ഹാങ്‌ചൗ
പാരുൾ ചൗധരിയും അന്നു റാണിയും പൊന്നണിഞ്ഞപ്പോൾ ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് സുവർണദിനം. രണ്ട് സ്വർണമുൾപ്പെടെ ആറ് മെഡലുകൾ കഴിഞ്ഞദിവസം നേടി. രണ്ട് ദിവസത്തിനുള്ളിൽ ആകെ ഒമ്പത് മെഡലുകൾ. ഹാങ്‌ചൗവിൽ അത്‌ലറ്റിക്‌സിൽ മാത്രം ഇന്ത്യക്ക് 22 മെഡലുകളായി.
വനിതകളുടെ 5000 മീറ്ററിൽ തകർപ്പൻ പ്രകടനമാണ് പാരുൾ നടത്തിയത്. 15:14.75 സമയത്തിൽ ചാമ്പ്യനായി. ജപ്പാന്റെ റിറിക്ക ഹിറോനകയ്‌ക്കാണ് വെള്ളി. 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ നിലവിലെ ലോക ചാമ്പ്യൻ ബഹ്‌റൈന്റെ വിൻഫ്രെഡ് യാവിയുമായിട്ടായിരുന്നു പോര്. യാവി സ്വർണം നിലനിർത്തി. ഒമ്പത് മിനിറ്റ് 18.28 സെക്കൻഡിൽ ഗെയിംസ് റെക്കോഡ്. പാരുൾ ഒമ്പത് മിനിറ്റ് 27.36 സെക്കൻഡിൽ രണ്ടാമതെത്തി. ഇന്ത്യയുടെ തന്നെ പ്രിതി 9:18.28 സമയത്തിൽ മൂന്നാമതുമെത്തി.
.jpg)
annu rani image credit Athletic Federation of India facebook
ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും പാരുൾ തിളങ്ങിയിരുന്നു. സ്‌റ്റീപ്പിൾചേസിൽ സ്വർണംനേടിയ മീററ്റുകാരി 5000ൽ രണ്ടാംസ്ഥാനത്തെത്തി. വനിതാ ജാവലിനിൽ ആദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്. 62.92 മീറ്റർ എറിഞ്ഞാണ് അന്നുവിന്റെ സ്വർണം.ഹൈജമ്പിലെ മിന്നുംതാരം തേജസ്വിൻ ശങ്കർ ഡെക്കാത്തലണിലും തകർത്തു. ദേശീയ റെക്കൊഡിട്ടാണ് വെള്ളി നേടിയത്. ഒമ്പത് ഇനങ്ങളിലായി ആകെ 651 പോയിന്റാണ് തേജസ്വിന്. 691 പോയിന്റുള്ള ജപ്പാന്റെ ഷുൺ തായുയി ചാമ്പ്യനായി.
പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ 16.68 മീറ്റർ ചാടി പ്രവീൺ ചിത്രവേൽ വെങ്കലം സ്വന്തമാക്കി. മലയാളിതാരം അബ്‌ദുള്ള അബൂബക്കറിന് നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായി. 16.62 മീറ്റർ ചാടിയ അബ്‌ദുള്ള നാലാമതായി. ചൈനയുടെ യാമിങ് ഷുവിനാണ് സ്വർണം (17.13).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..