19 December Friday

ആറാംകിരീടം ലക്ഷ്യം ; ഭയക്കണം ഓസീസിനെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023


മുംബെെ
ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ ഓസ്‌ട്രേലിയ എക്കാലത്തും എതിരാളികളുടെ പേടിസ്വപ്‌നമായിരുന്നു. അഞ്ചുതവണ അവർ ചാമ്പ്യൻമാരായി. അതിൽ ഹാട്രിക്‌ കിരീടവും ഉൾപ്പെടും. പഴയ മികവ്‌ അവകാശപ്പെടാനില്ലെങ്കിലും ഇക്കുറിയും കിരീടസാധ്യതയിൽ ഏറെ മുന്നിലുള്ള സംഘമാണ്‌ ഓസീസ്‌. ഒക്‌ടോബർ എട്ടിന്‌ ഇന്ത്യയുമായാണ്‌ ആദ്യകളി.

ഓസീസ്‌ അവസാനമായി കിരീടം ചൂടിയത്‌ 2015ലാണ്‌. കഴിഞ്ഞ ലോകകപ്പിൽ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനോട്‌ സെമിയിൽ തോറ്റ്‌ മടങ്ങി. ഇക്കുറി ഒരുക്കം അത്ര മികച്ചതായില്ല. രണ്ട്‌ പരമ്പരകൾ തുടർച്ചയായി തോറ്റു. ദക്ഷിണാഫ്രിക്കയോടും ഇന്ത്യയോടും. അവസാനകളിയിൽ ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസമുണ്ട്‌ ടീമിന്‌.

പരിക്കേറ്റ ഓപ്പണർ ട്രവിസ്‌ ഹെഡിനെ ഉൾപ്പെടുത്തിയാണ്‌ ഓസീസ്‌ ലോകകപ്പിനൊരുങ്ങുന്നത്‌. ഹെഡ്‌ ടൂർണമെന്റിന്റെ പകുതിയോടെ ടീമിനൊപ്പം ചേരുമെന്നാണ്‌ പ്രതീക്ഷ. ആഷ്‌ടൺ ആഗറിനുപകരം മാർണസ്‌ ലബുഷെയ്‌ൻ എത്തിയതാണ്‌ അവസാനഘട്ടത്തിലെ മാറ്റം. പേസർ പാറ്റ്‌ കമ്മിൻസാണ്‌ നായകൻ. പരിക്കുമാറി എത്തിയതേയുള്ളൂ കമ്മിൻസ്‌. മിച്ചെൽ സ്‌റ്റാർക്‌, ജോഷ്‌ ഹാസെൽവുഡ്‌, സീൻ അബോട്ട്‌ എന്നിവരാണ് പേസർമാർ. ഓൾ റൗണ്ടർമാരായി മാർകസ്‌ സ്‌റ്റോയിനിസും കാമറൂൺ ഗ്രീനും. മിച്ചെൽ മാർഷ്‌ സമീപകാലത്തായി പന്തെറിയുന്നില്ല. ബാറ്റിങ്ങിൽ മികച്ച ഫോമിലാണ്‌ മാർഷ്‌. ഡേവിഡ്‌ വാർണർ, സ്‌റ്റീവൻ സ്‌മിത്ത്‌, ലബുഷെയ്‌ൻ എന്നിവരാണ്‌ ബാറ്റിങ്ങിലെ കരുത്ത്‌. ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ പ്രകടനം ഇന്ത്യൻ പിച്ചുകളിൽ നിർണായകമാകും. ഇന്ത്യയുമായുള്ള അവസാന ഏകദിനത്തിൽ മാക്‌സ്‌വെല്ലിന്റെ മികവ്‌ കണ്ടതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top