24 April Wednesday

ജർമനിക്ക്‌ മരണക്കളി ; ഇന്ന്‌ തോറ്റാൽ മടങ്ങേണ്ടിവരും

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

ദോഹ
പുകയുന്ന അഗ്നിപർവതത്തിന്റെ മുകളിലാണ്‌ ജർമനി. മുന്നിലുള്ളത്‌ സ്‌പെയ്‌ൻ. ഇന്ന്‌ തോറ്റാൽ മടങ്ങേണ്ടിവരും. കഴിഞ്ഞതവണ റഷ്യയിലൂം ഗ്രൂപ്പുഘട്ടത്തിൽ പുറത്തായിരുന്നു. ഗ്രൂപ്പ്‌ ഇയിൽ നിർണായകമത്സരം അൽഖോറിലെ അൽബെയ്‌ത്ത്‌ സ്‌റ്റേഡിയത്തിൽ രാത്രി 12.30നാണ്‌.

ആദ്യകളിയിൽ ജപ്പാനോട്‌ 1–-2ന്‌ തോറ്റതാണ്‌ ജർമനിയുടെ നില അപകടത്തിലാക്കിയത്‌. ജപ്പാനെതിരെ ആദ്യപകുതിയിൽ ഒന്നാന്തരം പ്രകടനമാണ്‌ ജർമനി പുറത്തെടുത്തത്‌. എന്നാൽ, ആദ്യം ഗോളടിച്ചിട്ടും കളി നഷ്‌ടപ്പെട്ടു. കയ്‌ ഹവേർട്‌സും സെർജി നാബ്രിയും ഉൾപ്പെടെയുള്ള മുന്നേറ്റനിര അവസരങ്ങൾ പാഴാക്കിയത്‌ അവർക്ക്‌ തിരിച്ചടിയായി. തോമസ്‌ മുള്ളർക്ക്‌ പഴയ വേഗമില്ല. മധ്യനിരയിൽ കൗമാരതാരം ജമാൽ മുസിയാല കളി മെനയുന്നുണ്ട്‌. പക്ഷേ, അത്‌ ലക്ഷ്യത്തിലെത്തിക്കാൻ സ്‌ട്രൈക്കർമാർക്കാകുന്നില്ല. കളിയുടെ അവസാനഘട്ടത്തിൽ ജപ്പാന്റെ വേഗത്തിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. പ്രതിരോധത്തിലെ പ്രശ്‌നങ്ങൾ പരിശീലകൻ ഹാൻസി ഫ്ലിക്കിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്‌.

യുവത്വത്തിന്റെ പ്രസരിപ്പാണ്‌ സ്‌പെയ്‌ൻ കളത്തിൽ കാണിക്കുന്നത്‌.  കോസ്‌റ്ററിക്കയെ ഏഴ്‌ ഗോളിന്‌ തോൽപ്പിച്ച്‌ അപാര ഫോമിലാണ്‌. കോച്ച്‌ ലൂയിസ്‌ എൻറിക്വെ വിജയമന്ത്രമായ ടികി ടാകയുടെ പരിഷ്‌കരിച്ച പതിപ്പ്‌ അവതരിപ്പിക്കുന്നു. ആ ഒഴുക്കിനെ തടയാൻ ജർമനിക്ക്‌ സാധിക്കുമോയെന്നാണ്‌ ഉത്തരം കിട്ടേണ്ട ചോദ്യം.

ചെറുപ്പക്കാരുടെ സ്‌പാനിഷ്‌സംഘം ഗോൾ അടിക്കുകയും അടിപ്പിക്കുകയും ചെയ്യുന്നു. കൗമാരക്കാരായ ഗാവിയും പെഡ്രിയും നയിക്കുന്ന മധ്യനിരയിലാണ്‌ സ്‌പെയ്‌നിന്റെ ജീവൻ. കോസ്‌റ്ററിക്കയ്‌ക്കെതിരെ 1043 പാസുകളാണ്‌  നടത്തിയത്‌. കളിയിൽ പന്ത്‌ കൈവശംവച്ചത്‌ 81.8 ശതമാനമാണ്‌. ഈ കണക്കുകൾ ജർമനിയെ ആശങ്കയിലാഴ്‌ത്തും.

പെഡ്രി, ഗാവി എന്നിവരെ കൂടാതെ ഫെറാൻ ടോറെസ്‌, ഡാനി ഓൽമോ, മാർകോ അസെൻസിയോ എന്നിവരും സ്‌പാനിഷ്‌ യുവനിരയ്‌ക്ക്‌ കരുത്ത്‌ നൽകുന്നു. സെർജിയോ ബുസ്‌ക്വെറ്റ്‌സ്‌, ജോർഡി ആൽബ എന്നീ പരിചയസമ്പന്നരും മുതൽക്കൂട്ടാണ്‌.
സ്‌പെയ്‌നിന്റെ പന്തുകൈമാറ്റത്തെ അതിവേഗകളികൊണ്ട്‌ ചിതറിക്കാമെന്നാണ്‌ ജർമനിയുടെ കണക്കുകൂട്ടൽ. ഇരുടീമുകളും 25 തവണ മുഖാമുഖം നിന്നപ്പോൾ ജർമനി ഒമ്പതു കളി ജയിച്ചു. സ്‌പെയ്‌ൻ എട്ട്‌. സമനിലയും എട്ടാണ്‌. അവസാനം ഏറ്റുമുട്ടിയത്‌ 2020 നേഷൻസ്‌ ലീഗിലാണ്‌. സ്‌പെയ്‌ൻ ആറ്‌ ഗോളിനാണ്‌ തകർത്തുവിട്ടത്‌. ലോകകപ്പിൽ നാലുതവണ പരസ്‌പരം കളിച്ചു. അവസാനം സ്‌പെയ്‌ൻ ജേതാക്കളായ 2010 സെമിയിലായിരുന്നു. ഒരു ഗോളിനായിരുന്നു സ്‌പാനിഷ്‌ വിജയം. 1994ൽ 1–-1 സമനില. 1966ലും 1982ലും ജർമനി ജയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top