21 March Tuesday
8 ടീമുകൾ, 31 കളികൾ

ഇനി പ്രൈംവോളി ഇരമ്പം ; രണ്ടാം സീസൺ വ്യാഴാഴ്‌ച മുതൽ , ഫൈനൽ വേദി കൊച്ചി

ജിജോ ജോർജ്‌Updated: Monday Jan 30, 2023

image credit primevolleyballleague.com


മലപ്പുറം
പ്രൈം വോളിബോൾ ലീഗ്‌ സീസൺ രണ്ടിന്‌ ഫെബ്രുവരി നാലിന് തുടക്കമാകും. കേരളത്തിൽനിന്ന്‌ രണ്ടെണ്ണമടക്കം എട്ടു ടീമുകൾ മാറ്റുരയ്‌ക്കുന്ന ലീഗിന്റെ ഉദ്‌ഘാടനമത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത തണ്ടർബോൾട്ട്‌സ്‌ ബംഗളൂരു ടോർപ്പിഡോസിനെ നേരിടും. ഉദ്‌ഘാടനമത്സരം ബംഗളൂരുവിലാണ്‌. ഹൈദരാബാദും കൊച്ചിയുമാണ്‌ മറ്റ്‌ വേദികൾ. ആകെ 31 മത്സരങ്ങൾ.

കൂടുതൽ പോയിന്റ്‌ ലഭിക്കുന്ന നാലു ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും. അവസാന ഗ്രൂപ്പ്‌ മത്സരങ്ങളും സെമി, ഫൈനൽ പോരാട്ടങ്ങളും കൊച്ചിയിലാണ്‌. മാർച്ച്‌ മൂന്നിനും നാലിനുമാണ്‌ സെമി. മാർച്ച്‌ അഞ്ചിന്‌ ഫൈനൽ. ബംഗളൂരുവിലെ മത്സരങ്ങൾ ഫെബ്രുവരി നാലുമുതൽ 12 വരെയാണ്‌. ഹൈദരാബാദിൽ 15 മുതൽ 21 വരെ. കൊച്ചിയിലെ മത്സരങ്ങൾ 24 മുതൽ മാർച്ച്‌ നാലുവരെ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലാണ്‌. രാത്രി ഏഴിനാണ്‌ കളി. രണ്ടു കളിയുള്ളപ്പോൾ രാത്രി 9.30ന്‌. മത്സരങ്ങൾ സോണി നെറ്റ്‌വർക്കിൽ തത്സമയം കാണാം.

നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത തണ്ടർബോൾട്ട്, റണ്ണറപ്പ്‌ അഹമ്മദാബാദ്‌ ഡിഫൻഡേഴ്സ്, കലിക്കറ്റ്‌ ഹീറോസ്‌, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്‌, ചെന്നൈ ബ്ലിറ്റ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ബംഗളൂരു ടോർപിഡോസ്, മുംബൈ മീറ്റിയോസ് എന്നീ ടീമുകളാണ്‌ ലീഗിൽ മാറ്റുരയ്‌ക്കുക. ബേസ്‌ലൈൻ വെഞ്ചേഴ്‌സും ടീം മാനേജ്‌മെന്റുകളും ചേർന്നാണ്‌ പ്രൈം ലീഗ്‌ സംഘടിപ്പിക്കുന്നത്‌. ആദ്യ സീസണിൽ വോളിബോൾ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ എതിർപ്പുണ്ടായിരുന്നു. അംഗീകാരം നഷ്‌ടമായെങ്കിലും ഇക്കുറിയും ഫെഡറേഷന്റെ ഉടക്കുണ്ട്‌. ഇതേസമയത്ത്‌ സീനിയർ ചാമ്പ്യൻഷിപ്പും ഫെഡറേഷൻകപ്പും സംഘടിപ്പിച്ചാണ്‌ കളിക്കാരെ പ്രതിസന്ധിയിലാക്കുന്നത്‌.

