24 April Wednesday

ഇല്ല, തോറ്റില്ല അനിരുദ്ധ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

അനിരുദ്ധ്‌ ജീവിതത്തിൽ ജയിച്ച കുട്ടിയാണ്‌. സെറിബ്രൽ പാൾസി ബാധിച്ച അവന്‌ ശാരീരികപരിമിതികളുണ്ട്‌. ചക്രക്കസേരയിലാണ്‌ ചലനം. പക്ഷേ, അതൊന്നും അവന്റെ സന്തോഷത്തെ തടയുന്നില്ല. വായിക്കുന്നു, കളികൾ കാണുന്നു, വിലയിരുത്തുന്നു. ഇപ്പോൾ ഖത്തറിൽ ലോകകപ്പ്‌ കാണാൻ എത്തിയിരിക്കുന്നു. വെല്ലുവിളികളെ അതിജീവിച്ച്‌ മുന്നേറുന്ന പന്ത്രണ്ടുകാരനും അവന്റെ നിഴലായുള്ള രക്ഷിതാക്കളും ആരെയും പ്രചോദിപ്പിക്കും.

ഇഷ്‌ട ടീമായ അർജന്റീനയുടെയും പ്രിയപ്പെട്ട താരമായ മെസിയുടെയും കളി സ്‌റ്റേഡിയത്തിലെത്തി കണ്ടു. ആദ്യം കണ്ടത്‌ പോർച്ചുഗൽ–-ഘാന കളിയാണ്‌. ദോഹയിൽ കറങ്ങി വിവിധ ടീമുകളുടെ ആരാധകരുമായി സംസാരിച്ചു. അവരോടൊത്ത്‌ കളിവിശേഷങ്ങൾ പങ്കുവച്ചു. ഫോട്ടോകളെടുത്തു. അവർ തൊപ്പിയും പതാകയും ജേഴ്‌സിയുമാക്കെ സമ്മാനമായി നൽകി. ലോകകപ്പ്‌ നൽകിയ സന്തോഷവും അനുഭവങ്ങളുമായി നാളെ നാട്ടിലേക്ക്‌ മടങ്ങും.

കാസർകോട്‌ നീലേശ്വരം കൊല്ലംപാറ ഗോപകുമാർ കൊളങ്ങാട്ടിന്റെയും കാഞ്ഞങ്ങാട്‌ നെല്ലിക്കാട്ട്‌ കെ വി ധന്യയുടെയും ഏകമകനാണ്‌. പഠനത്തിനും ചികിത്സാസൗകര്യത്തിനുമായി എറണാകുളം കളമശേരി കേന്ദ്രീയ വിദ്യാലയത്തിൽ ചേർന്നു. ഇപ്പോൾ ഏഴാംക്ലാസ്‌ വിദ്യാർഥിയാണ്‌. ഗോപകുമാർ അധ്യാപകനായിരുന്ന വാഗമൺ ഡിസി മാനേജ്‌മെന്റ്‌ ആൻഡ്‌ ടെക്‌നോളജിയിലെ 2012–-14 ബാച്ച്‌ എംബിഎ വിദ്യാർഥികളാണ്‌ അനിരുദ്ധിന്റെ സ്വപ്‌നസാക്ഷാൽക്കാരത്തിന്‌ കൂടെനിന്നത്‌. അച്ഛനമ്മമാർക്കൊപ്പമാണ്‌ ഖത്തറിലെത്തിയത്‌. താമസം തിരുവനന്തപുരം സ്വദേശിയായ ലിജോ ടൈറ്റസിനും കുടുംബത്തിനുമൊപ്പമാണ്‌.

ഈ യാത്ര എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രചോദനമാകുമെന്ന്‌ ഗോപകുമാർ പറഞ്ഞു. അസുഖമാണെന്നു പറഞ്ഞ്‌ വീട്ടിലിരിക്കരുത്‌. കുട്ടികളെ ലോകം കാണിക്കണം. ആളുകളുമായി ഇടപഴകാൻ അവസരമൊരുക്കണം. അത്‌ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന്‌ ഗോപകുമാർ പറഞ്ഞു.    അനിരുദ്ധിന്‌ ഇനിയും സ്വപ്‌നങ്ങളുണ്ട്‌. കൂടുതൽ വായിക്കണം, കളികൾ കാണണം, ലോകം ചുറ്റണം, ലോകത്തുള്ള ആളുകളുമായി സംസാരിക്കണം. മകന്റെ സ്വപ്‌നങ്ങൾക്ക്‌ ചിറകായി ഗോപകുമാറുണ്ട്‌, ഒപ്പം ധന്യയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top