23 April Tuesday
രണ്ട്‌ ഒളിമ്പിക്‌ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ; വെങ്കലപ്പോരിൽ ചൈനയുടെ 
 ഹി ബിങ്ജിയാവോയെ തോൽപ്പിച്ചു

ചരിത്രംകുറിച്ച്‌ പി വി സിന്ധു; ഇന്ത്യയ്‌ക്ക്‌ വെങ്കലം, രണ്ടാം ഒളിമ്പിക്‌സിലും മെഡൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

Photo Credit: Twitter/TeamIndia

ടോക്യോ
ഒരിക്കൽക്കൂടി പി വി സിന്ധു അഭിമാനമായി. ടോക്യോ ഒളിമ്പിക്‌സിൽ വനിതകളുടെ ബാഡ്‌മിന്റൺ സിംഗിൾസിൽ വെങ്കലം നേടി  ഇന്ത്യക്ക്‌ മൂന്നാംമെഡൽ സമ്മാനിച്ചു. വെങ്കലപ്പോരിൽ ചെെനയുടെ ഹി ബിങ്ജിയാവോയെ  21–13, 21–15ന്‌ തോൽപ്പിച്ചു. ഒളിമ്പിക്--സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്. 2016ൽ റിയോയിൽ ഇരുപത്താറുകാരി വെള്ളി സ്വന്തമാക്കിയിരുന്നു.

ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിലൂടെ വെള്ളി കുറിച്ച ഇന്ത്യക്ക് ബോക്സിങ് സെമിയിലെത്തി ലവ്--ലിന ബൊർഗോഹെയിനും മെഡൽ ഉറപ്പിച്ചിട്ടുണ്ട്. സിന്ധുവിലൂടെ നേട്ടം മൂന്നായി. വനിതകൾവഴിയാണ് എല്ലാം. റിയോയിൽ ഇന്ത്യ രണ്ട് മെഡലിൽ ഒതുങ്ങിയിരുന്നു. വിശ്വകായികമേളയുടെ ഒന്നേകാൽ നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ 31–-ാം മെഡലാണിത്. പുരുഷ ഗുസ്--തിതാരം സുശീൽകുമാർമാത്രമാണ് ഇന്ത്യക്കായി വ്യക്തിഗത ഇനത്തിൽ ഇതുവരെ രണ്ട് മെഡൽ നേടിയത്. 2008 ബീജിങ്ങിൽ വെങ്കലവും 2012 ലണ്ടനിൽ വെള്ളിയും സുശീൽ പേരിലാക്കി. 

സെമിയിൽ ചെെനീസ് തായ്--പേയുടെ തായ് സു യിങ്ങിനോട് തോറ്റ സിന്ധു, വെങ്കലത്തിനായുള്ള മത്സരത്തിൽ പിഴവുകൾ ആവർത്തിച്ചില്ല. കളിയിൽ ബിങ്ജിയാവോയ്--ക്കെതിരെ സമഗ്രാധിപത്യമായിരുന്നു. ലോകചാമ്പ്യനുമുന്നിൽ ചെെനക്കാരി വിയർത്തു. വേഗമേറിയ ചുവടിനൊപ്പം  ഉശിരൻ സ്‌മാഷുകളും ഉതിർത്ത് കളിപിടിച്ചു. 53 മിനിറ്റായിരുന്നു കളിയുടെ ആയുസ്സ്. ഒളിമ്പിക്സിലും ലോകചാമ്പ്യൻഷിപ്പുകളിലുമായി ഏഴ് മെഡലാണ് സിന്ധു നേടിയത്. ലോകവേദിയിൽ ഒരു സ്വർണവും രണ്ടുവീതം വെള്ളിയും വെങ്കലവുമാണ് നേട്ടം. തായ് സു യിങ്ങിനെ കീഴടക്കി ചെെനയുടെ ചെൻ യു ഫെയ്--യാണ് സ്വർണം നേടിയത് (21–-18, 19-–21, 21-–18).

പുരുഷ ഹോക്കി സെമിയിൽ പ്രവേശിച്ച് ഇന്ത്യ പുതുചരിത്രം രചിച്ചു. 1972നുശേഷം ആദ്യസെമിയാണിത്. ക്വാർട്ടറിൽ ബ്രിട്ടനെ 3–1ന് പരാജയപ്പെടുത്തി. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ മികവാണ് തുണച്ചത്. സെമിയിൽ നാളെ ബൽജിയത്തെ നേരിടും. വനിതകൾ ക്വാർട്ടറിൽ ഇന്ന് ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും. കമൽ പ്രീത് കൗർ വനിതകളുടെ ഡിസ്കസ് ത്രോ ഫെെനലിൽ ഇന്നിറങ്ങും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top