20 April Saturday

തിരികൊളുത്താം ; വിഷുവിന്‌ മുമ്പൊരു വെടിക്കെട്ട്‌ കാണാം

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

അഹമ്മദാബാദ്‌
വിഷുവിന്‌ മുമ്പൊരു വെടിക്കെട്ട്‌ കാണാം. റണ്ണിനൊപ്പം പണവും ഒഴുകുന്ന പുതിയകാലത്തിന്റെ ക്രിക്കറ്റ്‌ വരവായി. രണ്ടുമാസം നീളുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്‌ (ഐപിഎൽ) ഇന്ന്‌ തുടക്കം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്‌റ്റേഡിയമായ അഹമ്മദാബാദിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത്‌ ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും മുഖാമുഖം. രാത്രി 7.30ന്‌ നടക്കുന്ന മത്സരം സ്‌റ്റാർ സ്‌പോർട്‌സിൽ തത്സമയം കാണാം. ഗുജറാത്ത്‌ കഴിഞ്ഞവർഷം അരങ്ങേറ്റത്തിൽ കപ്പടിച്ചവരാണ്‌. രണ്ടുതവണ ചെന്നൈയോട്‌ ഏറ്റുമുട്ടിയപ്പോഴും വിജയം സ്വന്തമാക്കി. ഹാർദിക്‌ പാണ്ഡ്യ നയിക്കുന്ന ടീമിൽ വലിയമാറ്റങ്ങളില്ല. ന്യൂസിലൻഡ്‌ മുൻ ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസൻ ടീമിലെത്തി. ഹാർദിക്‌ പാണ്ഡ്യയുടെ നായകമികവായിരിക്കും നിർണായകം. ഓപ്പണർ ഡേവിഡ്‌ മില്ലർ അടക്കമുള്ള ദക്ഷിണാഫ്രിക്കൻ കളിക്കാരുടെ സേവനം തുടക്കത്തിൽ ലഭ്യമാകാത്തത്‌ തിരിച്ചടിയാണ്‌.

ഓപ്പണർ ശുഭ്‌മാൻ ഗിൽ മികച്ച ഫോമിലാണ്‌. രാഹുൽ ടെവാട്ടിയയാണ്‌ ടീമിലെ മിന്നലടിക്കാരൻ. ബൗളിങ്‌നിര ശക്തമാണ്‌. മുഹമ്മദ്‌ ഷമിയും അൽസാരി ജോസഫും ശിവം മാവിയും നയിക്കുന്ന പേസർമാരുടെ സംഘത്തിന്‌ പിന്തുണയുമായി സ്‌പിന്നർ റഷീദ്‌ഖാനുണ്ട്‌.
ചെന്നൈ സൂപ്പർ കിങ്‌സിന്റെ കഴിഞ്ഞ സീസൺ ദയനീയമായിരുന്നു. 14 കളിയിൽ ജയിച്ചത്‌ നാലെണ്ണത്തിൽമാത്രം. 10 ടീമുകളുള്ള ഐപിഎല്ലിൽ ഒമ്പതാംസ്ഥാനം. കളി തുടങ്ങുംമുമ്പ്‌ രവീന്ദ്ര ജഡേജയെ ക്യാപ്‌റ്റനാക്കി. എന്നാൽ, ആദ്യ എട്ട്‌ കളിയിൽ ആറും തോറ്റു. തുടർന്ന്‌ മഹേന്ദ്രസിങ് ധോണിക്ക്‌ ക്യാപ്‌റ്റൻ സ്ഥാനം തിരിച്ചുനൽകിയെങ്കിലും രക്ഷയുണ്ടായില്ല. 

നാലുതവണ ജേതാക്കളായ ടീമിൽ ധോണിയുടെ അവസാന ടർൂണമെന്റ്‌ ആയേക്കും. പ്രായം 41 ആയി. ഇംഗ്ലീഷ്‌ ബാറ്റർമാരായ ബെൻസ്‌റ്റോക്‌സും മൊയീൻ അലിയുമാണ്‌ ബാറ്റിങ് എൻജിൻ. ഋതുരാജ്‌ ഗെയ്‌ക്ക്‌വാദും അമ്പാട്ടി റായ്‌ഡുവുമുണ്ട്‌. ഓൾറൗണ്ടറായി രവീന്ദ്ര ജഡേജ. പന്തെറിയാൻ ആളില്ലാത്തതാണ്‌ ചെന്നൈയുടെ പ്രശ്‌നം. ദീപക്‌ ചഹാറാണ്‌ പ്രമുഖ ബൗളർ.

സാധ്യതാ ടീം
ഗുജറാത്ത്‌: ഹാർദിക്‌ പാണ്ഡ്യ (ക്യാപ്‌റ്റൻ), വൃദ്ധിമാൻ സാഹ, റഷീദ്‌ഖാൻ, രാഹുൽ ടെവാട്ടിയ,  ശുഭ്‌മാൻ ഗിൽ, കെയ്‌ൻ വില്യംസൺ, മാത്യു വെയ്‌ഡ്‌, മുഹമ്മദ്‌ ഷമി, ശിവം മാവി, അൽസാരി ജോസഫ്‌, ആർ സായ്‌കിഷോർ.  
ചെന്നൈ: മഹേന്ദ്രസിങ് ധോണി (ക്യാപ്‌റ്റൻ),  ഡെവൻ കോൺവേ, ഋതുരാജ്‌ ഗെയ്‌ക്ക്‌വാദ്‌, ബെൻ സ്‌റ്റോക്‌സ്‌,  മൊയീൻ അലി, രവീന്ദ്ര ജഡേജ, ദീപക്‌ ചഹാർ, അമ്പാട്ടി റായിഡു, ഡ്വെയ്‌ൻ പ്രിറ്റോറിയസ്‌, പ്രശാന്ത്‌ സോളങ്കി, സിമർജിത് സിങ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top