കലിക്കറ്റ്‌ ഹീറോസ്‌
ചെമ്പട എന്നറിയപ്പെടുന്ന കലിക്കറ്റ്‌ ഹീറോസിന്റെ കോച്ച്‌ മുൻ രാജ്യാന്തര താരമായ കിഷോർകുമാറാണ്‌. ഒരുമാസമായി കോഴിക്കോട്‌ ദേവഗിരി സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌ ഇൻഡോർ സ്‌റ്റേഡിയത്തിലാണ്‌ പരിശീലനം. കഴിഞ്ഞതവണ സെമിയിൽ കാലിടറിയ ടീം ഇത്തവണ ചാമ്പ്യൻഷിപ്പിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. രാജ്യാന്തര താരം ജെറോം വിനീത്‌ നയിക്കുന്ന ടീമിന്റെ കരുത്ത്‌ അമേരിക്കൻ താരം മാറ്റ്‌ ഹില്ലും ക്യൂബൻ താരമായ ജോസെ സാന്റോവെൽസുമാണ്‌. ഉക്രപാണ്ഡ്യൻ, അശ്വിൻരാജ്‌, അൻസബ്‌, അബിൽ കൃഷ്‌ണ, മുഹമ്മദ്‌ ഷെഫീഖ്‌, ആസിഫ്‌ തുടങ്ങിയവരും ടീമിലുണ്ട്‌. 

കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്‌
കേരളത്തിൽനിന്നുള്ള രണ്ടാമത്തെ ടീമായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ മലയാളിയായ എസ്‌ ടി ഹരിലാലാണ്‌ പരിശീലിപ്പിക്കുന്നത്‌. സൂപ്പർ താരം രോഹിത് കുമാറിനെ ഈ സീസണിലെ ഏറ്റവും കൂടിയ വിലയ്‌ക്ക്‌ (17.5 ലക്ഷം രൂപ) സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ നിറംമങ്ങിയ ടീം ശക്തമായ തിരിച്ചുവരവിനാണ്‌ ശ്രമിക്കുന്നത്‌. പെറു ദേശീയ ടീം ക്യാപ്റ്റൻ എഡ്വേർഡോ റൊമേ, ബ്രസീൽ സെന്റർ ബ്ലോക്കർ വാൾട്ടർ ഡിക്രൂസ് നെറ്റോ, മലയാളിതാരങ്ങളായ എറിൻ വർഗീസ്‌, ജിബിൻ സെബാസ്‌റ്റ്യൻ, ജോർജ്‌ ആന്റണി, എൻ കെ ഫായിസ്‌, അലൻ ആഷിഖ്‌, ബി എസ്‌ അഭിനവ്‌ തുടങ്ങിയവരും ടീമിലുണ്ട്‌.
 

മലയാളം നിറയും

എട്ടു ടീമിലും മലയാളിതാരങ്ങളുടെ നിറഞ്ഞ സാന്നിധ്യമുണ്ട്‌. അർജുന അവാർഡ്‌ ജേതാവ്‌ ടോം ജോസഫാണ്‌ ഹൈദരാബാദ്‌ ടീമിനെ പരിശീലിപ്പിക്കുന്നത്‌. ലാൽ സുജൻ, ജോൺ ജോസ്‌, അരുൺ സക്കറിയ, പി ഹേമന്ത്‌, കെ ആനന്ദ്‌ എന്നിവരും ടീമിലുണ്ട്‌. ജി എസ്‌ അഖിൻ, ജോബിൻ വർഗീസ്‌ (ചെന്നൈ), ടി സേതു, പി വി ജിഷ്‌ണു, എം സി മുജീബ്‌, ഐബിൻ ജോസ്‌, നിസാം മുഹമ്മദ്‌ (ബംഗളൂരു), യു ജംഷാദ്‌, കെ രാഹുൽ (കൊൽക്കത്ത), ഷോൺ ടി ജോൺ (അഹമ്മദാബാദ്‌ ഡിഫൻഡേഴ്സ്‌). കൊച്ചി ബിപിസിഎല്ലിന്റെ തമിഴ്‌നാട്‌ താരം മുത്തുസാമാണ്‌ അഹമ്മദാബാദ്‌ ഡിഫൻഡേഴ്സിന്റെ നായകൻ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top