമാണ്. പോർച്ചുഗലാകട്ടെ റൊണാൾഡോയുടെ ബൂട്ടിൽ വിശ്വസിക്കുന്നു. ബൽജിയമുണ്ട്, ഡെൻമാർക്കുണ്ട്. സുവർണനിരയുടെ അവസാന അവസരത്തിൽ ബൽജിയം അത്ഭുതം പ്രതീക്ഷിക്കുന്നു. മരുഭൂമിയിലെ ലോകവേദിയിൽ ഡെൻമാർക്ക് ഒരു കൊടുങ്കാറ്റായിക്കൂടെന്നില്ല. കഴിഞ്ഞതവണത്തെ ക്രൊയേഷ്യയെപ്പോലെ. 13 യൂറോപ്യൻ ടീമുകളിൽ വെയ്ൽസിനും സെർബിയക്കും പോളണ്ടിനും ചരിത്രത്തിലേക്കുള്ള പന്തുതട്ടലാണ്. ഏത് വമ്പന്റെയും അന്നംമുടക്കാൻ സ്വിറ്റ്സർലൻഡുണ്ട്.

അഞ്ച് ടീമുകളെ ആഫ്രിക്ക അവതരിപ്പിക്കുന്നു. ഘാനയും സെനെഗലും കാമറൂണും അവരുടെ ദിവസം ആരേയും വീഴ്ത്തും. മൊറോക്കോയും ടുണീഷ്യയുമാണ് മറ്റ് രണ്ട് പ്രതിനിധികൾ. ആതിഥേയരായ ഖത്തറിനൊപ്പം അഞ്ച് ടീമുകൾകൂടി ഏഷ്യയിൽനിന്നുണ്ട്. ദക്ഷിണകൊറിയയെ പേടിച്ചേപറ്റൂ. ഇറാനും സൗദി അറേബ്യയും ജപ്പാനും ഓസ്ട്രേലിയയും ഒപ്പമുണ്ട്.

വടക്ക്‌–-മധ്യ അമേരിക്കയിൽനിന്ന് മെക്സിക്കോയും അമേരിക്കയും കോസ്റ്ററിക്കയും ക്യാനഡയും ഒപ്പംചേരും. കിക്കോഫ് ഞായർ രാത്രി ഒമ്പതരയ്ക്കാണ്. അൽഖോറിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. അതിനുമുമ്പ് ഒന്നരമണിക്കൂർ കലാവിരുന്നൊരുക്കും. അറബ് പാരമ്പര്യവും കലാരൂപങ്ങളും നിറയുന്ന ഉദ്ഘാടനച്ചടങ്ങ് സസ്പെൻസാണ്. കൊറിയൻ ബാൻഡ് ബിടിഎസിലെ ഗായകൻ ജുങ് കൂങ് ‘ഡ്രീമേഴ്സ്' ഗാനമൊരുക്കും. ഇന്ത്യൻ പ്രതിനിധിയായി ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഉദ്ഘാടനവേദിയിലുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top