23 April Tuesday

ഡെൻമാർക്കിന്‌ പ്രതിരോധ പാഠം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

image credit FIFA WORLD CUP twitter

ദോഹ
ഡെൻമാർക്കിന്‌ കരുത്ത്‌ കടലാസിൽമാത്രം. ഈ ലോകകപ്പിന്റെ ടീമാകുമെന്ന്‌ വിളംബരം ചെയ്‌തെത്തിയ ഡാനിഷുകാരെ ടുണീഷ്യ കളി പഠിപ്പിച്ചു (0–-0). ഖത്തറിലെ ആദ്യ സമനില. ഗോളകന്നെങ്കിലും എഡ്യുക്കേഷണൽ സ്‌റ്റേഡിയത്തിൽ വീറും വാശിയും ആവോളമായിരുന്നു. വമ്പൻ ജയം കൊതിച്ചെത്തിയ ഡെൻമാർക്കിന്‌ പ്രതിരോധപൂട്ടിട്ടു ആഫ്രിക്കൻ പോരാളികൾ. ഇരുടീമുകളും ഓരോതവണ വലയിൽ പന്തെത്തിച്ചിരുന്നു. എന്നാൽ, ഓഫ്‌സൈഡായി. ആദ്യ പകുതി ടുണീഷ്യൻ ആധിപത്യമായിരുന്നു. ഇടവേള കഴിഞ്ഞ്‌ ഡെൻമാർക്ക്‌ ആക്രമണചുമതലയേറ്റേടുത്തു. പക്ഷേ, ടുണീഷ്യ വിട്ടുകൊടുത്തില്ല. സമനിലയോടെ ഡി ഗ്രൂപ്പിൽ ഓരോ പോയിന്റ്‌ പങ്കിട്ടു ഇരുടീമുകളും.

യൂറോ കപ്പിലെ അത്ഭുത കുതിപ്പിന്റെയും നേഷൻസ്‌ ലീഗിൽ ലോകചാമ്പ്യൻമാരായ ഫ്രാൻസിനെ രണ്ടുതവണ മറികടന്നതിന്റെയും പകിട്ടുമായി എത്തിയ ഡെൻമാർക്ക്‌ ശരിക്കും ഞെട്ടി. ടുണീഷ്യൻ പരിശീലകൻ ജലീൽ ഖാദ്രിക്ക്‌ കൃത്യമായ തന്ത്രമുണ്ടായിരുന്നു. പ്രതിരോധിക്കുക മാത്രമല്ല, ആക്രമിക്കാനും ഖാദ്രി കളിക്കാർക്ക്‌ നിർദേശം നൽകി. പരിശീലകന്റെ വാക്ക്‌ അണുവിട തെറ്റാതെ നടപ്പാക്കി ടീം. മുന്നേറ്റത്തിൽ ഇസാം ജെബാലി ഡാനിഷ്‌ പ്രതിരോധത്തെ തളർത്തി. ഈ മുപ്പതുകാരന്റെ മിന്നൽവേഗത്തിന്‌ മറുപടിയുണ്ടായില്ല യൂറോപ്പുകാർക്ക്‌. ഇരുപത്തിമൂന്നാം മിനിറ്റിൽ ജെബാലി ലക്ഷ്യം കണ്ടെങ്കിലും ഓഫ്‌സൈഡായി. പിന്നാലെ മറ്റൊരു സുവർണാവസരവും ടുണീഷ്യൻ മുന്നേറ്റക്കാരൻ പാഴാക്കി. ഗോൾകീപ്പർ കാസ്‌പെർ ഷ്‌മൈക്കേൽമാത്രം മുന്നിൽനിൽക്കേ ജെബാലിക്ക്‌ പിഴച്ചു. ചെറു പ്രത്യാക്രമണം ഡെൻമാർക്ക്‌ നടത്തിയെങ്കിലും  ഫലം കണ്ടില്ല.

ഗൃഹപാഠം ചെയ്‌താണ്‌ ഇടവേള കഴിഞ്ഞ്‌ ഡെൻമാർക്ക്‌ എത്തിയത്‌. ഇത്‌ കളിയിലും കണ്ടു. മധ്യനിര ഉണർന്നു. ക്രിസ്റ്റ്യൻ എറിക്‌സണായിരുന്നു ചുമതല. കാസ്‌പെർ ഡൊൾബെർഗിനും ആൻഡ്രിയാസ്‌ സ്‌കോവ്‌ ഓൽസെനും മുന്നേറ്റത്തിൽ അവസരങ്ങൾ കിട്ടി. പക്ഷേ ഗോൾ മാത്രമകന്നു. ഓൽസെൻ ടുണീഷ്യൻവല കണ്ടെങ്കിലും ഓഫ്‌സൈഡിൽപെട്ടു. ഇരുടീമുകളും പിന്നീടും ഗോളിനായി പൊരുതി. പരിക്കുസമയം യാസിൻ മെരിഹയുടെ കൈയിൽ പന്തുതട്ടിയെന്ന്‌ ഡെൻമാർക്ക്‌ വാദിച്ചെങ്കിലും വാർ നിഷേധിച്ചു. ഇരുപത്താറിന്‌ ഫ്രാൻസുമായാണ്‌ ഡെൻമാർക്കിന്റെ അടുത്ത കളി. ടുണീഷ്യ ഓസ്‌ട്രേലിയയെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top