29 March Friday

ലോകകപ്പിന്‌ പന്തുരുളുമ്പോൾ ഏഷ്യക്കുമുണ്ട്‌ മോഹങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 16, 2022

image credit FIFA WORLD CUP 2022 twitter


ഖത്തറിൽ ലോകകപ്പിന്‌ പന്തുരുളുമ്പോൾ ഏഷ്യക്കുമുണ്ട്‌ മോഹങ്ങൾ. 2002നുശേഷം ആദ്യമായാണ്‌ ലോകകപ്പ്‌ ഏഷ്യയിൽ നടക്കുന്നത്‌. ഹിദെതൊഷി നകാത, അലി ദേയി, പാർക്‌ ജി സങ്‌ തുടങ്ങിയ താരങ്ങളിൽ ഒതുങ്ങും ഏഷ്യയുടെ ലോകകപ്പ്‌ ഓർമകൾ. എന്നാൽ, ഇക്കുറി ഖത്തറിൽ മിന്നാൻ ഒരുപിടി താരങ്ങളുണ്ട്‌. ദക്ഷിണ കൊറിയയും ജപ്പാനുമൊപ്പം ആതിഥേയരായ ഖത്തർ, സൗദി അറേബ്യ, ഇറാൻ ടീമുകളും മിന്നുംതാരങ്ങളുമായാണ്‌ എത്തുന്നത്‌. അവരിൽ ചിലരിലേക്ക്‌.

അൽമോസ്‌ അലി (ഖത്തർ)
ഏഷ്യൻ ഫുട്‌ബോളിലെ മികച്ച സ്‌ട്രൈക്കർമാരിലൊരാൾ. 2019ലെ എഎഫ്‌സി ഏഷ്യൻ കപ്പിൽ ഒമ്പത്‌ ഗോളുമായി ടോപ്‌ സ്‌കോറർ. സുഡാനിലായിരുന്നു ജനനം. കോൺകകാഫ്‌ സ്വർണക്കപ്പിലും ഇരുപത്താറുകാരൻ ഗോളടിച്ചു.

അബ്‌ദെൽകരീം ഹസൻ (ഖത്തർ)
ഖത്തറിന്റെ ഏറ്റവും മികച്ച ഇടതുബാക്ക്‌. പ്രതിരോധത്തിനൊപ്പം മുന്നേറ്റത്തിൽ കയറിക്കളിക്കാനും സമർഥൻ. 2018ലെ ഏറ്റവും മികച്ച താരമായി. ഇതിനിടെ റഫറിയുമായി പ്രശ്‌നമുണ്ടാക്കിയതിന്‌ അഞ്ച്‌ വർഷം വിലക്ക്‌ നേരിടേണ്ടിവന്നിരുന്നു.

മെഹ്‌ദി തരേമി (ഇറാൻ)
പോർച്ചുഗീസ്‌ ക്ലബ് പോർടോയുടെ മിന്നും സ്‌ട്രൈക്കർ. 2018 ലോകകപ്പിന്റെ പരിക്കുസമയത്ത്‌ പോർച്ചുഗലിനെതിരെ വിജയഗോൾ നഷ്ടമാക്കിയത്‌ തരേമിയുടെയും ഇറാന്റെയും വലിയ നഷ്ടമായി. ഇക്കുറി പോർടോയ്‌ക്കൊപ്പം ചാമ്പ്യൻസ്‌ ലീഗിൽ അഞ്ച്‌ ഗോളടിച്ചാണ്‌ തരേമിയുടെ വരവ്‌. പോർടോയിൽ മൂന്നര സീസണിൽ 62 ഗോൾ നേടി.

അലിറെസ ബെയ്‌റൻവാൻഡ്‌ (ഇറാൻ)
കഴിഞ്ഞ ലോകകപ്പിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പെനൽറ്റി തടഞ്ഞായിരുന്നു അലിറെസയുടെ അത്ഭുതപ്രകടനം. കളി 1–-1ന്‌ അവസാനിക്കുകയായിരുന്നു. പരിക്കുകാരണം സമീപകാലത്ത്‌ മത്സരങ്ങൾ കുറവായിരുന്നെങ്കിലും പരിശീലകൻ കാർലോസ്‌ ക്വിറോയിസിന്റെ ടീമിൽ അലിറെസയ്‌ക്കാണ്‌ ആദ്യസ്ഥാനം.

