ചെന്നൈ
ആഘോഷിക്കാനായില്ല എന്നാണ് ഏഷ്യാ കപ്പ് വിജയത്തിനുശേഷം ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത് ശർമ പ്രതികരിച്ചത്. തീർത്തുകളയരുത്, ലോകകപ്പ് വിജയത്തിനുശേഷം ആഘോഷിക്കാനുള്ളതാണ് എന്നായിരുന്നു കൊളംബോയിൽ വെടിക്കെട്ട് മുഴങ്ങുമ്പോൾ രോഹിത് ചിരിയോടെ പറഞ്ഞത്. ലോകകപ്പിലേക്കുള്ള ഏറ്റവും മികച്ച ഒരുക്കമായിരുന്നു ഇന്ത്യക്ക്. സ്വന്തം തട്ടകത്തിൽ ഒരിക്കൽക്കൂടി കപ്പുയർത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
എന്നാൽ, ഏകദേശം ഒരുപതിറ്റാണ്ടായി ഇന്ത്യ ഒരു ഐസിസി കിരീടം നേടിയിട്ട്. ഇത്രയേറെ പ്രതിഭകളുണ്ടായിട്ടും എന്തുകൊണ്ട് കിരീടം കിട്ടുന്നില്ല എന്ന ചോദ്യം ഉയർന്നുനിൽക്കുന്നു. പരിശീലകൻ രാഹുൽ ദ്രാവിഡിനും രോഹിതിനും ആ ചോദ്യത്തിന് ഉത്തരം നൽകണം.
പരിക്കുമാറി കെ എൽ രാഹുൽ, ജസ്‌പ്രീത് ബുമ്ര, ശ്രേയസ് അയ്യർ എന്നിവർ തിരിച്ചെത്തിയതാണ് ലോകകപ്പിനുമുമ്പ് ഇന്ത്യക്ക് കിട്ടിയ വലിയ ബോണസ്. മൂവരും മികച്ച പ്രകടനവുമായി രംഗം കൊഴുപ്പിച്ചു. രോഹിത്, ശുഭ്‌മാൻ ഗിൽ, വിരാട് കോഹ്‌ലി എന്നിവർ ആരംഭിക്കുകയും രാഹുൽ, ശ്രേയസ് എന്നിവരുൾപ്പെട്ട മധ്യനിര കൈകാര്യം ചെയ്യുന്നതായിരിക്കും ഇന്ത്യയുടെ ബാറ്റിങ് നിര. ഒപ്പം ഇഷാൻ കിഷനോ സൂര്യകുമാറോ എത്തിയേക്കും. ഓൾ റൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും. പേസ് നിര ബുമ്ര–-മുഹമ്മദ് സിറാജ് കൂട്ടുകെട്ടിൽ ഭദ്രം. ബാറ്റിങ് മികവിന്റെ പേരിൽ മുഹമ്മദ് ഷമിക്ക് പകരം ശാർദുൽ ഠാക്കൂർ മൂന്നാം പേസറായേക്കും. കുൽദീപ് യാദവിലാണ് സ്‌പിൻ വകുപ്പ്. മൂന്ന് സ്‌പിന്നർമാരെ കളിപ്പിച്ചാൽ ശാർദുലിന് പകരം ആർ അശ്വിനെത്തും.
ഇടംകൈയൻ പേസർമാർക്കുമുന്നിൽ ചൂളിപ്പോകുന്ന മുൻനിരയാണ് ദൗർബല്യം. എട്ടിന് ഓസ്‌ട്രേലിയയുമായുള്ള കളിയോടെ ഇന്ത്യയുടെ ലോകകപ്പ് യാത്ര തുടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..