27 April Saturday

ഡെൻമാർക്കിന് നെഞ്ചിടിപ്പ് ; ഇന്ന്‌ ഓസ്‌ട്രേലിയയെ നേരിടും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

 

ദോഹ
ചാമ്പ്യന്മാരായ ഫ്രാൻസിനുപുറകെ ഗ്രൂപ്പ്‌ ഡിയിൽനിന്ന്‌ ആര്‌ പ്രീക്വാർട്ടറിലെത്തുമെന്ന്‌ ഇന്ന്‌ അറിയാം. രണ്ട് കളികളും ജയിച്ച്‌ ആറ്‌ പോയിന്റുമായി ഫ്രാൻസ്‌ അവസാന പതിനാറിലെത്തുന്ന ആദ്യ ടീമായി. മൂന്ന്‌ പോയിന്റുള്ള ഓസ്‌ട്രേലിയയും ഓരോ പോയിന്റ്‌ വീതമുള്ള ഡെൻമാർക്കും ടുണീഷ്യയുമാണ്‌ ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി പോരാടുന്നത്‌. ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ഫ്രാൻസ്‌ ടുണീഷ്യയെയും ഡെൻമാർക്ക്‌ ഓസ്‌ട്രേലിയയെയും നേരിടും. ഇന്ന്‌ രാത്രി എട്ടരയ്ക്കാണ്‌ മത്സരം.

ഫ്രാൻസിനെ നേരിടുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ടുണീഷ്യയെ തുണയ്‌ക്കില്ല. ഫ്രാൻസിനെ സമനിലയിൽ തളച്ചാലും ടുണീഷ്യയ്ക്ക്‌ രണ്ട്‌ പോയിന്റേ ലഭിക്കൂ. ആദ്യ മത്സരത്തിൽ കരുത്തരായ ഡെൻമാർക്കിനെ സമനിലയിൽ തളച്ച മികവ്‌ ഓസ്‌ട്രേലിയക്കെതിരെ ആവർത്തിക്കാൻ ടുണീഷ്യയ്ക്ക്‌ കഴിഞ്ഞില്ല. ഓസ്‌ട്രേലിയയോട്‌ തോറ്റതോടെ പുറത്താകലിന്റെ വക്കിലാണ്‌ ആഫ്രിക്കക്കാർ. യാസിൻ മെറിയയുടെ പിഴവുമൂലമാണ്‌ ടുണീഷ്യ ഓസ്‌ട്രേലിയക്കെതിരെ ഗോൾ വഴങ്ങിയത്‌. പ്രതിരോധനിര ഫോമിലേക്ക്‌ ഉയരാത്തതാണ്‌ ടീം നേരിടുന്ന പ്രധാന വെല്ലുവിളി. കിലിയൻ എംബാപ്പെ, ഒളിവർ ജിറൂ, അന്റോണിയോ ഗ്രീസ്‌മാൻ എന്നിവർ അണിനിരക്കുന്ന ഫ്രഞ്ച്‌ മുന്നേറ്റനിരയെ പരീക്ഷിക്കാനുള്ള കരുത്ത്‌ ടുണീഷ്യൻ പ്രതിരോധനിരയ്‌ക്കില്ല.

ഡെൻമാർക്ക്‌–-ഓസ്‌ട്രേലിയ മത്സരമാണ്‌ നിർണായകം. സമനില നേടിയാലും ഓസ്‌ട്രേലിയക്ക്‌ മുന്നേറാമെന്നത്‌ ഡെൻമാർക്കിന്‌ സമ്മർദമേറ്റും. ഓസ്‌ട്രേലിയയെ മറികടക്കുകമാത്രമാണ്‌ ഡെൻമാർക്കിനുമുന്നിലെ ഏകവഴി. ജയിച്ചാൽ നാല്‌ പോയിന്റാകും. ടുണീഷ്യ–-ഫ്രാൻസ്‌ മത്സരം സമനിലയായാലും ഡാനിഷുകാർക്ക്‌ മുന്നേറാം. ടുണീഷ്യ ഫ്രാൻസിനെ അട്ടിമറിച്ചാൽ ഗോൾ ശരാശരിയടക്കം നോക്കേണ്ടിവരും.

ക്രിസ്റ്റ്യൻ എറിക്‌സണും സിമോൺ കെഗറും ആൻഡ്രിയാസ്‌ ക്രിസ്‌റ്റെൻസണുമടങ്ങുന്ന കരുത്തരുടെ നിര ഡാനിഷുകാർക്ക്‌ മുൻതൂക്കം നൽകുന്നു. ചാമ്പ്യൻമാരായ ഫ്രാൻസിനെ വിറപ്പിച്ചശേഷമാണ്‌ രണ്ടാംമത്സരത്തിൽ ഡെൻമാർക്ക്‌ കീഴടങ്ങിയത്‌. ടുണീഷ്യയെ മിച്ചൽ ഡ്യൂക്കിന്റെ ഗോളിൽ മറികടന്ന ഓസ്‌ട്രേലിയക്ക്‌ സമനിലയായാലും മുന്നേറാം. മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന ക്രെയ്‌ഗ്‌ ഗുഡ്‌വിൻ–-മിച്ചൽ ഡ്യൂക്ക്‌ സഖ്യത്തിലാണ്‌ പ്രതീക്ഷ. ഗോളി മറ്റ്‌ റ്യാനും മികച്ച ഫോമിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top