29 March Friday
ആരും നിയമത്തിന്‌ അതീതരല്ലെന്ന്‌ ഓസ്‌ട്രേലിയ

വാക്‌സിനെടുത്തില്ല ; ജൊകോവിച്ച്‌ ‘തടങ്കലിൽ’ ; എത്തിയത്‌ ഓസ്‌ട്രേലിയൻ ഓപ്പണിന്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 7, 2022

image credit Novak Djokovic twitter

 

മെൽബൺ
കോവിഡ്‌ കുത്തിവയ്‌പ്‌ എടുക്കാതെ ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയ ലോക ഒന്നാംനമ്പർ ടെന്നീസ് താരം നൊവാക് ജൊകോവിച്ചിനെ മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു, തുടർന്ന്‌ വിസ റദ്ദാക്കി. ഹോട്ടലിലേക്ക്‌ മാറ്റിയ സെർബിയക്കാരൻ നിരീക്ഷണത്തിലാണ്‌. നിയമപരമായി നേരിടാനാണ്‌ ജൊകോയുടെ തീരുമാനം. 

കുത്തിവയ്‌പ്പിന്റെ കാര്യത്തിൽ ഇളവുനൽകിയെന്ന വാദവുമായാണ് ദുബായിൽനിന്ന്‌ ബുധനാഴ്‌ച രാത്രി  മെൽബണിലെത്തിയത്. എന്നാൽ, കുത്തിവയ്‌പ്‌ എടുക്കാത്ത ആരെയും രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്നാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ നിലപാട്. ആരും നിയമത്തിന് അതീതരല്ലെന്നും വ്യക്തമാക്കി.

ജൊകോവിച്ചിനെ തിരിച്ചയക്കാനാണ് നീക്കം. ഇതിനെതിരെ അപ്പീൽ നൽകിയിട്ടുണ്ട്. തീരുമാനം തിങ്കളാഴ്ചയുണ്ടാകും. ഇതോടെ 17ന്‌ ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ പങ്കാളിത്തം അനിശ്ചിതത്വത്തിലായി. കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പ്‌ സ്വീകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച കളിക്കാരനാണ് ജൊകോവിച്ച്. ഈ സാഹചര്യത്തിൽ കളിക്കാൻ പ്രത്യേക ഇളവ് ലഭിച്ചുവെന്നായിരുന്നു മുപ്പത്തിനാലുകാരന്റെ വിശദീകരണം. ഓസ്ട്രേലിയൻ ഓപ്പണിന്റെ സംഘാടകരായ ടെന്നീസ് ഓസ്ട്രേലിയയുടെ രണ്ട് മെഡിക്കൽ സമിതികളാണ് ഇളവുകൾ നൽകിയത്. കോവിഡിന്റെ മൂന്നാംതരംഗം പടരുന്നതിനിടെ ടെന്നീസ് ഓസ്ട്രേലിയയുടെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കത്തിനെതിരെ പ്രതിഷേധമുണ്ടായി. 16 വയസ്സിനുമുകളിലുള്ള 90 ശതമാനം ആളുകൾ ഇരട്ട വാക്സിനെടുത്ത രാജ്യമാണ് ഓസ്ട്രേലിയ. ഇപ്പോഴും നിയന്ത്രണങ്ങളുണ്ട്. അതിനാൽ വിമാനം ഇറങ്ങിയ ഉടൻ അധികൃതർ തടഞ്ഞു. കൃത്യമായ യാത്രാരേഖകൾ സമർപ്പിക്കാനായില്ലെന്നാണ്‌ വിശദീകരണം. രേഖകൾ കൃത്യമല്ലെങ്കിൽ വിസ റദ്ദാക്കി തിരിച്ചയക്കുമെന്ന് ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് വ്യക്തമാക്കി.

ആരും രാജ്യത്തെ നിയമങ്ങളേക്കാൾ വലുതല്ലെന്നായിരുന്നു ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ പ്രതികരണം.
ഓസ്ട്രേലിയൻ ഓപ്പണിൽ ഒമ്പതുവട്ടം ചാമ്പ്യനാണ് ജൊകോവിച്ച്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top