17 September Wednesday

സെറീന മടങ്ങി ; ഹാർമണി താനയോട്‌ തോറ്റു 


വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022


ലണ്ടൻ
വിംബിൾഡൺ രാജ്ഞി മടങ്ങി; കിരീടമില്ലാതെ. ഒരുവർഷത്തെ ഇടവേളയ്‌ക്കുശേഷം ഗ്രാൻഡ്‌ സ്ലാമിലേക്കുള്ള തിരിച്ചുവരവ്‌ സെറീന വില്യംസിന്‌ നിരാശയുടേതായി. ഏഴുതവണ കിരീടം ചൂടിയ നാൽപ്പതുകാരി ഫ്രാൻസിന്റെ ഹാർമണി താനയോട്‌ ആദ്യറൗണ്ടിൽ തോറ്റ്‌ പുറത്തായി. സ്‌കോർ: 5–-7, 6–-1, 6–-7.

പന്ത്രണ്ട് മാസംമുമ്പ്‌ ഇതേ കോർട്ടിൽ പരിക്കേറ്റ്‌ പുറത്തായശേഷം ആദ്യമായാണ്‌ സെറീന വീണ്ടും ഗ്രാൻഡ്‌സ്ലാം വേദിയിൽ എത്തിയത്‌. 24–-ാം ഗ്രാൻഡ്‌ സ്ലാമായിരുന്നു ലക്ഷ്യം. പ്രായം നാൽപ്പതായി. അടുത്ത പതിപ്പിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന്‌ കണ്ണീരണിഞ്ഞ്‌ ‘അറിയില്ല’ എന്നായിരുന്നു മറുപടി.

ഓസ്‌ട്രേലിയൻ ഇതിഹാസം മാർഗരറ്റ്‌ കോർട്ടിന്റെ 24 ഗ്രാൻഡ്‌ സ്ലാം എന്ന റെക്കോഡിന്‌ ഒപ്പമെത്താൻ അഞ്ചുവർഷമായി സെറീന കാത്തിരിപ്പിലാണ്‌. 2017ൽ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയശേഷം തിരിച്ചടിയായിരുന്നു. പിന്നീട്‌ നാല്‌ ഫൈനലുകളിൽ കാലിടറി. ഇതിനിടെ, മകൾക്ക്‌ ജന്മം നൽകാൻ ഒരു വർഷത്തോളം കളംവിട്ടു. 2002, 2003, 2009, 2010, 2012, 2015, 2016 സീസണുകളിലാണ്‌ സെറീന വിംബിൾഡൺ ചാമ്പ്യനായത്‌. ഇത്തവണയും പ്രതീക്ഷയോടെയായിരുന്നു എത്തിയത്‌. പക്ഷേ, മികവ്‌ പുറത്തെടുക്കാനായില്ല.

ഒന്നാംസെറ്റിൽ 4–-2ന്‌ മുന്നിലെത്തിയതായിരുന്നു. എന്നാൽ, ഇരുപത്തിയൊന്നോളം സ്വയംപിഴവുകൾ വിനയായി. പുരുഷൻമാരിൽ നിലവിലെ ചാമ്പ്യൻ നൊവാക് ജൊകോവിച്ച് മൂന്നാം റൗണ്ടിൽ കടന്നു. ഓസ്ട്രേലിയയുടെ തൻസായി കൊകിനാകിസിനെ 6–1, 6–4, 6–2 എന്ന സ്കോറിന് മറികടന്നു. അർജന്റീനയുടെ ഫ്രാൻസിസ്‌കോ സെറുണ്ടോലോയെ വീഴ്ത്തി  റാഫേൽ നദാൽ രണ്ടാംറൗണ്ടിൽ കടന്നു (6–-4, 6-–-3, 3-–-6, 6-–-4).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top