26 April Friday
പോർച്ചുഗൽ3 ഘാന 2

വീറോടെ ഘാന, വിടാതെ പോർച്ചുഗൽ

ഖത്തറിൽനിന്ന്‌ 
ആർ രഞ്‌ജിത്‌Updated: Thursday Nov 24, 2022

image credit FIFA WORLD CUP twitter


ഹൃദയംകൊണ്ട് പന്ത് തട്ടി ഘാന, വിട്ടുകൊടുക്കാൻ മനസ്സില്ലാതെ പോർച്ചുഗൽ. ഖത്തർ ലോകകപ്പിന്റെ ആവേശപ്പോരിനൊടുവിൽ പോർച്ചുഗൽ ചിരിച്ചു. ജയം 3–2ന്. അവസാനംവരെ ഗോൾമണംനിറഞ്ഞ കളിയിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനൽറ്റിയിലാണ് കളം ഉണർന്നത്. പിന്നെ തുടരെ ഗോളുകൾ. അടിയും തിരിച്ചടിയുമായി മുന്നോട്ട്. റൊണാൾഡോയ്ക്ക് ആന്ദ്രേ അയ്യൂവിലൂടെയായിരുന്നു ഘാനയുടെ മറുപടി. അതിന്റെ ആഘോഷം അവസാനിക്കുംമുമ്പ് ജോയോ ഫെലിക്സും റാഫേൽ ലിയോയും ഘാന ഗോൾവല തകർത്തു. ഘാന വിട്ടുകൊടുത്തില്ല. ഒസ്മാൻ ബുകാരിയിലൂടെ ഒരെണ്ണംകൂടി തിരിച്ചടിച്ചു. അവസാനംവരെ സമനിലയ്ക്ക് പൊരുതിയെങ്കിലും പോർച്ചുഗൽ പ്രതിരോധം വിട്ടുകൊടുത്തില്ല.

അഞ്ച്‌ ലോകകപ്പിലും ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോഡും റൊണാൾഡോയുടെ പേരിലായി. ജയത്തോടെ ഗ്രൂപ്പ്‌ എച്ചിൽ മൂന്നു പോയിന്റുമായി പോർച്ചുഗൽ ഒന്നാമതെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഉറുഗ്വേയും ദക്ഷിണ കൊറിയയും ഗോളടിക്കാതെ പിരിഞ്ഞു. കൊറിയയുടെ ബൂട്ടിൽ ജപ്പാനും സൗദിയും നിറച്ച ഊർജമുണ്ടായിരുന്നു. എന്നാലത്‌ ഗോളിലേക്കുള്ള വെടിച്ചില്ലാക്കാൻ സാധിച്ചില്ല. ലാറ്റിനമേരിക്കൻ പ്രതിനിധികളായ ഉറുഗ്വേ അവസാന നിമിഷംവരെ പൊരുതിനോക്കി. പക്ഷേ, കൊറിയൻ കവാടം തുറന്നില്ല. ഇരുടീമുകൾക്കും ഓരോ പോയിന്റായി. 

ഗ്രൂപ്പ്‌ ജിയിൽ സ്വിറ്റ്‌സർലൻഡ്‌ ഒരു ഗോളിന്‌ കാമറൂണിനെ പരാജയപ്പെടുത്തി.  എട്ട്‌ ഗ്രൂപ്പിലായുള്ള 32 ടീമുകളും ആദ്യമത്സരം പൂർത്തിയാക്കി. വെള്ളിയാഴ്‌ച ഇറാൻ വെയ്‌ൽസിനെയും ഖത്തർ സെനെഗലിനെയും നേരിടും. നെതർലൻഡ്‌സും ഇക്വഡോറും തമ്മിലാണ്‌ മറ്റൊരു കളി. രണ്ടാംജയം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടിന്‌ അമേരിക്കയാണ്‌ എതിരാളി.

വിറച്ചു, വീണില്ല
ഇല്ല, പോർച്ചുഗൽ വീണില്ല. ഖത്തറിൽ മൂന്നാംനാളും അട്ടിമറിയുടെ അപായമണി മുഴങ്ങിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ അതിജീവിച്ചു. ആഫ്രിക്കൻ ഊർജംപേറിയെത്തിയ ഘാനയാണ്‌ പറങ്കിപ്പടയുടെ നെഞ്ചിടിപ്പിച്ച്‌ കീഴടങ്ങിയത്‌. കൊണ്ടും കൊടുത്തുമുള്ള വീറുറ്റ പോരാട്ടം 3–-2ൽ അവസാനിച്ചു. അർജന്റീനയുടെയും ജർമനിയുടെയും ഗതിയാകും പോർച്ചുഗലിനെന്ന്‌ തോന്നിപ്പിച്ചായിരുന്നു സ്‌റ്റേഡിയം 974ൽ അവസാന വിസിൽ മുഴങ്ങിയത്‌.

