26 April Friday

ഫ്രഞ്ച്‌ ലീഗ്‌ കപ്പിലും കിരീടം; ല്യോണിനെ തോൽപ്പിച്ചു; പിഎസ്‌ജിക്ക്‌ ഹാട്രിക്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

പാരിസ്‌
ഫ്രഞ്ച്‌ ഫുട്‌ബോളിൽ പിഎസ്‌ജി ഒരിക്കൽക്കൂടി ഹാട്രിക്‌ കിരീടം കുറിച്ചു. ഫ്രഞ്ച്‌ ലീഗ്‌ കപ്പിൽ ല്യോണിനെ ഷൂട്ടൗട്ടിൽ കീഴടക്കിയായിരുന്നു പിഎസ്‌ജിയുടെ സീസണിലെ മൂന്നാം ആഭ്യന്തര കിരീടം. കോവിഡ്‌ കാരണം ലീഗ്‌ റദ്ദാക്കി പിഎസ്‌ജിക്ക്‌ കിരീടം നൽകിയിരുന്നു. പിന്നാലെ ഫ്രഞ്ച്‌ കപ്പിലും പിഎസ്‌ജി ചാമ്പ്യൻമാരായി. ലീഗ്‌ കപ്പിലും മുത്തമിട്ടതോടെ ഹാട്രിക്‌ പൂർത്തിയാക്കി.പിഎസ്‌ജി–-ല്യോൺ മത്സരം നിശ്‌ചിതസമയത്തും അധികസമയത്തും ഗോളില്ലാതെയാണ്‌ അവസാനിച്ചത്‌. ഷൂട്ടൗട്ടിൽ ആദ്യ അഞ്ച്‌ കിക്കുകളും ഇരുടീമുകളും ലക്ഷ്യത്തിലെത്തിച്ചു. പിഎസ്‌ജിയുടെ അഞ്ചാംകിക്ക്‌ നെയ്‌മർ വലയിൽ കടത്തി. സഡൻ ഡെത്തിൽ ല്യോണിന്റെ ബെർട്രാൻഡ്‌ ട്രയോറെയുടെ ഷോട്ട്‌ പിഎസ്‌ജി ഗോൾ കീപ്പർ കെയ്‌ലർ നവാസ്‌ തടുത്തിട്ടു. പിന്നാലെ പാബ്ലോ സറാബിയ ലക്ഷ്യം കണ്ടതോടെ പിഎസ്‌ജി ചാമ്പ്യൻമാരായി. പിഎസ്‌ജിയുടെ ഒമ്പതാം ലീഗ്‌ കപ്പാണിത്‌.

ല്യോൺ ഗോൾ കീപ്പർ ആന്തണി ലോപെസാണ്‌ ആദ്യഘട്ടത്തിൽ പിഎസ്‌ജിയെ തടഞ്ഞത്‌. നെയ്‌മറുടെ മൂന്ന്‌ ഗോൾ ശ്രമങ്ങളെ ലോപെസ്‌ നിർവീര്യമാക്കി. എയ്‌ഞ്ചൽ ഡി മരിയ, ഇഡ്രിസ ഗുയെ എന്നിവരുടെയും ശ്രമങ്ങൾ ലോപെസിനുമുന്നിൽ നിഷ്‌പ്രഭമായി. മറുവശത്ത്‌ മാക്‌സ്‌വെൽ കോർണെറ്റിന്റെ ഫ്രീകിക്ക്‌ നവാസ്‌ തട്ടിയകറ്റി.ലീഗ്‌ കപ്പിന്റെ അവസാനപതിപ്പാകും ഇത്‌. അടുത്ത സീസൺമുതൽ ലീഗ്‌ കപ്പ്‌ ഒഴിവാക്കാനാണ്‌ ഫ്രഞ്ച്‌ പ്രൊഫഷണൽ ഫുട്‌ബോൾ ലീഗ്‌ അധികൃതരുടെ തീരുമാനം. 2020–2024 കാലയളവിൽ ചാമ്പ്യൻഷിപ്പിന്‌ ബ്രോഡ്കാസ്‌റ്റർമാരെ കിട്ടാത്തതുകൊണ്ടാണ്‌ തീരുമാനം. 1995ലാണ്‌ ലീഗ്‌ കപ്പ്‌ തുടങ്ങിയത്‌.

പിഎസ്‌ജിക്ക്‌ ഇനി ചാമ്പ്യൻസ്‌ ലീഗിൽ മത്സരമുണ്ട്‌. ക്വാർട്ടറിൽ 12ന്‌ അറ്റ്‌ലാന്റയെ നേരിടും.ല്യോൺ പ്രീക്വാർട്ടർ രണ്ടാംപാദത്തിൽ യുവന്റസുമായി കളിക്കും. ഏഴിനാണ്‌ മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top