26 April Friday

പിന്നോട്ടു നടന്ന ഇംഗ്ലണ്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

ദോഹ
അമേരിക്കയുമായുള്ള മത്സരശേഷം അൽ ബയ്‌ത്‌ സ്‌റ്റേഡിയത്തിൽ കൂവലുയർന്നു. ഇംഗ്ലണ്ട്‌ പരിശീലകൻ ഗാരെത്‌ സൗത്‌ഗേറ്റിനെയായിരുന്നു ഒരുകൂട്ടം കാണികൾ ലക്ഷ്യംവച്ചത്‌. ഇറാനെതിരായ മത്സരത്തിലെ നല്ല കളിയിൽനിന്ന്‌ പിറകോട്ടുപോയത്‌ അവരെ ചൊടിപ്പിച്ചു. സൗത്‌ഗേറ്റിന്‌ പലകോണുകളിൽനിന്നും വിമർശമുയർന്നു.

ഇറാനെതിരെ ആക്രമണാത്മകമായാണ്‌ ഇംഗ്ലണ്ട്‌ കളിച്ചത്‌. അമേരിക്കയുമായുള്ള കളി അതിനുനേരെ വിപരീതമായി. കഴിഞ്ഞ 30 വർഷത്തിനിടെ ആദ്യമായാണ്‌ ഒരു ലോകകപ്പ്‌ മത്സരത്തിൽ ഇംഗ്ലണ്ട്‌ ലക്ഷ്യത്തിലേക്ക്‌ ഏറ്റവും കുറവ്‌ ഷോട്ടുകൾ പായിച്ചത്‌.
ഗ്രൂപ്പ്‌ ബിയിൽ നാല്‌ പോയിന്റുമായി പ്രീ ക്വാർട്ടർ ഏറെക്കുറെ ഉറപ്പിച്ചെങ്കിലും ഇംഗ്ലണ്ടിന്‌ ആശ്വസിക്കാനായില്ല. ഗ്രൂപ്പിൽ വെയ്‌ൽസുമായാണ്‌ അവസാനമത്സരം. വെയ്‌ൽസ്‌ പുറത്താകലിന്റെ വക്കിലാണ്‌. മൂന്ന്‌ പോയിന്റുള്ള ഇറാനാണ്‌ രണ്ടാമത്‌. രണ്ട്‌ പോയിന്റുമായി അമേരിക്ക മൂന്നാമതും.

ആക്രമണത്തിലെ മൂർച്ചയില്ലാത്തതാണ്‌ ഇംഗ്ലണ്ടിനെ വലച്ചത്‌. അവസാനഘട്ടത്തിൽ കളി പൂർണമായും അമേരിക്കയുടെ നിയന്ത്രണത്തിലായി. ക്രിസ്‌റ്റ്യൻ പുലിസിച്ച്‌ പ്രതിരോധത്തെ പരീക്ഷിച്ചു. ഹാരി മഗ്വയറും ജോൺ സ്‌റ്റോൺസും ഉൾപ്പെട്ട പ്രതിരോധമാണ്‌ തോൽവിയിൽനിന്ന്‌ ഇംഗ്ലണ്ടിനെ രക്ഷിച്ചത്‌. അതിനിടെ അമേരിക്കൻതാരം മക്കെന്നി സുവർണാവസരം പാഴാക്കുകയും ചെയ്‌തിരുന്നു.

യുവതാരം ജൂഡ്‌ ബെല്ലിങ്‌ഹാമിന്റെ നീക്കങ്ങളെ ദുർബലപ്പെടുത്തിയാണ്‌ അമേരിക്ക ഇംഗ്ലണ്ടിന്റെ കളിയൊഴുക്ക്‌ തടഞ്ഞത്‌. ബുകായോ സാകയ്‌ക്കും റഹീം സ്‌റ്റെർലിങ്ങിനും പ്രഭാവമുണ്ടാക്കാനായില്ല. മാസൺ മൗണ്ടും മങ്ങി. അതിനിടെ യുവതാരം ഫിൽ ഫോദനെ പകരക്കാരനായിപ്പോലും കളത്തിൽ ഇറക്കാത്തതിന്‌ വിമർശമുയർന്നു. ഗോളടിക്കാനും അവസരമൊരുക്കാനും മിടുക്കനായി ഈ മാഞ്ചസ്‌റ്റർ സിറ്റി താരത്തെ  പരിഗണിച്ചില്ല.

വിമർശങ്ങൾക്കൊടുവിലായിരുന്നു സൗത്‌ഗേറ്റും സംഘവും ഖത്തറിലെത്തിയത്‌. തുടർച്ചയായ ആറു മത്സരങ്ങളിൽ ഇംഗ്ലണ്ടിന്‌ ജയമുണ്ടായിരുന്നില്ല. നേഷൻസ്‌ ലീഗിൽ തരംതാഴ്‌ത്തപ്പെട്ടു. ഹംഗറിയോട്‌ രണ്ടുതവണ തോറ്റു. ഇറ്റലിയോട്‌ തോറ്റു. ജർമനിക്കെതിരെ സമനില. എങ്കിലും ലോകകപ്പിലെ ആദ്യകളിയിലെ മിന്നുംജയത്തോടെ തിരിച്ചുവരാനായി. പക്ഷേ, അമേരിക്കയ്‌ക്കെതിരായ കളിയിൽ വീണ്ടും ഇംഗ്ലണ്ട്‌ പഴയ ഇംഗ്ലണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top