തലേന്നാളുകളിൽ സൗദി അറേബ്യയും ജപ്പാനും തെളിച്ച പാത ലക്ഷ്യമാക്കിയായിരുന്നു ഘാനയുടെ കുതിപ്പ്‌. രണ്ടുവട്ടം പിന്നിട്ടുനിന്നപ്പോഴും അവർ തലകുനിച്ചില്ല. ആ കാലുകൾ തളർന്നില്ല. കടലാസിലെ കണക്കുകൾ വെറും അക്കങ്ങൾ മാത്രമാണെന്ന്‌ ആഫ്രിക്കൻ പട ഓർമിപ്പിച്ചു. ലോകകപ്പിലെ 32 ടീമുകളിൽ ഏറ്റവും താഴ്‌ന്ന റാങ്കുകാരെന്ന അങ്കലാപ്പൊന്നും അവർക്കുണ്ടായില്ല. രണ്ടാംപകുതിയിലായിരുന്നു ഗോളുകൾ എന്നതൊഴികെ മറ്റെല്ലാം അർജന്റീന–സൗദി-, ജർമനി–-ജപ്പാൻ കളിക്ക്‌ സമാനമായിരുന്നു കാര്യങ്ങൾ.

പെനൽറ്റിയിലൂടെ റൊണാൾഡോ പോർച്ചുഗലിന്‌ ലീഡ്‌ സമ്മാനിച്ചു. ഘാന പ്രതിരോധക്കാരൻ മുഹമ്മദ്‌ സാലിസു റൊണാൾഡോയെ ബോക്‌സിൽ വീഴ്‌ത്തുകയായിരുന്നു. എട്ട്‌ മിനിറ്റിനുള്ളിൽ ഘാനയുടെ മറുപടി. മുഹമ്മദ്‌ കുദുസിന്റെ പാസ്‌ സ്വീകരിച്ച ക്യാപ്‌റ്റൻ ആന്ദ്രെ അയ്യുവിന്റെ മിന്നൽനീക്കം ഗോളായി. പോർച്ചുഗൽ പ്രതിരോധക്കാരായ റൂബൻ ഡയസും ഡാനിലോ പെരേരിയയും കണ്ടുനിന്നു. അയ്യുവിനെ തടയാൻനിന്ന ഡാനിലേക്ക്‌ ഒന്നുംചെയ്യാനായില്ല.

എതിരാളി ഒപ്പമെത്തിയതിന്റെ ക്ഷീണം പറങ്കികൾക്കുണ്ടായില്ല. ഏഴ്‌ മിനിറ്റിനുള്ളിൽ രണ്ടുവട്ടം ഘാന വലയിൽ പന്തെത്തിച്ച്‌ അവർ വെല്ലുവിളി നേരിട്ടു. ബ്രൂണോ ഫെർണാണ്ടസായിരുന്നു ഗോളുകളുടെ സൂത്രധാരൻ. ഈ മാഞ്ചസ്റ്റർ യുണൈറ്റഡുകാരൻ നീട്ടിനൽകിയ പന്ത്‌ ജോയോ ഫെലിക്‌സ്‌ തെറ്റാതെ വലയിലാക്കി. വീണ്ടും ബ്രൂണോ. അളന്നുമുറിച്ചു നൽകിയ പന്ത്‌ പകരക്കാരൻ റാഫേൽ ലിയോ ഒറ്റസ്‌പർശത്തിൽ ലക്ഷ്യത്തിൽ എത്തിച്ചു. സമനില ഗോൾ സമ്മാനിച്ച അയ്യു പകരക്കാരനായി മടങ്ങിയശേഷമായിരുന്നു ഘാന വീണ്ടും വഴങ്ങിയത്‌. അവിടെ അവസാനിപ്പിച്ചില്ല ആഫ്രിക്കൻ നിര.

നിശ്ചിതസമയം തീരാൻ ഒരു മിനിറ്റുമുമ്പേ ഉസ്‌മാൻ ബുകാരി ഘാനയുടെ തിരിച്ചുവരവ്‌ അറിയിച്ചു. ഒമ്പത്‌ മിനിറ്റായിരുന്നു പരിക്കുസമയം അനുവദിച്ചത്‌. സർവതും മറന്ന്‌ ഘാന ആക്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇനാകി വില്യംസിന്‌ സുവർണാവസരം കിട്ടി. ഇനാകി പിന്നിലുള്ളത്‌ അറിയാതെ പോർച്ചുഗൽ ഗോൾ കീപ്പർ ദ്യോഗോ കോസ്റ്റ പന്ത്‌ മൈതാനത്തിട്ടു. സമയം കളയാൻ കാലിൽ വയ്‌ക്കാനുള്ള ഉദ്ദേശ്യം. ഓടിയെത്തിയ ഇനാകി വല ലക്ഷ്യമാക്കി തൊടുക്കാൻ ശ്രമിച്ചെങ്കിലും കോസ്റ്റ അപകടം തിരിച്ചറിഞ്ഞു. വൈകാതെ അവസാന വിസിൽ.

റൊണാൾഡോയ്ക്ക് അഞ്ച്‌ ലോകകപ്പിലും ഗോൾ
അഞ്ച്‌ ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. 2006, 2010, 2014, 2018, 2022 ലോകകപ്പുകളിലാണ്‌ പോർച്ചുഗീസുകാരൻ ഗോൾ നേടിയത്‌. ആകെ എട്ട്‌ ഗോൾ.   മൂന്ന്‌ വ്യത്യസ്‌ത ലോകകപ്പുകളിൽ പെനൽറ്റിയിലൂടെ ഗോൾ നേടുന്ന ആദ്യതാരവും ഈ മുപ്പത്തിയേഴുകാരനാണ്‌. ലോകകപ്പിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരവും റൊണാൾഡോയാണ്‌. 1994 ലോകകപ്പിൽ 42–-ാം വയസിൽ ഗോളടിച്ച കാമറൂൺ താരം റോജർ മില്ലയാണ്‌ മുന്നിലുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top