സൽമാൻ അൽഫറാജ്‌ 
(സൗദി അറേബ്യ)
കഴിഞ്ഞ ഒരു ദശകത്തിലെ ഏഷ്യയിലെ ഏറ്റവും മികച്ച പ്ലേ മേക്കർ എന്നാണ്‌ അൽഫറാജിന്റെ വിശേഷണം. 2018 ലോകകപ്പിൽ ഈജിപ്‌തിനെതിരെ സൗദിക്കായി ആദ്യഗോൾ നേടിയത്‌  മുപ്പത്തിമൂന്നുകാരനാണ്‌. സൗദി ക്ലബ് അൽ ഹിലാലിലാണ്‌ കളിക്കുന്നത്‌.

സലേം അൽ ദവ്‌സാറി 
(സൗദി അറേബ്യ)
ഈജിപ്‌തിനെതിരെ വിജയഗോൾ നേടിയത്‌ ദവ്‌സാറിയാണ്‌. പരിക്കുസമയത്ത്‌ 2–-1നാണ്‌ സൗദി ഈജിപ്‌തിനെ കീഴടക്കിയത്‌. സ്‌പാനിഷ്‌ ക്ലബ് വിയ്യാറയലിനായി ഒരു മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയിട്ടുണ്ട്‌ ദവ്‌സാറി. റയൽ മാഡ്രിഡിനെതിരെയായിരുന്നു ആ മത്സരം.

തകേഹിരോ ടൊമിയാസു (ജപ്പാൻ)
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ അഴ്‌സണലിന്റെ വിശ്വസ്‌തതാരം. ഈ ഫുൾബാക്കാണ്‌ ലോകകപ്പിൽ ജപ്പാന്റെ പ്രധാനതാരം. ഇറ്റാലിയൻ ലീഗിൽ ബൊളോഞ്ഞയ്‌ക്കായി രണ്ട്‌ സീസണിൽ കളിച്ചിട്ടുണ്ട്‌.

ഡയ്‌ചി കമാദ (ജപ്പാൻ)
ജർമൻ ക്ലബ് ഐൻട്രാക്‌റ്റ്‌ ഫ്രാങ്ക്‌ഫുർട്ടിന്റെ ഗോളടിക്കാരൻ. ജപ്പാന്റെ ഗോൾ പ്രതീക്ഷ കമാദയിലാണ്‌. ഈ സീസണിൽ 21 കളിയിൽ 12 ഗോളടിച്ചു.

കിം മിൻ ജായെ 
(ദക്ഷിണ കൊറിയ)
ഇറ്റാലിയൻ ലീഗിൽ നാപോളിക്കൊപ്പം മിന്നുന്ന തുടക്കമായിരുന്നു കിമ്മിന്‌. കാലിദു കൗലിബാലി നാപോളി വിട്ടശേഷം കിം ആണ്‌ പ്രതിരോധത്തിൽ അവരുടെ പ്രധാന താരം. ഈ ഇരുപത്തഞ്ചുകാരനാണ്‌ ദക്ഷിണ കൊറിയയുടെ പ്രതിരോധത്തെ കാക്കുക.

സൺ ഹ്യുങ്‌ മിൻ 
(ദക്ഷിണ കൊറിയ)
കഴിഞ്ഞ ലോകകപ്പിൽ ജർമനിയെ ദക്ഷിണ കൊറിയ അട്ടിമറിച്ചപ്പോൾ സൺ ഹ്യുങ്‌ മിന്നാണ്‌ അവരുടെ രണ്ടാംഗോൾ നേടിയത്‌. ഏഷ്യയുടെതന്നെ ഏറ്റവുംമികച്ച താരമാണ്‌ സൺ. ഇംഗ്ലീഷ്‌ ക്ലബ്‌ ടോട്ടനം ഹോട്‌സ്‌പറിന്റെ പ്രധാന കളിക്കാരൻ.കഴിഞ്ഞ സീസണിൽി 23 ഗോളടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top