തിരുവനന്തപുരം
ഇനി ആറുനാൾ. സിക്‌സറുകളുടെയും ബൗണ്ടറികളുടെയും പൂരത്തിന് കേളികൊട്ട്. വിശ്വക്രിക്കറ്റിലെ പുതിയ കിരീടാവകാശികളെ കണ്ടെത്താൻ കളവും പടയാളികളും തയ്യാർ. ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിളംബരംചെയ്‌ത് സന്നാഹ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയം ഉൾപ്പെടെ മൂന്ന് വേദികളിലായി 10 ഒരുക്ക മത്സരങ്ങളുണ്ട്. ലോകകപ്പിലെ 10 ടീമുകളും അവസാന തയ്യാറെടുപ്പിന് കച്ചകെട്ടും. കാര്യവട്ടം ഗ്രീൻഫീൽഡിൽ ഇന്ന് ദക്ഷിണാഫ്രിക്ക നവശക്തികളായ അഫ്‌ഗാനിസ്ഥാനുമായി ബലപരീക്ഷണം നടത്തും. ഗുവാഹത്തിയിൽ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടുമ്പോൾ ഹൈദരാബാദിൽ പാകിസ്ഥാനും ന്യൂസിലൻഡും ഏറ്റുമുട്ടും. എല്ലാകളിയും പകൽ രണ്ടിനാണ്.
മികച്ച തയ്യാറെടുപ്പുമായാണ് ദക്ഷിണാഫ്രിക്ക ഗ്രീൻഫീൽഡിൽ അഫ്‌ഗാനെ നേരിടാനൊരുങ്ങുന്നത്. മൂന്നുദിവസം പരിശീലനം നടത്തി. പിച്ചുമായി നന്നായി പൊരുത്തപ്പെട്ടത് ഗുണം ചെയ്യുമെന്ന കണക്കുക്കൂട്ടലിലാണ് ഐദെൻ മാർക്രമും സംഘവും. അവസാനമായി കാര്യവട്ടത്ത് ഇന്ത്യക്കെതിരെ ട്വന്റി 20യിൽ ഇറങ്ങിയപ്പോൾ നല്ല ഓർമയായിരുന്നില്ല. എട്ട് വിക്കറ്റിന് തോറ്റു. ആദ്യം ബാറ്റ് ചെയ്‌ത് നേടാനായത് 106 റൺമാത്രം. ഈ അനുഭവംകൂടി മുന്നിൽക്കണ്ടാകും ആഫ്രിക്കക്കാർ കളത്തിലെത്തുക. ഓസ്‌ട്രേലിയക്കെതിരായ അഞ്ചുമത്സര പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് എത്തുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയ ടെംബ ബവുമയ്ക്കുപകരം മാർക്രമാണ് ക്യാപ്‌റ്റൻ. ഒക്‌ടോബർ രണ്ടിന് ന്യൂസിലൻഡിനെതിരായ പരിശീലന മത്സരത്തിലും ബവുമയുണ്ടാകില്ല. മാർക്രമിനെ കൂടാതെ ഡി കോക്ക്, ഹെൻറിച്ച് ക്ലാസെൻ, ഡേവിഡ് മില്ലർ എന്നിവർ ഉൾപ്പെടുന്ന ബാറ്റിങ് നിരയാണ് കരുത്ത്. കഗീസോ റബാദ നയിക്കുന്ന പേസ് നിരയ്‌ക്ക് ആൻറിച്ച് നോർത്യെ പരിക്കേറ്റ് പുറത്തായത് ക്ഷീണമാകും. ലോകോത്തര സ്‌പിന്നർമാരുമായാണ് അഫ്‌ഗാന്റെ വരവ്. റഷീദ് ഖാൻ–-മുജീബ് ഉർ റഹ്‌മാൻ–-നൂർ അഹമ്മദ് ത്രയം ഏത് വമ്പൻമാരെയും കറക്കിവീഴ്‌ത്തും. ഹശ്‌മത്തുള്ള ഷഹീദി നയിക്കുന്ന ടീമിൽ മുഹമ്മദ് നബി ഉൾപ്പെടെ പരിചയസമ്പന്നരുമുണ്ട്.
പരിശീലന മത്സരമായതിനാൽ എല്ലാ കളിക്കാരെയും പരീക്ഷിക്കാം. ടോസ് നേടുന്ന ടീം ബാറ്റിങ് തെരഞ്ഞെടുത്തേക്കും. ഗ്രീൻഫീൽഡിൽ മഴ രസംകൊല്ലിയായി വന്നേക്കാം.ആകെ നാല് മത്സരങ്ങളാണ് കാര്യവട്ടത്ത്. നാളെ ഓസ്‌ട്രേലിയ നെതർലൻഡ്‌സിനെ നേരിടും. ഇരുടീമുകളും തിരുവനന്തപുരത്തെത്തി. ഡച്ചുകാർ പരിശീലനത്തിനിറങ്ങി. ഒക്‌ടോബർ രണ്ടിന് ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയുമായും മൂന്നിന് ഇന്ത്യ നെതർലൻഡ്‌സുമായും ഏറ്റുമുട്ടും.
അശ്വിൻ
ഇന്ത്യന്‍ ടീമില്‍ , അക്സർ പട്ടേൽ പുറത്ത്
ഓഫ് സ്‌പിന്നർ ആർ അശ്വിൻ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടി. പരിക്കേറ്റ ഓൾറൗണ്ടർ അക്‌സർ പട്ടേലിനുപകരമാണ് മുപ്പത്തേഴുകാരൻ ഇടംപിടിച്ചത്. ഏഷ്യാകപ്പിനിടെയാണ് അക്സറിന് പരിക്കേറ്റത്. നാളെ ഗുവാഹത്തിയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ സന്നാഹമത്സരത്തിൽ അശ്വിൻ കളിക്കും.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ രണ്ട് കളിയിൽ നാല് വിക്കറ്റെടുത്തു. ടീം പ്രഖ്യാപനവേളയിൽ ഒരു ഓഫ് സ്‌പിന്നറെ ഉൾപ്പെടുത്താത്തതിൽ വലിയ വിമർശം ഉയർന്നിരുന്നു. രവീന്ദ്ര ജഡേജയും കുൽദീപ് യാദവുമാണ് ടീമിലെ മറ്റ് സ്‌പിന്നർമാർ. അശ്വിന്റെ മൂന്നാമത്തെ ലോകകപ്പാണിത്. 2011ലെ കിരീടം നേടിയ ടീമിൽ അംഗമായിരുന്നു. 2019ൽ പരിഗണിച്ചില്ല.
ലബുഷെയ്‌നെ
ഉൾപ്പെടുത്തി ഓസീസ്
ക്രിക്കറ്റ് ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ ബാറ്റർ മാർണസ് ലബുഷെയ്‌നിനെ ഉൾപ്പെടുത്തി. പരിക്കുള്ള ട്രവിസ് ഹെഡും ടീമിലുണ്ട്. 15 അംഗ ടീമിനെ പേസർ പാറ്റ് കമ്മിൻസ് നയിക്കും. സീൻ അബോട്ട്, അലക്‌സ് കാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹാസെൽവുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, സ്‌റ്റീവ് സ്‌മിത്ത്, മിച്ചൽ സ്‌റ്റാർക്ക്, മാർകസ് സ്‌റ്റോയ്‌നിസ്, ഡേവിഡ് വാർണർ, ആദം സാമ്പ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..